Malayalam
മധ്യപ്രദേശ് സർക്കാരിന്റെ ദേശീയ ലതാ മങ്കേഷ്‌ക്കർ പുരസ്കാരം കെ എസ് ചിത്രയ്ക്ക്!
മധ്യപ്രദേശ് സർക്കാരിന്റെ ദേശീയ ലതാ മങ്കേഷ്‌ക്കർ പുരസ്കാരം കെ എസ് ചിത്രയ്ക്ക്!
2023-ലെ മധ്യപ്രദേശ് സർക്കാരിന്റെ ദേശീയ ലതാ മങ്കേഷ്‌ക്കർ പുരസ്കാരം വാനമ്പാടി, കെ എസ് ചിത്രയ്ക്ക്. ലതാ മങ്കേഷ്കറിന്റെ ജന്മദിനമായ സെപ്റ്റംബർ 28-നാണ് പുരസ്കാര വിതരണം. രണ്ടു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ലത മങ്കേഷ്‌കറുടെ സ്മരണയ്ക്കായി സംസ്ഥാന സർക്കാർ നിർമിച്ച ഓഡിറ്റോറിയത്തിൽ വെച്ചാണ് അവാർഡ് ദാന ചടങ്ങ് നടക്കുന്നത്.
2022-ലെ പുരസ്കാരം സംഗീത സംവിധായകൻ ഉത്തം സിംഗിനാണ് സമ്മാനിക്കുന്നത്. കോവിഡും ന്യുമോണിയയും ബാധിച്ച് 2022 ഫെബ്രുവരി ആറിന് ആയിരുന്നു ലത മങ്കേഷ്കറിന്റെ അന്ത്യം. മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000ത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്.
ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചു. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നുവട്ടം നേടിയിട്ടുണ്ട്. 1929 സെപ്‌റ്റംബർ 28 ന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കറിന്റെയും ശിവന്തിയുടെയും മൂത്ത മകളായി മധ്യപ്രദേശിലെ ഇൻഡോറിലാണ് ലത ജനിച്ചത്.
ലത പാടിയ പല ഗാനങ്ങളും ഇന്നും സംഗീതപ്രേമികളുടെ ഹൃദയത്തിലുണ്ട്. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ലിൽ സലിൽ ചൗധരിയുടെ സംഗീതസംവിധാനത്തിൽ ലത പാടിയ കദളീ ചെങ്കദളീ എന്ന ഗാനം എക്കാലത്തെയും ഹിറ്റുകളിലൊന്നാണ്. മലയാളത്തിൽ ലത പാടിയ ഏക ഗാനവും അതാണ്. ഏതാനും ഗാനങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ച ലത മങ്കേഷ്കർ നാലു ചിത്രങ്ങൾ നിർമിച്ചിട്ടുമുണ്ട്.