Articles

ആ പാകിസ്ഥാനിയുടെ പെരുമാറ്റം ! നമ്മുടെ നാടിനെക്കുറിച്ച്‌ അവർ ചിന്തിക്കുന്നത്‌ ഇങ്ങനെയൊക്കെയാണ്

Sponsored Links

sajitha_about-dxb

ഇന്ത്യയിൽ ജനിക്കുന്ന ഓരോ കുഞ്ഞും പാകിസ്ഥാൻ എന്ന രാജ്യത്തെക്കുറിച്ചു പഠിച്ചു തുടങ്ങുന്നത് തീവ്രവാദ രാഷ്ട്രമെന്നോ ഭീകരവാദികളുടെ നാടെന്നോ നിലയിലാണ്. അതുകൊണ്ട് തന്നെ ഒരു പാകിസ്ഥാനിയെ എന്നെങ്കിലും നേരിട്ട് കാണേണ്ട സാഹചര്യമുണ്ടായാൽ ഒരു യുറോപ്യനെയോ ഒരു അറബ് വംശജനെയോ കണ്ട സന്തോഷമോ അദ്‌ഭുതമോ ആവില്ല നമ്മുടെ മുഖത്ത് തെളിയുന്നത്. പകരം പേടിയോ അവഞ്ജയോ ആയിരിക്കും.

എന്നാൽ അറിയാതെയെങ്കിലും നാം ചെയ്യുന്നത് എത്ര വലിയ തെറ്റാണെന്ന് എനിക്ക് മനസിലാക്കി തന്നത് എന്റെ പ്രവാസ ജീവിതമായിരുന്നു.അവിടെ നിന്നും എനിക്ക് ലഭിച്ച കുറച്ച് പാക് സുഹൃത്തുക്കളായിരുന്നു എന്റെ ധാരണകളെ മാറ്റിയെഴുതിയത്.

ദുബായ് ജീവിതത്തിനിടെ കുറച്ചുകാലം ദുബായ് ഷേഖിന്റെ പ്രൈവറ്റ്‌ ഓണർഷിപ്പിലുള്ള ഒരു കമ്പനിയുടെ ബ്രാഞ്ചിൽ ജോലി ചെയ്യാനുള്ള അവസരമുണ്ടായി. കമ്പനി സ്ഥിതി ചെയ്യുന്നത് ജബൽ അലി ഫ്രീസോണിൽ. അതും ഒരു പക്കാ ഇൻഡസ്ട്രിയൽ ഏരിയായിൽ. കമ്പനിയിൽ ജോയ്ൻ ചെയ്ത ശേഷമാണ് അവിടെ 99%ജോലിക്കാരും പാക് പൗരന്മാരാണെന്ന് അറിയുന്നത്. കമ്പനി എംഡി, ജനറൽ മാനേജർ മുതൽ താഴെ തട്ടിലുള്ളവർ വരെ പാകിസ്ഥാനികൾ. ഫിനാൻസ് ഡിപ്പാർട്മെന്റിൽ ജോലിക്ക് കയറിയ ഞാനും ഓഫിസ് സെക്രട്ടറിയായി ജോലി നോക്കുന്ന ഒരു യുവതിയും മാത്രം ഇന്ത്യക്കാർ.

ഓ… പെട്ടു ! ഇതായിരുന്നു ജോലിക്ക് കയറി ആദ്യ ദിവസത്തെ ചിന്ത. ഒരു ടാക്സിയിൽ കയറുമ്പോൾ പോലും ഡ്രൈവർ പാകിസ്ഥാനിയാണെങ്കിൽ ശ്രദ്ധിക്കണമെന്ന് പറഞ്ഞു വിടുന്ന ഹസ്ബൻഡും സുഹൃത്തുക്കളും. പച്ചകളെന്ന ഓമനപ്പേരിട്ട് രണ്ട് ഡോർ സ്റ്റെപ് അകലെ മാത്രം നിന്ന് ഞാൻ ഒളികണ്ണിട്ട് നോക്കിയിരുന്ന ആ ഭീകരവാദികളുടെ ഒപ്പം ജോലി ചെയ്യുക. ആജാനബാഹുക്കൾ, കണ്ടാൽ തന്നെ പേടി തോന്നുന്നവർ, ഒന്ന് തറപ്പിച്ചു നോക്കിയാൽ തന്നെ എന്നെപ്പോലുള്ളവർ ബോധരഹിതരാവും. ഇൻഡസ്ട്രിയൽ ഏരിയ ആയതുകൊണ്ട് തലങ്ങും വിലങ്ങും നടക്കുന്ന പച്ചകൾ… ഓഫിസിനകത്തും പുറത്തും ഒരുപോലെ.

ഇന്ത്യക്കാരിയാണ് എന്ന ഹുങ്ക് അധികം താമസിയാതെ ഞാൻ പുറത്തെടുത്തു. ഒരാളോടും സൗഹൃദത്തിന് പോയില്ല. സംസാരിക്കാനോ ഒന്ന് ചിരിക്കാനോ പോലും എന്റെ അകത്ത് ഒളിച്ചിരിക്കുന്ന ഹുങ്ക് എന്നെ അനുവദിച്ചില്ല. എംഡിയോടും മാനേജരോടും സംസാരിച്ചു. അവർ പാകിസ്ഥാനികളാണെങ്കിലും വേറെ വഴിയില്ലല്ലോ.

