Connect with us

“മാമാങ്കം സിനിമയുമായി ഇനി സജീവിന് യാതൊരു ബന്ധവുമില്ല , ഈ സംവിധായകനെ വച്ച് ഇനിയും നഷ്ടം വരുത്താൻ തയ്യാറല്ല “- വെളിപ്പെടുത്തലുമായി നിർമാതാവ് വേണു കുന്നപ്പിള്ളി !

Malayalam Breaking News

“മാമാങ്കം സിനിമയുമായി ഇനി സജീവിന് യാതൊരു ബന്ധവുമില്ല , ഈ സംവിധായകനെ വച്ച് ഇനിയും നഷ്ടം വരുത്താൻ തയ്യാറല്ല “- വെളിപ്പെടുത്തലുമായി നിർമാതാവ് വേണു കുന്നപ്പിള്ളി !

“മാമാങ്കം സിനിമയുമായി ഇനി സജീവിന് യാതൊരു ബന്ധവുമില്ല , ഈ സംവിധായകനെ വച്ച് ഇനിയും നഷ്ടം വരുത്താൻ തയ്യാറല്ല “- വെളിപ്പെടുത്തലുമായി നിർമാതാവ് വേണു കുന്നപ്പിള്ളി !

മാമാങ്കമെന്ന ചിത്രത്തെ പറ്റി വൻ വിവാദങ്ങളാണ് മലയാള സിനിമയിൽ അരങ്ങേറുന്നത് . ഒട്ടേറെ വാർത്തകൾ സിനിമയുമായി ബന്ധപ്പെട്ടു പുറത്തു വന്നു. എന്നാൽ സംഭവത്തിൽ ഇതുവരെ പ്രതികരിക്കാതിരുന്ന നിർമാതാവ് വേണു കുന്നപ്പിള്ളി രംഗത്തെത്തിയിരിക്കുകയാണ്. വളരെ വിശദമായൊരു കുറിപ്പാണു വേണു സജീവ് പിള്ളയ്ക്കെതിരെ നൽകിയിരിക്കുന്നത്. ഇനി മാമാങ്കവുമായി സജീവന് യാതൊരു ബന്ധമില്ലെന്നും വേണു കുന്നപ്പിള്ളി പറയുന്നു.

മാമാങ്കം നിർമാതാവ് വേണു കുന്നപ്പള്ളിയുടെ വിശദീകരണക്കുറിപ്പ്‌ താഴെ

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഞങ്ങളുടെ മാമാങ്കം സിനിമയെ സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ കൂടി നടക്കുന്ന അസത്യപ്രചരണങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു.

പ്രൊഡക്‌ഷന്‍ ഡിസൈനറായ വിവേക് രാമദേവന്‍ വഴിയാണ് 2017 ജനുവരിയില്‍ സിനിമയുടെ ആദ്യഘട്ട ചര്‍ച്ചകള്‍ക്കായി സജീവ്‌ പിള്ള എന്നെ സമീപിക്കുന്നത്. വിവേകിന്‍റെ വാക്കുകളില്‍ നിന്നും അദ്ദേഹത്തിന്‍റെ സുഹൃത്താണ് സജീവ്‌ എന്നും സജീവിന്‍റെ കഥയെക്കുറിച്ചും അറിയുന്നത്.

ഇത്തരമൊരു കഥ പറയേണ്ട പശ്ചാത്തലം നൂറ്റാണ്ടുകള്‍ക്ക് പിന്നിലായതുകൊണ്ടും നിര്‍മാണത്തിന് വലിയ മുടക്കുമുതല്‍ ആവശ്യം വരുമെന്ന് അറിയാവുന്നത് കൊണ്ടും ഒരു തുടക്കക്കാരനെ കൊണ്ട് ചിത്രം സംവിധാനം ചെയ്യിക്കാന്‍ ആദ്യം മനസ്സ് വന്നില്ലെങ്കിലും, താന്‍ പല മുന്‍നിര സംവിധായകരുടെയും അസോസിയേറ്റ് ആയും ചെറിയ ചില സിനിമകള്‍ സ്വതന്ത്രമായും എടുത്തിട്ടുണ്ടെന്ന സജീവ്‌ പിള്ളയുടെ വാക്കുകളെ വിശ്വസിച്ചു കൊണ്ടും ആത്മ വിശ്വാസത്തെ അംഗീകരിച്ചു കൊണ്ടുമാണ് ചില വ്യവസ്ഥകളോടെ സിനിമ ആരംഭിക്കാന്‍ തയ്യാറായത്.

