Actress
സ്റ്റേയും കടന്ന് ഹർജി കേരള ഹൈക്കോടതി തള്ളിയിട്ടും സർക്കാർ റിപ്പോർട്ട് പുറത്ത് വിടാൻ തയ്യാറാവുന്നില്ല, അതിന് പിന്നിൽ ആരുടെ താല്പര്യമാണ്; മാല പാർവതി
സ്റ്റേയും കടന്ന് ഹർജി കേരള ഹൈക്കോടതി തള്ളിയിട്ടും സർക്കാർ റിപ്പോർട്ട് പുറത്ത് വിടാൻ തയ്യാറാവുന്നില്ല, അതിന് പിന്നിൽ ആരുടെ താല്പര്യമാണ്; മാല പാർവതി
ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാമെന്ന് ഹൈക്കോടതി ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി നടി മാല പാർവതി. എന്ത് കൊണ്ട് സർക്കാർ ഇന്ന് തന്നെ റിപ്പോർട്ട് പുറത്ത് വിടുന്നില്ല എന്നും മാലാ പാർവതി ചോദിച്ചു. ഹേമ കമ്മീഷൻ രൂപീകരിച്ച മുതലുള്ള പ്രശ്‌നം തന്നെയാണ് ഇപ്പോഴും നേരിടുന്നത്. ആദ്യം ഹേമ കമ്മീഷനെ അധികാര പരിധികൾ ചുരുക്കി ഹേമ കമ്മറ്റിയാക്കി മാറ്റി.
പിന്നീട് സിനിമ മേഖലയിൽ നിന്നും പരാതിയായും മൊഴികളായും കമ്മറ്റി പഠിച്ച കാര്യങ്ങൾ പുറത്ത് വിടുന്നതിന് സ്വകാര്യത തടസ്സമാകുമെന്ന് കരുതി വിലക്കി. കോടതിയുടെ ഇടപെടലിൽ സുപ്രധാന പല പേജുകൾ ഒഴിവാക്കിയും വ്യക്തികളുടെ പേര് ഒഴിവാക്കിയും റിപ്പോർട്ട് പുറത്ത് വിടാൻ പിന്നീട് സർക്കാർ നിർബന്ധിതരായി.
അങ്ങനെ റിപ്പോർട്ട് പുറത്ത് വിടാൻ മണിക്കൂർ മാത്രം ബാക്കി നിൽക്കെയാണ് ഒരു സിനിമാ നിർമ്മാതാവിന്റെ പൊതുതാല്പര്യ ഹർജിയിൽ വീണ്ടും റിപ്പോർട്ട് പുറത്ത് വിടുന്നതിന് സ്റ്റേ ലഭിക്കുന്നത്. ആ സ്റ്റേയും കടന്ന് ഹർജി കേരള ഹൈക്കോടതി തള്ളിയിട്ടും സർക്കാർ റിപ്പോർട്ട് പുറത്ത് വിടാൻ തയ്യാറാവുന്നില്ല, അതിന് പിന്നിൽ ആരുടെ താല്പര്യമാണ്.
മറ്റേതൊരു തൊഴിൽ പോലെ തന്നെ സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള നിർണ്ണായക വെളിപ്പെടുത്തലുണ്ടായിട്ടും അഞ്ചു വർഷം കഴിഞ്ഞിട്ടും പുറത്ത് വിടാൻ കഴിയാത്തത് ഖേദകരമാണന്നും മാലാ പാർവതി പറഞ്ഞു.
അതേസമയം, റിപ്പോർട്ടിലെ വിവരങ്ങൾ വ്യക്തികളുടെ സ്വകാര്യതയെ ലംഘിക്കുന്നതാണെന്നും മൊഴി നൽകിയവരുടെ ജീവനു തന്നെ ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കൊച്ചി സ്വദേശിയായ സിനിമ നിർമാതാവ് സജിമോൻ പാറയിൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ ഹർജിയാണ് കോടതി തള്ളിയത്.