Malayalam
സാമ്പത്തിക തട്ടിപ്പു കേസ്; മേജര്‍ രവി സ്‌റ്റേഷനില്‍ ഹാജരായില്ല
സാമ്പത്തിക തട്ടിപ്പു കേസ്; മേജര്‍ രവി സ്‌റ്റേഷനില്‍ ഹാജരായില്ല
സാമ്പത്തിക തട്ടിപ്പു കേസില്‍ ചലച്ചിത്ര സംവിധായകനും നടനുമായ മേജര്‍ രവി സ്‌റ്റേഷനില്‍ ഹാജരായില്ല. മേജര്‍ രവി വ്യാഴാഴ്ച രാവിലെ 10ന് അമ്പലപ്പുഴ സ്‌റ്റേഷനില്‍ ഹാജരാകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. കേസില്‍ മറ്റൊരു പ്രതിയായ അനില്‍ നായര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഇയാള്‍ സ്‌റ്റേഷനില്‍ ഹാജരായി.
അമ്പലപ്പുഴ സ്വദേശി ഷൈന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മേജര്‍ രവിയും തണ്ടര്‍ ഫോഴ്‌സ് എന്ന സെക്യൂരിറ്റി കമ്പനി എംഡി അനില്‍ നായരും സ്‌റ്റേഷനില്‍ ഹാജരാകാന്‍ ഉത്തരവിട്ടിരുന്നത്. സ്‌റ്റേഷനില്‍ ഹാജരാകുന്ന ഇരുവരെയും അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
തണ്ടര്‍ഫോഴ്‌സ് എന്ന സെക്യൂരിറ്റി സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്നു പറഞ്ഞ് തന്നില്‍ നിന്ന് പലലപ്പാഴായി 2.10 കോടി രൂപ ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തുവെന്നാണ് ഷൈനിന്റെ പരാതി. മേജര്‍ രവിയുടെ അക്കൗണ്ടിലേക്കാണ് കൂടുതല്‍ തുകയും നല്‍കിയിരുന്നത്. മാസം 10 ലക്ഷം രൂപ വരുമാനം ലഭിക്കുമെന്ന ഉറപ്പിലാണ് ഈ തുക നല്‍കിയതെന്നും എന്നാല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയില്ലെന്നും നല്‍കിയ പണം തിരികെ ലഭിച്ചില്ലെന്നും ഷൈന്‍ ആരോപിച്ചു.
അമ്പലപ്പുഴ സ്‌റ്റേഷനില്‍ ഷൈന്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ഷൈന്‍ പറഞ്ഞു.. തുടര്‍ന്ന് ഷൈന്‍ കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് കോടതി നിര്‍ദേശ പ്രകാരമാണ് അമ്പലപ്പുഴ പൊലീസ് മേജര്‍ രവിക്കെതിരെയും അനില്‍ നായര്‍ക്കുമെതിരെ കേസെടുത്തത്.
എന്നാല്‍, താന്‍ സ്ഥലത്തില്ലെന്നും ഹാജരാകാന്‍ സാധിക്കില്ലെന്നും മേജര്‍ രവി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. അനില്‍ നായര്‍ വൈകിട്ടോടെ അമ്പലപ്പുഴ സ്‌റ്റേഷനില്‍ ഹാജരായി. മൊഴിയെടുത്ത ശേഷം ഇദ്ദേഹത്തെ പൊലീസ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി. പിന്നീട് ജാമ്യം നല്‍കി ഇയാളെ വിട്ടയച്ചു.
