Connect with us

കോവിഡ് അവസാനിക്കുമെന്ന് പ്രവചിച്ച ജ്യോതിഷി മരണമടഞ്ഞു; മാലാ പാർവതിയുടെ കുറിപ്പ്

Malayalam

കോവിഡ് അവസാനിക്കുമെന്ന് പ്രവചിച്ച ജ്യോതിഷി മരണമടഞ്ഞു; മാലാ പാർവതിയുടെ കുറിപ്പ്

കോവിഡ് അവസാനിക്കുമെന്ന് പ്രവചിച്ച ജ്യോതിഷി മരണമടഞ്ഞു; മാലാ പാർവതിയുടെ കുറിപ്പ്

മെയ് പകുതിയോടെ കോവിഡ് അവസാനിക്കുമെന്ന് പ്രവചിച്ച ജ്യോതിഷി മരിച്ചത് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചയായ വാർത്തയായിരുന്നു. ഇപ്പോഴിതാ അങ്ങനെൊരു ജ്യോതിഷിയുടെ കഥയുമായി എത്തുകയാണ് നടി മാലാ പാർവതി. പണ്ട് കോളജിൽ പഠിക്കുമ്പോള്‍ ഉണ്ടായ രസകരമായ സംഭവമാണ് മാല പാർവതി കുറിച്ചത്

മാലാ പാർവതിയുടെ കുറിപ്പ് വായിക്കാം:

വിമെൻസ് കോളജ് ഓർമ്മ

മെയ് പകുതിയോടെ കോവിഡ് അവസാനിക്കുമെന്ന് പ്രവചിച്ച ജ്യോതിഷി കൊറോണ ബാധിച്ച് മരിച്ചു എന്ന വാർത്ത ശ്രദ്ധയിൽ പെട്ടപ്പോഴാണ് വിമൻസ് കോളജിലേയ്ക്ക് മടങ്ങിയത്. കുറച്ച് ദിവസമായി മുടങ്ങി കിടന്ന ഓർമ കുറിപ്പ് തുടരുന്നു.

കർണ്ണാടകത്തിൽ പഠിക്കാൻ പോയ, കൂട്ടുകാരിയുടെ കാമുകനെ വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. അവൾ വിളിക്കുന്ന സമയത്ത് ആ പയ്യൻ ക്ലാസ്സിലായിരിക്കും. വീട്ടിലേക്ക് വന്ന കത്ത് വീട്ടിൽ പിടിച്ചു എന്നറിയിക്കാൻ പറ്റാതെ അവൾ വിഷമിക്കുകയായിരുന്നു. അമ്മ ഒരുക്കുന്ന റൂം ക്വാറന്റീനിലേക്കും, അവിടുന്നു നേരെ വിവാഹ മണ്ഡപത്തിലേക്കും എത്തിയേക്കുമെന്ന വാർത്ത, അവൾ പറഞ്ഞത് കേട്ട് ഞങ്ങൾ എല്ലാവരും, വിഷമിച്ചു. പഠിച്ചു കൊണ്ടിരിക്കുമ്പോൾ കല്യാണം നിശ്ചയിക്കപ്പെടുന്ന പെൺകുട്ടികളുടെ എണ്ണം വളരെ കൂടുതലായിരുന്നു. “ഇന്നെത്രപേരാ” എന്ന് കൊറോണയെ കുറിച്ച് ചോദിക്കുന്ന പോലെ വേണമെങ്കിൽ ചോദിക്കാമായിരുന്നു.

അവളുടെ സങ്കടത്തിന് പരിഹാരമുണ്ടോ എന്നന്വേഷിച്ചാണ് പാറ കോവിലിനടുത്ത് താമസിക്കുന്ന സിദ്ധ പുരുഷനെ തേടി ഇറങ്ങിയത്.അന്നെത്തിയത് വിക്രമൻ ആസാമിയുടെ പുരയിലായിരുന്നു. കള്ളും ,കഞ്ചാവുമൊക്കെയായി കഴിഞ്ഞിരുന്ന ഒരാള് ! അമ്മച്ചി ഇടപെട്ടത് കൊണ്ട്, അന്നവിടെ നിന്ന് രക്ഷപ്പെട്ടു.