അങ്ങനെ ദിവസങ്ങൾ കുറെ കടന്നുപോയി. ഓരോരുത്തരും വന്ന് എന്നോട് സംസാരിക്കാൻ തുടങ്ങി. തിരിച്ചു ഒരു പുഞ്ചിരിയിൽ ഞാൻ കാര്യങ്ങൾ ഒതുക്കി. അല്ലെങ്കിൽ തന്നെ ഈ തീവ്രവാദികളോടൊക്കെ ഞാനെന്തിന് സംസാരിക്കണം. അതായിരുന്നു എന്റെ ലൈൻ.

എന്നും ചായ കൊണ്ടു തന്നിരുന്ന ഒരു പയ്യൻ ഉണ്ടായിരുന്നു. അർബാസ്‌. നല്ല ഉയരവും വണ്ണവും. ഇരുപതിനോട് അടുപ്പിച്ച് പ്രായം. രണ്ടും കൽപ്പിച്ച് ഒരിക്കൽ അവൻ എന്നോട് ചോദിച്ചു ഞങ്ങൾ പാകിസ്ഥാനികൾ ആയതുകൊണ്ടാണോ മാഡം ഞങ്ങളോട് ഒന്നും മിണ്ടാത്തത്!

അതെ എന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും അവന്റെ കണ്ണുകളിൽ ഞാൻ അപ്പോൾ കണ്ടത് ഒരു തീവ്രവാദിയുടെ ഭീകരത ആയിരുന്നില്ല. തിരസ്കരിക്കപ്പെടുന്നതിന്റെയും പച്ച എന്ന ലേബലിൽ തരം തിരിക്കപ്പെടുന്നതിന്റെയും നൊമ്പരമായിരുന്നു. ആദ്യമായി അന്ന് ഞാനവന് ഒരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു. അവനും സന്തോഷമായി കാണണം. കാരണം ഞങ്ങൾക്കിടയിലെ ഒരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്. എനിക്ക് ഒരു തിരിച്ചറിവിന്റെയും.

അവന് ഓരോ ദിവസവും ഓരോ കഥകളായിരുന്നു പറയാനുണ്ടായിരുന്നത്. ബ്യുട്ടിഷൻ ആകാൻ ആഗ്രഹിച്ചതും ഡാൻസറാകാൻ ആഗ്രഹിച്ചതും. പാകിസ്ഥാനിൽ ഒരു പൊതു പാർട്ടിയ്ക്കിടെ ഡാൻസ് ചെയ്തതിന് കെട്ടിയിട്ട് തല്ലിയതും ഇനി ഡാൻസ് ചെയ്യുകയോ ഒരുവരി മൂളുകയോ ചെയ്യരുതെന്ന് വീട്ടുകാർ ആക്രോശിച്ചതുമൊക്കെ നിറകണ്ണുകളോടെ പാതിമുറിഞ്ഞ ഇഗ്ളീഷിലും എനിക്ക് മനസിലാകാത്ത ഹിന്ദിയിലും വിവരിച്ചു. മറ്റൊരു കാര്യത്തിലും അവന് അസഹിഷ്ണുത ഉണ്ടായിരുന്നു. ഇന്ത്യക്കാരുടെ ദേശീയ ഭാഷയല്ലേ ഹിന്ദി പിന്നെന്താ നിങ്ങൾക്കത് അറിയാൻ വയ്യാത്തതെന്ന്. ശരിയല്ലേ… ?

ഇടയ്ക്കിടയ്ക്ക് അവൻ പറയുന്ന ഒരു വാചകമുണ്ടായിരുന്നു. നിങ്ങൾ ഇന്ത്യക്കാരെല്ലാം എത്ര ഭാഗ്യവാന്മാരാണെന്ന്. നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്, നിങ്ങളായി തന്നെ നിങ്ങൾക്ക് ജീവിക്കാം. ഇന്ത്യയെന്നാം അവന് കൂടുതലും അറിയാവുന്നത്‌ മലയാളികളെ ആയിരുന്നു, കാരണം ദുബായിൽ അധികവും മലയാളികളാണല്ലോ. എനിക്ക് ഒരു ഇന്ത്യക്കാരനാകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട് എന്നൊക്കെ അവൻ ഇടക്ക്‌ പറയാറുണ്ടായിരുന്നു. പിന്നെ നിങ്ങൾ കരുതുന്നത് പോലെ ഞങ്ങൾ പാകിസ്ഥാനികളെല്ലാം ഭീകരവാദികളോ മത തീവ്രവാദികളോ അല്ല. നല്ല മനസ്സുള്ളവർ ഞങ്ങൾക്കിടയിലുമുണ്ട്. പക്ഷെ ഞങ്ങൾ അടിച്ചമർത്തപ്പെട്ടവരാണെന്നു മാത്രം.

