സിനിമയെ ഒരു സിനിമയായും വിനോദമായും കാണണം ജീവൻ കളയേണ്ടതില്ല’; സൂപ്പർതാര ആരാധകരോട് ലോകേഷ്
9 വര്‍ഷത്തിന് ശേഷം തല അജിത്തിന്റെയും ദളപതി വിജയിയുടെയും ) ചിത്രങ്ങള്‍ ഒന്നിച്ച് റിലീസ് ആയിരിക്കുകയാണ്. അജിത്തിന്റെ ‘തുനിവി’നും വിജയിയുടെ ‘വാരിസി’നും (തിയേറ്ററുകളില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ആഘോഷങ്ങൾ അതിരുവിട്ട വാർത്തകളും ഫാൻസ് തമ്മിലുള്ള സംഘർഷങ്ങളുടെ വാർത്തകളും പിന്നാലെ വന്നിരുന്നു. തുനിവ് ആഘോഷത്തിനിടെ അജിത്ത് ആരാധകൻ മരിച്ചത് ഏറെ വാർത്താപ്രധാന്യം നേടിയിരുന്നു. ഇത്തരത്തിലുള്ള മരണങ്ങൾ മുൻപ് പലപ്പോഴും നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലും ചർച്ചകൾ സജീവമായി. ഈ അവസരത്തിൽ ആരാധകരോട് ഉത്തരവാദിത്തത്തോടെ പെരുമാറണം എന്ന് പറയുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്.
ജീവിതത്തിൽ ശ്രദ്ധയും ഉത്തരവാദിത്തവും പുലർത്തണമെന്ന് ലോകേഷ് കനകരാജ് ആരാധകരോട് അഭ്യർത്ഥിച്ചു. സിനിമയെ ഒരു സിനിമയായും വിനോദമായും കാണണമെന്നും അവരോട് ആവശ്യപ്പെടുകയും ചെയ്തു. ആരാധകർ സന്തോഷത്തോടെ സിനിമ കണ്ട് സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങണമെന്നും ആഘോഷത്തിന്റെ പേരിൽ ജീവൻ പണയപ്പെടുത്തേണ്ട കാര്യമില്ലെന്നും സംവിധായകൻ പറഞ്ഞു. ലോകേഷിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു.
ജനുവരി 11ന് ആയിരുന്നു തുനിവും വാരിസും റിലീസിന് എത്തിയത്. ചെന്നൈയിലെ രോഹിണി തീയറ്ററിലെ ആഘോഷത്തിനിടെ ആിരുന്നു അജിത്ത് ആരാധകർ മരണപ്പെട്ടത്. ലോറിയില്‍ നിന്ന് വീണാണ് മരണം. രാവിലെ നടന്ന ഷോയ്ക്ക് ശേഷം ചെന്നൈയിലെ രോഹിണി തിയേറ്ററിന് മുന്നില്‍ വലിയ ആഘോഷത്തിലായിരുന്നു. ഇരുവിഭാഗവും സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡുകള്‍ അടക്കം നശിപ്പിച്ചു. അജിത്തിന്‍റെയും വിജയിയുടെ ചിത്രങ്ങള്‍ കാണാന്‍ അതിരാവിലെ ഫാന്‍സ് ഷോയ്ക്ക് എത്തിയ ആരാധകരാണ് ഏറ്റുമുട്ടിയത്.
അതേസമയം ലോകേഷിന്റെ ‘ദളപതി 67’ തുടങ്ങിയെന്നാണ് വിവരം. ‘മാസ്റ്റര്‍’ എന്ന വൻ ഹിറ്റിനു ശേഷം ലോകേഷ് കനകരാജും വിജയ്‍യും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