പക്ഷേ ഭാവി !അത് അറിയാതെ നിവൃത്തിയില്ലായിരുന്നു. വീട്ടുകാര്‍ തീരുമാനിച്ച കല്യാണം നടക്കുമോ? കാമുകൻ ചതിക്കുമോ? കാമുകനെ ഫോണിൽ കിട്ടുമോ, തുടങ്ങിയ ധാരാളം പ്രശ്നങ്ങൾക്ക് ഉത്തരം അറിയേണ്ടിയിരുന്നു. മുന്നിൽ തെളിഞ്ഞ ഒരേയൊരു വഴിയാണ് ജോത്സ്യനെ കാണുക എന്നത്.

ഇടക്കാലത്ത് ,കേരളത്തിൽ വലിയ പ്രശസ്തിയുണ്ടാക്കിയെടുത്ത ഒരു ജോത്സ്യനെയാണ് ഞങ്ങൾ കാണാൻ തീരുമാനിച്ചത്.ഈ കാര്യങ്ങളിലൊക്കെ ഞങ്ങളെ ഉപദേശിക്കുന്നത് വീണയാണ്. ഈ ജോത്സ്യൻ അന്ന്, ഇന്നത്തെ പോലെ, പ്രശസ്തനല്ലായിരുന്നു. പേരൂർക്കടയിലായിരുന്നു ആ കാലത്ത് പുളളിയുടെ ജ്യോതിഷാലയം.

ഞങ്ങൾ ഓട്ടോ പിടിച്ചു. നേരെ പേരൂർക്കടയ്ക്ക്. കൂട്ടുകാരിയുടെ ജീവിത പ്രശ്നമാണ്. ഉത്തരവാദിത്വത്തോടെ ഞങ്ങൾ പുറപ്പെട്ടു. ആൾ എന്തെല്ലാമോ പറഞ്ഞു. ചൊവ്വയെന്നോ, രാഹുവെന്നോ.. എന്തൊക്കെയോ. വീണയും, ഞാനും, കാത്തുവും ആണ് പോയത്. അരുടെയെങ്കിലും പ്രേമം തകരുന്നതിൽ ഏറ്റവും സങ്കടം കാത്തുവിനാണ്.പെൺകുട്ടികളുടെ, ഒരുവിധ പെട്ട കഥകളെല്ലാം അറിയുന്നത് അവൾക്കാണ്. എന്തുകൊണ്ടോ ,അവളോടാണ് എല്ലാവരും മനസ്സ് തുറക്കാറ്. അവളാണെങ്കിൽ, സാന്ത്വനിപ്പിച്ചും, ധൈര്യം പകർന്നും എല്ലാ കഥകളും കേട്ടിരിക്കും. കൂടെ കരയുകയും ചെയ്യും.

രാഹുവും കേതുവും, പക്ഷേ കാത്തുവിനും പിടി കിട്ടുന്നുണ്ടായിരുന്നില്ല. വീണയാണ് മിടുക്കി. അവൾ എല്ലാം തല കുലുക്കി കേട്ടു. ഇടയ്ക്ക് സംശയങ്ങളും ചോദിക്കുന്നുണ്ടായിരുന്നു. അപ്പോ ചൊവ്വ ? ശുക്രൻ വരൂല്ലേ എന്നൊക്കെ? ഒടുവിൽ ജോത്സ്യൻ പ്രവചിച്ചു. കാമുകൻ ചതിക്കും. ചതിക്കും! അയാൾ തീർത്തു പറഞ്ഞു. ചെക്കന് വരുമാനമുണ്ടാകണമെങ്കിൽ ഇനിയും 5 കൊല്ലം കഴിയുമെന്നും, അതിന് മുമ്പേ പെണ്ണിനെ കെട്ടിച്ച് വിടുമെന്നും അയാൾ ഉറപ്പിച്ച് പറഞ്ഞു. എല്ലാവരും സങ്കടത്തിലായി. അയാൾക്ക് ഫീസും കൊടുത്ത് ഇറങ്ങി. കോളജിൽ വന്ന് വിശേഷമൊക്കെ പറഞ്ഞ് പിരിഞ്ഞു.അന്ന് വിശേഷിച്ച് ഒന്നുമുണ്ടായില്ല. പ്രശ്നങ്ങൾ തുടങ്ങിയത് അന്ന് രാത്രിയാണ്..