അവന്റെ വാചകങ്ങൾ എന്നിലെ ഇന്ത്യക്കാരിയുടെ ഹുങ്ക് കുറച്ചൊന്നുമല്ല എടുത്ത് കളഞ്ഞത്. അവൻ പറഞ്ഞത് എത്ര ശരിയാണ്. നമുക്കിടയിലും തീവ്രവാദികളില്ലേ? ഒന്നാംതരം മത തീവ്രവാദികൾ !

ഒരിയ്ക്കൽ വെക്കേഷൻ കഴിഞ്ഞു തിരിച്ചെത്തിയ അർബാസ് എന്നെ ഒരു ഫോട്ടോ കാണിച്ചു. പതിനാറോ പതിനേഴോ വയസുള്ള ഒരു പെൺകുട്ടിയുടെ പാസ്പോര്ട് സൈസ് ഫോട്ടോ. അവൻ പറഞ്ഞു നാട്ടിൽ ചെന്നപ്പോൾ നിക്കാഹ് ഉറപ്പിച്ചു. ഇത്ര ചെറിയ പ്രായത്തിലോ…. ? എന്റെ ചോദ്യം അവൻ തമാശയായെടുത്തു. എന്നിട്ട് എന്നോടായി കുറേ ചോദ്യങ്ങൾ. നിങ്ങൾ മലയാളികൾ എങ്ങനെയാണ് കല്യാണം കഴിക്കുന്നത്? ഒന്നുകിൽ പ്രണയം അല്ലെങ്കിൽ അറേഞ്ച്ഡ് അല്ലേ? ഇതിൽ രണ്ടിലും നിങ്ങൾക്ക് ആണിനും പെണ്ണിനും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഞങ്ങൾക്കതില്ല. ഞാൻ അവളെ കണ്ടിട്ടില്ല. സംസാരിച്ചിട്ടുമില്ല. ആകെയുള്ളത് ഈ ഫോട്ടോ മാത്രമാണ്. അതും ഒരുപാട് നിർബന്ധിച്ചപ്പോൾ പേരന്റ്സ് സംഘടിപ്പിച്ച് കൊടുത്തത്.

പതിനെട്ടു വയസ്സായാൽ ആൺകുട്ടികൾ ആരെ വിവാഹം കഴിക്കണമെന്ന് മാതാപിതാക്കൾ തീരുമാനിക്കും. അവർ കണ്ട് തീരുമാനിക്കുന്ന പെൺകുട്ടിയുമായി ഔദ്യോഗികമായി വിവാഹം ഉറപ്പിക്കും. എന്നുകരുതി വധുവിനും വരനും ചുറ്റിക്കറങ്ങാനോ കാണാനോ സംസാരിക്കാനോ എന്തിനു ഫോണിൽ സംസാരിക്കാൻ പോലും അനുമതിയുണ്ടാവില്ല. ഒമ്പതു വർഷം പ്രണയിച്ച് കെട്ടിയ ഞാൻ അറിയാതെ ഒന്ന് ദൈവത്തെ വിളിച്ചു പോയി അപ്പോൾ.

പാക് മണ്ണിന്റെ സന്തതിയാണെങ്കിലും അവൻ ഇന്ത്യയെ പ്രത്യേകിച്ച്‌ കേരളത്തെ ബഹുമാനിക്കുന്നത്, നമ്മെ അത്ഭുതത്തോടെ നോക്കുന്നത് എന്തുകൊണ്ടാണെന്ന് ഞാൻ മനസിലാക്കി. ഇന്ത്യയും പാകിസ്ഥാനുമല്ല, ഇന്ത്യക്കാരും പാകിസ്ഥാൻകാരുമല്ല, ഇരുകൂട്ടർക്കുമിടയിലെ ഭ്രാന്തന്മാർ മാത്രമാണ് വിഷജീവികളെന്ന തിരിച്ചറിവ് വളരെ വലുതായിരുന്നു.

തീവ്രവാദികൾ എന്ന പേടി മാറിയ ഞാൻ അവിടെയുള്ളവരെയെല്ലാം എന്റെ നല്ല സുഹൃത്തുക്കളായി കാണാൻ തുടങ്ങി. എന്റെ പേരിന് പാകിസ്ഥാനിൽ വളരെ ബഹുമാനമുള്ള അർത്‌ഥമാണെന്ന് പറഞ്ഞു തന്നതും അവരിൽ ഒരാളായിരുന്നു. ടാക്സി ഡ്രൈവർ പച്ചയാണെങ്കിൽ കയറാൻ മടിച്ചിരുന്ന ഞാൻ ഫ്രീസോണിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള എന്റെ ഫ്ലാറ്റിലേക്ക് പച്ച സുഹൃത്തുക്കളോടോപ്പം ഒരേ വണ്ടിയിൽ യാത്ര ചെയ്യാൻ ധൈര്യം കാണിച്ചത് അവരിലെ പച്ചയായ മനുഷ്യരെ അടുത്തറിഞ്ഞതുകൊണ്ട് തന്നെയാണ്.

സജിത സാൻ

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top