Malayalam
ക്രൈംബ്രാഞ്ച് പറയുന്നിടത്ത് പറയുന്ന സമയത്ത് ചോദ്യം ചെയ്യാന്‍ എത്തണം; കാവ്യയെ ചോദ്യം ചെയ്യാനുള്ള കാര്യത്തില്‍ തീരുമാനമായെന്ന് റിപ്പോര്‍ട്ടുകള്‍
ക്രൈംബ്രാഞ്ച് പറയുന്നിടത്ത് പറയുന്ന സമയത്ത് ചോദ്യം ചെയ്യാന്‍ എത്തണം; കാവ്യയെ ചോദ്യം ചെയ്യാനുള്ള കാര്യത്തില്‍ തീരുമാനമായെന്ന് റിപ്പോര്‍ട്ടുകള്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ സംഭവിക്കുന്ന സംഭവ വികാസങ്ങള്‍ മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ക്രൈംബ്രാഞ്ച് തലവനായിരുന്ന എസ് ശ്രീജിത്തിന്റെ മാറ്റവും ഏറെ വിവാദത്തിലായിരുന്നു. അതും കേസ് അവസാന ഘട്ടത്തിലേയ്ക്ക് നീങ്ങുന്ന വേളയിലാണ് ഈ അപ്രതീക്ഷിത മാറ്റം. അതുകൂടാതെ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതി രേഖകള്‍ ചോര്‍ന്നു എന്നുളള ആരോപണവും വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ദിലീപിന്റെ ഫോണിലേക്ക് കോടതിയില്‍ നിന്ന് നിര്‍ണായകമായ രേഖകള്‍ എത്തി എന്നായിരുന്നു ആരോപണം. എന്നാല്‍ അവ രഹസ്യ രേഖകള്‍ അല്ലെന്നും എ ഡയറി ഉള്‍പ്പെടെ ഉളളവ ആണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ശ്രീജിത്തിന് പകരം ചുമതല നല്‍കിയത് ഷേഖ് ദര്‍വേഷ് സാഹിബായിരുന്നു. എന്നാല്‍ ഇപ്പോഴിതാ കാവ്യയെ ചോദ്യം ചെയ്യാനുള്ള കാര്യത്തില്‍ തീരുമാനമാരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന വിവരം. ക്രൈംബ്രാഞ്ച് പറയുന്നിടത്ത് പറയുന്ന സമയത്ത് ചോദ്യം ചെയ്യാന്‍ എത്തണമെന്നാണേ്രത അറിയിച്ചിരിക്കുന്നത്. കേസില്‍ നടി കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് നല്‍കിയിരുന്നു എങ്കിലും കാവ്യ ചോദ്യം ചെയ്യലിന് എത്തിയിരുന്നില്ല. കാവ്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലുള്ള ശബ്ദരേഖകള്‍ പുറത്തെത്തിയതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം കാവ്യയെ ചോദ്യം ചെയ്യുന്നതിനായി നോട്ടീസ് നല്‍കിയിരുന്നത്.
ആലുവയിലെ വസതിയായ പത്മസരോവരത്തില്‍ മാത്രമേ ചോദ്യം ചെയ്യല്‍ നടക്കൂവെന്ന് കാവ്യ അറിയിച്ചതിന് പിന്നാലെ ചോദ്യം ചെയ്യല്‍ അനിശ്ചിതത്വത്തിലേയ്ക്ക് പോകുകയായിരുന്നു. ഡിജിറ്റല്‍ തെളിവുകളുടെ സാന്നിധ്യത്തിലാണ് കാവ്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നത് എന്നായിരുന്നു വിവരം.