സന്ധ്യയായപ്പോൾ മുതൽ എന്റെ കണ്ണിൽ ആ മനുഷ്യന്റെ മുഖം. അയാളെ കാണണം കാണണമെന്ന് വല്ലാത്ത ഒരു തോന്നൽ. ആ ജോത്സ്യന്റെ ഉണ്ട കണ്ണും, തടിച്ച മുഖവും.. കണ്ണിൽ നിന്ന് മായുന്നില്ല. മനസ്സിനെ നിയന്ത്രിക്കാൻ പറ്റാത്ത ഒരു അവസ്ഥ. പ്രേമം ഉണ്ടാകുമ്പോൾ തോനുന്നതിനേക്കാൾ തീവ്രം. കാര്യകാരണങ്ങൾ ഒന്നുമില്ല. അങ്ങനെ ആകർഷണം തോന്നുന്ന ഒന്നും ആ മനുഷ്യനിൽ ഉണ്ടായിരുന്നില്ല താനും.ഞാൻ പോയി അച്ഛന്റടുത്ത് കാര്യം പറഞ്ഞു. ” മയക്കുമരുന്നൊക്കെ സ്പ്രേ ചെയ്യും മോളെ.ഭയങ്കര കള്ളന്മാരാ ഇവരൊക്കെ. മോള് പോയി കുളിച്ച്, പ്രാർത്ഥിച്ചുറങ്ങിക്കോ അച്ഛൻ ഉപദേശിച്ചു. ഞാൻ അന്ന് കുറേ നേരം പൂജാമുറിയിലിരുന്നു. മനസ്സിൽ ഇയാള് തന്നെ. ഞാൻ വല്ലാതെ ഭയന്ന്, അച്ഛൻറടുത്ത് പോയി ഇരുന്നു. അച്ഛൻ.. ഒന്നും ചോദിച്ചില്ല.പകരം കഥകൾ പറയാൻ തുടങ്ങി. അനാചരങ്ങൾക്കെതിരെ ശ്രീ നാരായണ ഗുരുസ്വാമി നടത്തിയിരുന്ന പ്രവർത്തനങ്ങൾ ഒക്കെ പറഞ്ഞു തന്നു.അത് കേട്ട് കേട്ട് ഞാനുറങ്ങി.

കാലത്തെ എഴുന്നേറ്റ്, കോളജിൽ പോകാൻ റെഡിയായി.മനസ്സ് വല്ലാത്ത ഒരവസ്ഥയിലായി. ഇങ്ങനെയൊരു ചിന്ത വന്നല്ലോ എന്നൊക്കെ ആലോചിച്ചു, വിഷമിത്തിലായി..നീ മണ്ടിയാണോ? എന്നൊക്കെ ചോദിച്ച് അച്ഛൻ സമാധാനിപ്പിച്ചാണ് വിട്ടത്.

