Malayalam
നടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി സദാചാര ഗുണ്ടാ ആക്രമണം; പൊലീസിന്റെ ഭാഗത്ത് നിന്നും മോശം അനുഭവമുണ്ടായെന്നും നടി
നടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി സദാചാര ഗുണ്ടാ ആക്രമണം; പൊലീസിന്റെ ഭാഗത്ത് നിന്നും മോശം അനുഭവമുണ്ടായെന്നും നടി
മലയാളികള്‍ക്കേറെ സുപരിചിതയായ നടിയാണ് രേവതി സമ്പത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ നടിയ്‌ക്കെതിരെ സദാചാര ഗുണ്ടാ ആക്രമണം നടന്നുവെന്നുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്.
നടിയുടെ കോഴിക്കോട് വടകരയിലെ വാടക വീട്ടിലാണ് സംഭവം. തന്നെയും അമ്മയെയും സുഹൃത്ത് സന്തോഷിനെയും പ്രദേശവാസികളില്‍ ചിലര്‍ ഭീഷണിപ്പെടുത്തിയതായാണ് നടിയുടെ ആരോപണം. പരാതിയുമായി ചെന്നപ്പോള്‍ വടകര പൊലീസിന്റെ ഭാഗത്ത് നിന്നും മോശം അനുഭവമുണ്ടായെന്നും ഇനി കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും നടി പറയുന്നു.
സെപ്റ്റംബര്‍ 20നും ഒക്ടോബര്‍ 15നും സദാചാരവാദികളുടെ ആക്രമണമുണ്ടായതായാണ് രേവതി പറയുന്നത്. രണ്ടാമത്തെ തവണ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും അവര്‍ പറയുന്നു.
‘ഒക്ടോബര്‍ 15ന് വൈകിട്ട് വീടിന് വെളിയില്‍ ഇരിക്കുന്ന സമയത്താണ് അയല്‍വാസിയായ അശ്വിന്‍ എന്നയാള്‍ വീട്ടിലെത്തുന്നത്. ഈ പണി ഇവിടെ നടക്കില്ല എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇയാള്‍ ഫോണില്‍ വീഡിയോയും എടുക്കുന്നുണ്ടായിരുന്നു. അപ്പോള്‍ തന്നെ വടകര പൊലീസ് സ്‌റ്റേഷനില്‍ വിളിച്ച് പരാതി അറിയിച്ചു.
അത് പ്രകാരം രണ്ട് കക്ഷികളോടും സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പിറ്റേദിവസം ഇയാള്‍ സുഹൃത്തിനൊപ്പം വീണ്ടും വീട്ടിലെത്തി. വീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു ഈ തവണ ഭീഷണി. നിങ്ങളെ ഇവിടെ താമസിക്കാന്‍ അനുവദിക്കില്ല എന്നും ഞങ്ങളാരാണെന്ന് കാണിച്ച് തരാമെന്നും ഭീഷണിപ്പെടുത്തി. അതിക്രമിച്ച് കയറിയവരെ പിന്തുണയ്ക്കുന്ന രീതിയിലായിരുന്നു പൊലീസിന്റെ സമീപനം. നിലവില്‍ വീട്ടില്‍ താമസിക്കുന്നതിന് ഭീഷണിയുണ്ട്’ എന്നും രേവതി പറഞ്ഞു.