കഥയുമായി ബന്ധപ്പെട്ട പല ചര്‍ച്ചകള്‍ക്കിടയിലും സജീവ്‌ മുന്‍പ് ചെയ്ത സിനിമകള്‍ കാണുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ഒഴിവുകഴിവുകള്‍ പറഞ്ഞ് അദ്ദേഹം ബോധപൂര്‍വം നീട്ടിക്കൊണ്ടു പോകുകയാണ് ഉണ്ടായത്.

അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ വിശ്വാസത്തില്‍ എടുത്തുകൊണ്ട് പരസ്പരമുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഒരു എഗ്രിമെന്റ് ഉണ്ടാക്കുകയും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടെന്നു പറഞ്ഞ രണ്ട് തിരുത്തലുകള്‍ക്ക് ശേഷം 13/9/17 ല്‍ ഇരു കക്ഷികളും മൂന്ന് സാക്ഷികള്‍ മുമ്പാകെ മുദ്രപത്രത്തില്‍ ഈ എഗ്രിമെന്റ് ഒപ്പിട്ടു കൈമാറുകയുണ്ടായി.

എഗ്രിമെന്റ് പ്രകാരം മൂന്ന് ലക്ഷം (300000/-) രൂപ സ്ക്രിപ്റ്റിന്‍റെ പ്രതിഫലമായും ഇരുപത് ലക്ഷം രൂപ സംവിധാനത്തിനുള്ള പ്രതിഫലവുമായാണ് നിശ്ചയിച്ചിരുന്നത്. ഇതില്‍ സ്ക്രിപ്റ്റിന്‍റെ മൂന്ന് ലക്ഷം (300000/-) രൂപ അടക്കം വരുന്ന ഇരുപത്തിമൂന്ന് ലക്ഷത്തില്‍ ഇരുപത്തിയൊന്ന് ലക്ഷത്തി എഴുപത്തയ്യായിരം (2175000/-)രൂപയും ഇതുവരെ കൊടുത്തിട്ടുള്ളതാണ്.  

എഗ്രിമെന്റിലെ മൂന്നാം പേജിലെ “D” clause പ്രകാരം മൂന്ന് ലക്ഷം പ്രതിഫലം വാങ്ങി സ്ക്രിപ്റ്റും അതിനോട് ബന്ധപ്പെട്ടുള്ള എല്ലാ അവകാശങ്ങളും, കഥ, തിരക്കഥ, സംഭാഷണം, കൺസപ്റ്റ്, എല്ലാ വിധത്തിലുമുള്ള പകർപ്പവകാശവും സംവിധായകന്‍ നിര്‍മാതാവിന് കൊടുത്തിട്ടുള്ളതാണ്.

സംവിധായകന്‍റെ പരിചയക്കുറവ് ആദ്യ ഷെഡ്യൂള്‍ ഷൂട്ട് തുടങ്ങുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ ബോധ്യം വന്നതിനാല്‍ പത്തു ദിവസം മാത്രമുള്ള ഒരു ടെസ്റ്റ്‌ ഷെഡ്യൂള്‍ ആയാണ് ഒരു നിശ്ചിത ബജറ്റില്‍ ആദ്യ ഷെഡ്യൂള്‍ മംഗലാപുരത്ത് പ്ലാന്‍ ചെയ്തത്.