ഞാൻ കോളജിൽ എത്തി. മരം മൂട്ടിൽ, കാത്തു മാത്രമേയൊള്ളു. വേറെ ആരെയും കണ്ടില്ല. എന്നെ കണ്ടതും അവൾ ഓടി വന്നു .. “കൊച്ചേ.. എനിക്കൊരു കാര്യം പറയാനുണ്ടേ..” “എങ്ങനെ പറയണമെന്നറിയില്ല.” “എനിക്ക് ആകെ എന്തോ പോലെ..!” ഞാൻ അവളുടെ മുഖത്ത് നോക്കി.. പേരൂർക്കട ജോത്സ്യന്റെ പേര് പറഞ്ഞു. കാത്തുവിന്റെ ടിപ്പിക്കൽ ഒരു എക്സ്പ്രഷനിൽ അവള് ഞെട്ടി തെറിച്ച് കൊണ്ട് ചോദിച്ചു.. “അതെന്തുകൊച്ചെ അങ്ങെനെ.,”ഞാനും പെട്ടു. എന്റെ കാര്യം ഞാനും പറഞ്ഞു. അച്ഛൻ പറഞ്ഞതൊക്കെ ഞാൻ പറഞ്ഞു കൊടുത്തു. അത്ര വിശ്വാസമായോ അവൾക്കെറിയില്ല.. ” വീണ വരട്ടെ.. കൊച്ചേ. അവൾക്ക് എന്തെങ്കിലും പറ്റിയോന്നറിയാലോ..” ഞങ്ങൾ അവളെയും കാത്ത് മരം മൂട്ടിലിരുന്നു.

കുറച്ച് കഴിഞ്ഞ് വീണ വന്നു. പാഞ്ഞാണ് അവൾടെ വരവ്. “എടി, കൊച്ചെ , നമ്മളിന്നലെ കണ്ട ആളില്ലെ.. അയാൾ ഒരു സാധാരണ ജോത്സ്യനല്ല. എന്തെക്കെയോ സിദ്ധിയുണ്ട് കേട്ടോ. അയാളുടെ മുഖം കണ്ണിന്റെ മുമ്പിലുണ്ട്. വല്ലത്ത ഒരു കഴിവ് തന്നെ.

അപ്പോഴേക്കും ഞങ്ങൾക്ക് കാര്യം മനസ്സിലായി.. ഏതോ ആകർഷണ ഏലസ്സിന്റെ വിക്രിയകളാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. “അത് ശരി! അയാള് കോഴിയായിരുന്നല്ലേ.. ” വീണയ്ക്ക് വെളിവ് തിരിച്ച് കിട്ടി. “അയ്യോ ഞാൻ വൃന്ദയെയും, ശ്രീ കുട്ടിയെയും, ഓട്ടോയിൽ കേറ്റി അങ്ങോട്ട് വിട്ടതേയൊള്ളു.! കേട്ട പാതി, കേൾക്കാത്ത പാതി.. ഞങ്ങൾ ബാഗും എടുത്തോടി…മറ്റൊരോട്ടോയിൽ.. ചേയ്സ്..!

അയാളുടെ മുറിയിൽ കയറുന്നതിന് മുമ്പ് തടയണം. അതായിരുന്നു ഉദ്ദേശം. പക്ഷേ ലേറ്റായി പോയി. അവര്‍ മുറിയിൽ കയറി കഴിഞ്ഞിരുന്നു . വിളറിയ മുഖവുമായി ഞങ്ങൾ പുറത്ത് വഴക്കടിച്ച് നിന്നു. അവരെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് കൊണ്ട്, എല്ലാ പ്രശ്നവും വീണയുടേത് മാത്രമായി..

കുറച്ച് കഴിഞ്ഞ് വൃന്ദയും ശ്രീകുട്ടിയും വന്നു. അയാള്‍ നമ്മള് വന്നില്ലേയെന്ന് ചോദിച്ച് പോലും. ആർക്കും ഒന്നും പറയാനില്ലാതെ ഞങ്ങൾ കോളജിൽ തിരിച്ചെത്തി.

വീണയുടെ വീട്ടിലാണ് ഞങ്ങൾ അന്ന് രാത്രി നിന്നത്. അത് നേരത്തെ തീരുമാനിച്ച മറ്റൊരു കാരണത്താലാണ്. ജാനുവിനെ കൊണ്ട് വിടാൻ ജാനുവിന്റെ അമ്മ ഉഷ ആന്റിയും വന്നിട്ടുണ്ടായിരുന്നു.എല്ലാവരും വർത്തമാനം പറഞ്ഞ് കൊണ്ട് മുൻവശത്തെ മുറിയിൽ ഇരിക്കുകയാണ്.

