Malayalam
ടൊവിനോയുടെ എആർഎം ഇഷ്ടപ്പെട്ടില്ല, അതിനകത്ത് ചുമ്മാ അടിപിടിയല്ലേ…ഒരുപക്ഷെ ജനറേഷൻ ഗ്യാപ്പ് കൊണ്ടാകും; മധു
ടൊവിനോയുടെ എആർഎം ഇഷ്ടപ്പെട്ടില്ല, അതിനകത്ത് ചുമ്മാ അടിപിടിയല്ലേ…ഒരുപക്ഷെ ജനറേഷൻ ഗ്യാപ്പ് കൊണ്ടാകും; മധു
മലയാളികൾക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതയായ നടനാണ് മധു. ഇപ്പോഴിതാ താൻ ഒടുവിൽ കണ്ട സിനിമയെ കുറിച്ചും മറ്റും സംസാരിക്കുകയാണ് നടൻ. താൻ ഏറ്റവും ഒടുവിൽ കണ്ട സിനിമ ടോവിനോ തോമസ് നായകനായ ‘അജയന്റെ രണ്ടാം മോഷണം’ ആണെന്നാണ് നടൻ പറയുന്നത്.
ഞാൻ ഏറ്റവും ഒടുവിൽ കണ്ട സിനിമ ഏതാണെന്ന് ചോദിച്ചാൽ, ഇന്നലെ കണ്ട ഒരു സിനിമയാണ്. ടൊവിനോയുടെ അടിപിടി അക്രമമുള്ള ഒരു സിനിമയുണ്ടല്ലോ, എആർഎം… അതാണ് ഇന്നലെ കണ്ട് നിർത്തിയ സിനിമ. ആ പടം വളരെ ഇഷ്ടപ്പെട്ടില്ല. ഒരുപക്ഷെ ജനറേഷൻ ഗ്യാപ്പ് കൊണ്ടാകും. അതിനകത്ത് ചുമ്മാ അടിപിടിയല്ലേ. അത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയെന്ന് പറഞ്ഞാൽ എങ്ങനെയാണ്. എല്ലാ അടിപിടിയും നമ്മളെ വിഡ്ഢികളാക്കുന്നതല്ലേ.
ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. കുഞ്ഞിക്കേളു എന്ന യോദ്ധാവ്, കള്ളൻ മണിയൻ, അജയൻ എന്നിങ്ങനെ മൂന്നു കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ടൊവിനോയെ കൂടാതെ കൃതി ഷെട്ടി, സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ്, ബേസിൽ ജോസഫ്, സഞ്ജു ശിവറാം, ഹരീഷ് ഉത്തമൻ, രോഹിണി, ജഗദീഷ്, അജു വർഗീസ്, സുധീഷ്, ബിജു കുട്ടൻ എന്നിവരും പ്രധാന വേഷത്തിലുണ്ട്.
ബോക്സ് ഓഫീസിൽ 100 കോടിക്കു മുകളിൽ കളക്ട് ചെയ്ത ചിത്രം, മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ജോമോൻ ടി ജോൺ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം ദിബു നൈനാൻ തോമസാണ്.