എന്നാല്‍ പറഞ്ഞുറപ്പിച്ച ബജറ്റിന്‍റെ മൂന്നിരട്ടി ചിലവാകുകയും സിനിമയുടെ ക്വാളിറ്റി ഒരു തരത്തിലും ഉപയോഗിക്കാന്‍ പറ്റുന്നവണ്ണം ആയിരുന്നില്ല. എഡിറ്റിന് ശേഷമാണ് ക്വാളിറ്റിയെ കുറിച്ച് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. എന്നാല്‍ ഷൂട്ടിന്‍റെ ഇടയില്‍ തന്നെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കിടയിലും അഭിനേതാക്കള്‍ക്കിടയിലും സംവിധായകന്‍റെ പരിചയക്കുറവ് ചര്‍ച്ചയായിരുന്നു. ഏതാണ്ട് നാല് സിനിമയ്ക്കുള്ള ഫുട്ടേജ് ആണ് വളരെ ചെറിയ ഷെഡ്യൂളില്‍ ആത്മ വിശ്വാസക്കുറവ് കാരണം ഈ സംവിധായകന്‍ എടുത്ത് കൂട്ടിയത്.

ഇതിനെ തുടർന്ന് സംവിധായകന്‍ സജീവ്‌ പിള്ള തന്‍റെ കുറവുകള്‍ ഏറ്റുപറയുകയും പരിചയസമ്പത്തുള്ള രണ്ട് അസോസിയേറ്റ് ഡഡറക്ടര്‍മാരെ ആവശ്യപ്പെടുകയും ചെയ്തു. തെറ്റ് തിരുത്തി മുന്നോട്ടു പോകാമെന്നുള്ള സജീവിന്‍റെ ഉറപ്പിലാണ് ആവശ്യപ്പെട്ട പരിചയ സമ്പന്നരായ രണ്ട് അസോസിയേറ്റ്സിനെ ഉള്‍പ്പെടുത്തി രണ്ടാം ഷെഡ്യൂള്‍ ഷൂട്ട്‌ ആരംഭിച്ചത്.

45 ദിവസം പ്ലാന്‍ ചെയ്ത സെക്കൻഡ് ഷെഡ്യൂള്‍ ആരംഭിച്ചതിനു ശേഷം മുന്‍ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പുതിയ രണ്ട് അസോസിയേറ്റ്സിന്‍റെ സേവനം ഉപയോഗപ്പെടുത്തുവാനോ മുതിര്‍ന്ന അഭിനേതാവിന്‍റെ നിര്‍ദേശങ്ങള്‍ പോലും ചെവിക്കൊള്ളാതെ കര്‍ക്കശ സ്വഭാവം കാണിക്കുകയും ആദ്യ ഷെഡ്യൂള്‍ പോലെ തന്നെ സിനിമയില്‍ ഒരിക്കലും ഉപയോഗിക്കാന്‍ സാധിക്കാത്ത സീനുകള്‍ ആണെന്ന് ബോധ്യപ്പെട്ടതിനാല്‍ ഇരുപത്തിയേഴാം ദിവസം ഷൂട്ടിങ് നിര്‍ത്തിവെച്ചു.

സിനിമയുടെ ബഡ്ജറ്റ് നിജപ്പെടുത്തിയിരിക്കുന്നത് എഗ്രിമെന്റ് clause: 1-1.2. കൊടുത്തിട്ടുള്ളതാണ്. എന്നാല്‍ സിനിമയുടെ ആകെ ചെയ്ത 37 ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ ബജറ്റ് തുകയുടെ എഴുപത് ശതമാനത്തോളം ചിലവാകുകയും ഡാന്‍സ് ആൻഡ് ഫൈറ്റ് മാസറ്റേർസ് ചെയ്ത രണ്ട് ഡാന്‍സുകളും ഒരു ഫൈറ്റും അല്ലാതെ മറ്റൊരു ഭാഗവും ഈ സിനിമക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. ഇക്കാര്യം മലയാള സിനിമയിലെ പല പ്രമുഖ സംവിധായകരും സാങ്കേതിക വിദഗ്ദ്ധരും കണ്ട് ബോധ്യപ്പെട്ടതാണ്. 