ഞങ്ങൾക്ക് തോന്നിയതാണെങ്കിലോ, എന്നറിയാൻ വൃന്ദയോടൊന്നും പറഞ്ഞിരുന്നില്ല. അത് കൊണ്ട് തന്നെ ഞങ്ങളുടെ ശ്രദ്ധ മുഴുവൻ വൃന്ദയിലായിരുന്നു. ഏഴ് മണി കഴിഞ്ഞപ്പോൾ, തൊട്ട്, അവളിലൊരു ഭാവമാറ്റം. ഇടത്തെ കൈ ഉയർത്തി ചൂണ്ട് വിരലും, തള്ള വിരലും കൊണ്ട് സ്റ്റെലായിട്ട് രണ്ട് കണ്ണുകളും അമർത്തുന്നു. തല വേദനിക്കുന്ന പോലെയോ, എന്തോ മായ്ച്ച് കളയുന്ന പോലെയോ പ്രയാസപ്പെടുന്നു. വീണയും ഞാനും, പതുക്കെ എഴുന്നേറ്റ് അകത്തെ മുറിയിലേക്ക് പോയി. കാത്തു കൂടെ വന്നു. എല്ലാവരും പരസ്പരം നോക്കി.. “കൊച്ചേ, അവൾക്ക് തുടങ്ങീന്ന് തോനുന്നു”, അത് പറഞ്ഞപ്പോൾ കാത്തുവിന് നല്ല സങ്കടമുണ്ടായിരുന്നു. ഞങ്ങൾക്കും! പക്ഷേ ചിരിയും അടക്കാൻ പറ്റുന്നില്ല. അമ്മാതിരി ആയിരുന്നു കാത്തുവിന്റെ മുഖം.

ഏതായാലും ഞങ്ങൾ വൃന്ദയെ, ഞങ്ങൾ നിൽക്കുന്നിടത്തേക്ക് വിളിച്ചു. വൃന്ദ വന്നതും… ഞങ്ങൾ ചോദിച്ചു.. എന്ത് കൊച്ചേ ? പേരൂർക്കട.. ജോത്സ്യനാ? ഞെട്ടി കൊണ്ട് വൃന്ദ മറുപടി പറഞ്ഞു .. “ആ “.. “അതെന്ത്?” അയ്യോ!” ആ ശ്രീകുട്ടിയുടെ കാര്യം എന്തായോ എന്തോ എന്നായി വീണ.അവളോട് എല്ലാം പറഞ്ഞിട്ടുണ്ട്.. കാത്തു സമാധാനിപ്പിച്ചു.

ഇന്നും ഞങ്ങൾ ഒരുമിച്ച് കൂടുമ്പോൾ, ഇത് പറഞ്ഞ് ചിരിക്കും. ചിരിക്കുന്നതിനിടയിലും ആരെങ്കിലും ഒരാളെങ്കിലും എന്തപകടമായേനെയെന്ന് ഓർമിപ്പിക്കും. ശരിയാ അത്.. ഞങ്ങളുടെ ഇടയിൽ നിലനിന്നിരുന്ന സ്നേഹമാണ്.. ഞങ്ങൾക്കന്ന് രക്ഷയായത്. ഞങ്ങളുടെ ഇടയിൽ രഹസ്യങ്ങൾ ഉണ്ടായിരുന്നില്ല. എന്തുണ്ടെങ്കിലും പറയും. അത് രക്ഷയായിരുന്നു. ഇന്നും രക്ഷയാണ്. ജഡ്ജ്മെന്റൽ അല്ലാത്ത, എന്തും പറയാൻ പറ്റുന്ന കൂട്ട്.. ഭാഗ്യമാണ്. കരുത്തും.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top