എന്നാല്‍ ദിലീപിന്റെ സാന്നിധ്യത്തിലുള്ള വീട്ടില്‍ വെച്ച് ഇത് പ്രായോഗികമല്ല എന്നുള്ളതുകൊണ്ടാകണം ചോദ്യം ചെയ്യല്‍ നീട്ടിവെച്ചതെന്നാണ് കരുതേണ്ടത്. ഇതിനെല്ലാം പിന്നാലെയായിരുന്നു ശ്രീജിത്തിന്റെ മാറ്റം. അന്വേഷത്തിന്റെ ഏറ്റവും സുപ്രധാന ഘട്ടമായിരുന്നു ഇത്. ഇനി കാവ്യ ഉള്‍പ്പെടെ ഉള്ളവരെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. മൊഴി എടുക്കേണ്ടവരുടെ ലിസ്റ്റ് ശ്രീജിത്ത് തയ്യാറാക്കിയിരുന്നു. ശ്രീജിത്തിന്റെ മാറ്റത്തോടെ കാവ്യയുടെ ചോദ്യം ചെയ്യലും പെരുവഴിയിലായിരിക്കുകയാണ് എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിലും ദിലീപ് മുഖ്യപ്രതിയായ വധഗൂഢാലോചനക്കേസിലും ഇനി ചോദ്യംചെയ്യേണ്ടവരുടെയും പ്രോസിക്യൂഷന്‍ സാക്ഷികളാക്കേണ്ടവരുടെയും പട്ടിക ഇരുഅന്വേഷണ സംഘങ്ങളും തയ്യാറാക്കി എന്നാണ് പുതിയ റിപ്പോര്‍ട്ട്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന ക്രൈംബ്രാഞ്ച് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെയാണിത്. കാവ്യാമാധവനുള്‍പ്പെടെ 12പേരാണ് ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയിലുള്ളത്. ഇവരെ വരുംദിവസങ്ങളില്‍ വിളിച്ചുവരുത്തും. ഇരുകേസുകളിലുമായി നൂറിലധികം പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്തമാസം 30നകം തുടരന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
രണ്ടായിരത്തി പതിനേഴില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ദൃശ്യങ്ങള്‍ കോടതി മുറയില്‍ ആക്‌സസ് ചെയ്യപ്പെട്ടു എന്നതിന്റെ പരിശോധന വളരെ പ്രധാനമാണ്. പ്രധാനമായും രണ്ട് സാധ്യതകള്‍ ആണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഒറിജിനല്‍ ഫയല്‍ എഡിറ്റു ചെയ്യപ്പെട്ടോ, അല്ലെങ്കില്‍ ഒറിജിനല്‍ ഫയല്‍ തന്നെ മാറിയോ എന്നാണ് ഉദ്യോഗസ്ഥരുടെ പ്രധാന സംശയം. ഇതില്‍ എന്ത് തന്നെ ആയാലും അത് വിധിയെത്തന്നെ മാറ്റിമറിക്കുന്ന ഒന്നാണ്.
ഇക്കാര്യത്തില്‍ അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ടും വൈകുകയാണ്. ഫോറന്‍സിക് റിപ്പോര്‍ട്ട് വൈകുന്നത് ചില ഉന്നതതല സമ്മര്‍ദ്ദങ്ങള്‍ കാരണമാണെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. അതുമാത്രമല്ല, കേസന്വേഷണം വൈകിപ്പിക്കുന്നതിന് വേണ്ടി ഹൈക്കോടതിയിലെ ചില മുതിര്‍ന്ന അഭിഭാഷകര്‍ ശ്രമിക്കുന്നുണ്ട്. സമീപ കാലത്ത് പുറത്തുവന്ന അഭിഭാഷകരും സാക്ഷികളും തമ്മിലുള്ള ശബ്ദരേഖകള്‍ പുറത്തുവന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചില അഭിഭാഷകര്‍ കോടതിയെ തന്നെ സമീപിച്ചിട്ടുണ്ട്.
എല്ലാം കൊണ്ടും ദിലീപിന്റെ അഭിഭാഷകര്‍ വലിയ ആത്മവിശ്വാസത്തിലാണ്. ദിലീപിനെതിരായ രണ്ട് സുപ്രധാന മൊഴികളും സാക്ഷികള്‍ കൂറുമാറിയ സാഹചര്യത്തില്‍ നിലനില്‍ക്കുന്നില്ല. കിനാലൂരിലെ റിസോര്‍ട്ടില്‍ ദിലീപിനൊപ്പം പള്‍സര്‍ സുനിയെ കണ്ടു എന്ന് മൊഴി നല്‍കിയ സാക്ഷിയും പള്‍സര്‍ സുനിക്ക് ദിലീപ് പണം കൈമാറിയത് അറിയാമെന്ന് മൊഴി നല്‍കിയ സാക്ഷി ക്രോസ് വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. നിലവില്‍ അന്വേഷണ സംഘം ഹാജരാക്കിയ തെളിവുകളില്‍ ദിലീപിനെ നേരിട്ട് കുറ്റകൃത്യത്തില്‍ കണക്ട് ചെയ്യാവുന്ന വസ്തുതകള്‍ ഇല്ലെന്നാണ് അഭിഭാഷകരുടെ വിശ്വാസം.