ഈ സിനിമ മുന്നോട്ടു കൊണ്ടുപോകാനായി മുതിര്‍ന്ന അഭിനേതാവിന്‍റെ മധ്യസ്ഥതയില്‍ പ്രധാനപ്പെട്ട എല്ലാവരും ചേര്‍ന്ന് ഒരു മീറ്റിങ് നടത്തുകയും ഒരു ക്രിയേറ്റീവ് ഡയറക്ടറെ വച്ച് മുന്നോട്ടു പോകാന്‍ തീരുമാനിച്ചു പിരിയുകയും ഡയറക്ടര്‍ ഏകപക്ഷീയമായി ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിയുകയും ഉണ്ടായി. ഇതിനു ശേഷം ഒന്നും സംഭവിച്ചതായി ഭാവിക്കാതെ എന്നാല്‍ പിന്നീട് കോടതിയില്‍ ഉപയോഗിക്കാനാണെന്ന് വ്യക്തമാകുന്ന വിധത്തില്‍ ജൂലൈ 13, ഒക്ടോബര്‍ 7 എന്നീ ദിവസങ്ങളില്‍ ഞാന്‍ ഭംഗിയായി ഷൂട്ട്‌ ചെയ്തെന്നും ഇനിയെന്നാണ് അടുത്ത ഷൂട്ടിങ് എന്നെല്ലാം ചോദിച്ചു കൊണ്ട് ഡയറക്ടര്‍ ഇമെയില്‍ സന്ദേശം അയച്ചു. ഇതില്‍ നിന്ന് ഇദ്ദേഹവുമായി മുന്നോട്ടു പോകാന്‍ സാധ്യമല്ല എന്ന് ബോധ്യപ്പെട്ടതിനാല്‍ 13/9/2017 ലെ എഗ്രിമെന്റിലെ clause 7-2.5 അനുസരിച്ച് 10/10/2018 ല്‍ ടെര്‍മിനേഷന്‍ നോട്ടീസ് അയച്ചിട്ടുള്ളതുമാകുന്നു.

എങ്കിലും 12/11/2018 ല്‍ ഫിലിം ചേംബറും ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേര്‍ന്നൊരു മീറ്റിംഗ് സംഘടിപ്പിക്കുകയും അതില്‍ ഡയറക്ടറും പ്രൊഡ്യൂസറും കൂടാതെ പത്ത് യൂണിയന്‍ പ്രതിനിധികളും ഉണ്ടായിരുന്നു. പ്രസ്തുത മീറ്റിങ്ങില്‍ വിഷയം എങ്ങനെ തീര്‍പ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന അസോസിയേഷനുകളുടെ ചോദ്യത്തിന് ഞാന്‍ ചില ഓപ്ഷന്‍സ് പറയുകയുണ്ടായി.

സജീവ്‌ പിള്ള മറ്റേതെങ്കിലുമൊരു നിര്‍മാതാവുമായി വന്നാല്‍ ചിലവായ തുകയ്ക്ക് പകരമായി (ഓഡിറ്റ് ചെയ്ത കണക്ക് പ്രകാരം) മുഴുവന്‍ അവകാശങ്ങളും ഇതുവരെ ഷൂട്ട്‌ ചെയ്ത ഫുട്ടേജും കൊടുക്കാന്‍ തയാറാണ് എന്നതായിരുന്നു.


ഈ സംവിധായകനെ വച്ചു കൂടുതല്‍ നഷ്ടം വരുത്താന്‍ ഇനിയും കഴിയാത്തതിനാല്‍ സിനിമ ഇവിടെ വച്ചു നിര്‍ത്താന്‍ നിര്‍ബന്ധിതനാവുകയാണ്. 13/7/17 ല്‍ ഒപ്പ് വച്ച എഗ്രിമെന്റ് പ്രകാരം സംവിധായകനെ മാറ്റി പകരം മറ്റൊരാളെ നിയോഗിക്കാനുള്ള അധികാരം നിര്‍മാതാവിന് ഉണ്ടായിരിക്കും

എന്നാല്‍ മറ്റൊരു നിര്‍മാതാവിനെ കൊണ്ടുവരാന്‍ തനിക്കാവില്ലെന്ന് സജീവ്‌ പിള്ള തുറന്നു സമ്മതിക്കുകയും, ഇത്രയധികം ചിലവ് ചെയ്ത ശേഷം സിനിമ നിര്‍ത്തി പോകേണ്ടി വരുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ലെന്നും, എന്നാല്‍ സംവിധായകനെ മാറ്റുന്നത് ചില പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും ആയതിനാല്‍ മറ്റൊരു സീനിയര്‍ സംവിധായകനെ കൊണ്ടുവന്ന് സിനിമ പൂര്‍ത്തിയാക്കണം എന്നും അസോസിയേഷന്‍സ്‌ അഭിപ്രായപ്പെട്ടു.

