Malayalam
യൂട്യൂബ് വഴി മോശം ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പോലീസിൽ പരാതി നൽകി മാലാ പാർവതി
യൂട്യൂബ് വഴി മോശം ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പോലീസിൽ പരാതി നൽകി മാലാ പാർവതി
അമ്മയായും സഹനടിയായുമെല്ലാം മലയാള സിനിമാ ലോകത്ത് ശ്രദ്ധേയയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ യൂട്യൂബ് വഴി മോശം ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് സൈബർ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് നടി. മാലാ പാർവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ടാഴ്ച മുൻപാണ് മാലാ പാർവതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. സിനിമയിൽ നിന്നുള്ള ദൃശ്യങ്ങൾ എടുത്ത് എഡിറ്റ് ചെയ്ത് മോശമായ രീതിയിൽ ദൃശ്യങ്ങൾ ചില യൂട്യൂബർമാർ പ്രചരിപ്പിക്കുന്നു എന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. ഈ ദൃശ്യങ്ങളുടെ ലിങ്കുകൾ നടി തന്നെ പൊലീസിന് കൈമാറി.
ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷൻ കേസെടുക്കുകയും നടിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തുകയും ചെയ്തു. കേസിൽ അന്വേഷണം ആരംഭിച്ചതായി സൈബർ പൊലീസ് അറിയിച്ചു.
ദൃശ്യങ്ങൾ നീക്കം ചെയ്യുന്നതിനായി യൂട്യൂബിനെ സമീപിക്കും. ദൃശ്യങ്ങൾ അപ്ലോഡ് ചെയ്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നേരത്തെ, നടി ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നു എന്ന തരത്തിൽ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഇവയുടെ പിന്നിലെ സത്യാവസ്ഥ എന്താണെന്ന് മാലാ പാർവതി തന്നെ പറഞ്ഞിരുന്നു.
നടൻകൂടിയായ മുഹമ്മദ് മുസ്തഫ സംവിധാനംചെയ്ത മുറ എന്ന ചിത്രത്തിലെ ഒരു രംഗമാണിതെന്ന് മാലാ പാർവതി അറിയിച്ചിരുന്നു. മുറ എന്ന സിനിമയിൽ, Gym-ൽ വർക്ക് ഔട്ട് ചെയ്യുന്ന ഒരു രംഗമുണ്ട്. അത് എൻ്റെ വർക്ക് ഔട്ട് വീഡിയോ ആയി തെറ്റിദ്ധരിച്ച് പല മെസ്സേജ് ലഭിക്കുന്നുണ്ട്. മുറ എന്ന ചിത്രത്തിലെ ഒരു രംഗമാണത്.. സിനിമ കാണു. ആമസോൺ പ്രൈം വിഡിയോയിൽ കാണാം എന്നാണ് മാലാ പാർവതി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