അങ്ങനെ എല്ലാവരും ചേര്‍ന്ന് എടുത്ത തീരുമാന പ്രകാരം ഒരു സീനിയര്‍ സംവിധായകനെ വച്ച് സിനിമയുടെ ഷൂട്ടിങ്ങും അനുബന്ധ ജോലികളും മുഴുമിപ്പിക്കാന്‍ തീരുമാനിച്ചു. പുതിയ സംവിധായകനെ തീരുമാനിക്കാനുള്ള അവകാശം പ്രൊഡ്യൂസറെ ഏല്‍പ്പിക്കുകയും അസോസിയേഷന്‍ ഭാരവാഹികളും പ്രൊഡ്യൂസറും ഡയറക്ടറും മീറ്റിംഗ് മിനിറ്റ്സില്‍ ഒപ്പിട്ടിട്ടുള്ളതാണ്. 

ഇതേ തുടര്‍ന്ന് നിർമാതാക്കളുടെ അസോസിയേഷനും ഫെഫ്ക്കയും ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ സീനിയര്‍ സംവിധായകനായ എം പദ്മകുമാരിന്‍റെ പേര് പരാമര്‍ശിക്കുകയും, പദ്മകുമാറുമായി സംസാരിക്കുകയും ചെയ്തു. എന്നാല്‍ തനിക്ക് ഇത്തരം പ്രശ്നങ്ങള്‍ നില നില്‍ക്കുന്നതിനാല്‍ ഈ ചിത്രം ചെയ്യാന്‍ താല്പര്യക്കുറവുണ്ടെന്നും തന്നെ ഒഴിവാക്കി തരണമെന്നും പദ്മകുമാര്‍ ഫെഫ്ക്കയോടും പ്രൊഡ്യൂസേഴ്സ് അസോസിയേഷനനോടും ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ രണ്ട് അസോസിയേഷനുകളുടെയും ശക്തമായ ആവശ്യ പ്രകാരമാണ് എം പദ്മകുമാര്‍ ഈ പ്രോജക്റ്റ് ഏറ്റെടുത്തിട്ടുള്ളത്. 

ഏറ്റെടുക്കുന്നതിനു മുന്‍പ് മുന്‍ സംവിധായകന്‍ സജീവ്‌ പിള്ളയുമായി അസോസിയേഷന്‍ ഭാരവാഹികള്‍ക്കൊപ്പം പദ്മകുമാര്‍ സംസാരിക്കുകയും സജീവ്‌ പിള്ള സഹകരിക്കാമെന്ന് പറയുകയും ചെയ്തതിനെ തുടര്‍ന്നാണ്‌ എം. പദ്മകുമാര്‍ ഈ സിനിമ ചെയ്യാന്‍ സമ്മതം അറിയിച്ചത്. തുടര്‍ന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എം. പദ്മകുമാറിനെ വച്ച് സിനിമ പൂര്‍ത്തിയാക്കുവാനും കാര്യങ്ങള്‍ സുഗമമായി നടത്താനായി അസോസിയേഷന്‍റെ ഭാഗത്ത് നിന്നും ശ്രീ. രാധാകൃഷ്ണനെ ചുമതലപ്പെടുത്തുകയും ചെയ്തു.

ഈ ഉറപ്പിനെ തുടര്‍ന്ന് നാലിടത്തായി സെറ്റ് വര്‍ക്കുകള്‍ വീണ്ടും ആരംഭിക്കുകയും മുന്നൂറളം തൊഴിലാളികള്‍ പ്രത്യക്ഷത്തിലും അറുന്നൂറോളം പേര്‍ പരോക്ഷമായും പണിയെടുത്തു കൊണ്ട് മൂന്ന് കോടിയോളം ഇപ്പോള്‍ തന്നെ ചിലവാക്കി മൂന്നാം ഷെഡ്യൂള്‍ സെറ്റ് വര്‍ക്ക് അവസാന ഘട്ടത്തിലെത്തുകയും, ജനുവരി 25ന് ഷൂട്ട്‌ പ്ലാന്‍ ചെയ്ത് മുന്നോട്ടു പോകുമ്പോഴാണ് ജനുവരി 16 ന് സജീവ്‌ പിള്ളയുടെ വക്കീല്‍ നോട്ടീസ് എനിക്ക് കിട്ടുന്നത്.

വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പരാമര്‍ശിച്ചു കൊണ്ട് ഭീഷണി സ്വരത്തിലായിരുന്നു ഈ നോട്ടീസ്. ഇതുവരെയായി നിര്‍മാതാവ് സംവിധായകന് തുക ഒന്നും തന്നെ കൊടുത്തിട്ടില്ലെന്നും മറ്റുമുള്ള പച്ച കള്ളങ്ങളായിരുന്നു ഈ നോട്ടീസില്‍. 25 ന് നിശ്ചയിച്ച ഷൂട്ടിങ് മുടക്കുവാനായി അദ്ദേഹമയച്ച വക്കീല്‍ നോട്ടീസിന്റെ മറുപടി കൈപ്പറ്റാതിരിക്കാന്‍ സാധ്യത ഉള്ളതിനാല്‍ അദ്ദേഹത്തിന്റെ വിലാസം ഉറപ്പു വരുത്തിയതിനു ശേഷമാണ് മറുപടി അയച്ചത്.

സജീവ്‌ കമ്പനിക്ക് വരുത്തി വെച്ച ഭീകര നഷ്ടങ്ങള്‍ക്കും കമ്പനിയുടെ സല്‍പ്പേര് ഇല്ലാതാക്കാന്‍ നടത്തിക്കൊണ്ടിരിക്കുന്ന നിരന്തര ശ്രമങ്ങള്‍ക്കും എഗ്രിമെന്റ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി മീഡിയക്ക് മുന്നില്‍ സിനിമയെ കളങ്കപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളും കണക്കിലെടുത്തു കൊണ്ട് നിയമപരമായി തന്നെ നഷ്ട പരിഹാരം ഈടാക്കുന്നതിനായി വേണ്ടി വരുന്ന നിയമ നടപടികളിലേക്കും കമ്പനി കടക്കുകയാണ്. മാമാങ്കം സിനിമയുമായി ഇനി സജീവിന് യാതൊരു ബന്ധവുമില്ലെന്ന് ഇതിനാല്‍ അറിയിക്കുന്നു. മാമാങ്കം സിനിമയുടെ പേരില്‍ സജീവ്  എന്തെങ്കിലും വിധത്തിലുമുള്ള പണമിടപാടുകള്‍ നടത്തിയാല്‍ അതിനു കാവ്യാ ഫിലിം കമ്പനി ഉത്തരവാദികളല്ല.

എം. പദ്മകുമാര്‍ എന്ന മികച്ച സംവിധായകന്‍റെ ക്രാഫ്റ്റിങ് മികവിനൊപ്പം ഏറ്റവും മികച്ച സാങ്കേതിക വിദഗ്ദ്ധര്‍ കൂടി ചേരുമ്പോള്‍ മലയാളത്തില്‍ നിന്ന് രാജ്യാന്തര നിലവാരത്തിലുള്ള ഒരു ചലച്ചിത്രം ജനങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍ കഴിയുമെന്ന് തന്നെയാണ് എന്‍റെ വിശ്വാസം.ഏവരുടെയും സഹായ സഹകരണങ്ങള്‍ക്ക് ഒരിക്കല്‍ കൂടി നന്ദി.

വേണു കുന്നപ്പിള്ളി

പ്രൊഡ്യൂസര്‍

28/01/2019

കൊച്ചി

m padmakumar replaced sajeev pillai – viral post by venu kunnappilli

More in Malayalam Breaking News

Trending