Interview

സിനിമയ്ക്ക് വേണ്ടി മിസ് കേരളയായി – ഗായത്രി സുരേഷ്

Sponsored Links

IMG_1941

സിനിമയ്ക്ക് വേണ്ടി മിസ് കേരളയായി

Miss Kerala Gayathri

കയ്യടി നിറഞ്ഞ സദസ്സിൽ പുഞ്ചിരിയോടെ അവൾ നിന്നു,  2014ലെ കേരള  സുന്ദരി ഗായത്രി സുരേഷ്. ഓണക്കാലത്തെ ഹിറ്റ് ചിത്രമായ ജമുനാപ്യാരി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കും വന്ന ഗായത്രി സിനിമയ്ക്ക് വേണ്ടിയാണ് സൗന്ദര്യ മത്സരത്തിലേക്ക് എത്തിയത്. ഗായത്രിയുടെ വിശേഷങ്ങളിലേക്ക്

എപ്പോഴാണ് സിനിമ മനസ്സിൽ വന്നത്?
IMG_1941

പണ്ട് തൊട്ടേ മനസ്സിലായിരുന്നു സിനിമയാണ് എന്റെ ഇഷ്ടമെന്ന്. പണ്ടേ വീട്ടിൽ സിനിമയ്ക്ക് പോകാൻ പറഞ്ഞാൽ ആദ്യം റെഡിയാകുന്നത് ഞാനായിരിക്കും. പിന്നെ, അച്ഛനും അമ്മയും അനിയത്തിയും റെഡിയാകാൻ വൈകുന്തോറും എനിക്ക് ദേഷ്യം വരും. ടിക്കറ്റ് കിട്ടിയില്ലെങ്കിൽ അത്രയും സങ്കടം വരും. ഇഷ്ടപ്പെട്ട സിനിമയിലെ ഡയലോഗും സീനുകളുമൊക്കെ കണ്ണാടിയുടെ മുമ്പിൽ നിന്ന് ചെയ്തു നോക്കുകയായിരുന്നു ഹോബി. ഞാനാരോടും പറഞ്ഞിട്ടില്ല ഞാൻ ഒരു നടിയാകുമെന്ന്. പക്ഷേ, അത് എപ്പോഴും എന്റെയുള്ളിൽ ആ സ്വപ്നം ഉണ്ടായിരുന്നു. ഒരു പക്ഷേ, അമ്മയ്ക്ക് അറിയാമായിരുന്നിരിക്കണം ഞാൻ നടിയാകുമെന്ന്.

 

പിന്നീട് എങ്ങനെ ബാങ്കിംഗ് ജോലിയിലെത്തി?
എനിക്ക് അറിയാമായിരുന്നു അഭിനയം എന്നത് എന്നും നില നിൽക്കുന്ന ജോലിയല്ല എന്ന്. അത് താൽക്കാലികമാണ്. അപ്പോൾ  സ്ഥിരമായ ഒരു ജോലി വേണം. ബാങ്കിംഗ് ജോലിയെന്ന് പറഞ്ഞാൽ 50 വർഷം വരെ നമ്മൾ സേഫ് ആൻഡ് സെക്യുർഡ് ആണ്. എനിക്ക് രണ്ടും വേണമെന്നുണ്ടായിരുന്നു. വിമലാ കോളേജിൽ ബികോമാണ് ഞാൻ പഠിച്ചത്. അവിടെ നിന്ന് കാംപസ് പ്ളേസ്മെന്റ് വഴിയാണ് സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി നേടുന്നത്.

IMG_1944

പിന്നെ, എങ്ങനെ സ്വപ്നം കയ്യെത്തിപ്പിടിച്ചു?
അതിനു വേണ്ടി ശ്രമിച്ചപ്പോഴാണ് ഇൻഡസ്ട്രിയിൽ വരിക എന്നത് അത്ര എളുപ്പമല്ല എന്ന് എനിക്ക് മനസ്സിലായത്. ആളുകൾ നമ്മെ ശ്രദ്ധിക്കണം. അങ്ങനെ ശ്രദ്ധിക്കപ്പെടാൻ ഫാഷൻ ഇൻഡസ്ട്രിയിലെത്തണമായിരുന്നു. അങ്ങനെയാണ് ഞാൻ മിസ് കേരള മത്സരത്തിന് അപേക്ഷിക്കുന്നത്. പത്തൊമ്പതാമത്തെ വയസിൽ ഞാൻ ഇതേ ആഗ്രഹം വീട്ടിൽ പറഞ്ഞിരുന്നു. പക്ഷേ, മത്സരത്തിന് പങ്കെടുക്കാൻ രണ്ടു വർഷം കൂടി കഴിയട്ടെ എന്നാണ് അന്ന് അച്ഛൻ പറഞ്ഞത്. അപ്പോൾ അതിന്റെ പക്വത എത്തുമെന്ന് പറഞ്ഞു. അത് ശരിയാണെന്ന് തോന്നി. 2014ൽ മത്സരിക്കട്ടെ എന്ന് ചോദിച്ചപ്പോൾ എല്ലാവരും പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് മത്സരിക്കുന്നതും വിജയി ആകുന്നതും. ആ മത്സരം കണ്ടിട്ട് തന്നെയാണ് ജമുനാപ്യാരിയുടെ അണിയറ പ്രവർത്തകർ എന്നെ വിളിക്കുന്നത്.

 

മുൻപരിചയവും പരിശീലനവുമില്ലാതെ കേരളത്തിലെ ബുദ്ധിമതിയായ സുന്ദരിയായത് എങ്ങനെ?
എനിക്ക് ഒരുങ്ങി നടക്കാൻ ഭയങ്കര ഇഷ്ടമാണ്. അതും ഡ്രസുകൾ ഷോപ്പ് ചെയ്യാനിറങ്ങിയാൽ എനിക്ക് മടുക്കുകയേ ഇല്ല. പിന്നെ ഇഷ്ടം ലിപ്സ്റ്റിക്കുകളോടാണ്. ഓറഞ്ച് നിറത്തോട് ഒരുപാടിഷ്ടമാണ്. മിസ് കേരളയിൽ മത്സരിക്കാൻ പോകുമ്പോൾ ആ ഇഷ്ടങ്ങളൊക്കെ നടപ്പാക്കാമല്ലോ എന്നാണ് ആദ്യം ചിന്തിച്ചത്. ഗ്രൂമിംഗിന് രണ്ടു ദിവസം മുമ്പാണ് സെലക്ഷൻ കിട്ടിയത്. ഗ്രൂമിംഗ് ആയിരുന്നു എന്റെ പരിശീലനം. അവിടെ സംസാരിക്കാനും നടക്കാനും ഒക്കെ പഠിപ്പിച്ചു. അതു വരെ കണ്ട പെൺകുട്ടികളേ ആയിരുന്നില്ല ഗ്രൂമിംഗിന് ശേഷം. മത്സരം തുടങ്ങിയപ്പോൾ ജയിക്കണം എന്നൊന്നുമില്ലായിരുന്നു. പക്ഷേ, എന്റെ ഏറ്റവും ബെസ്റ്റ് പെർഫോമൻസ് അവിടെ നൽകണം എന്നുണ്ടായിരുന്നു. പിന്നെ, ഓരോ മത്സരത്തിന് ശേഷവും ആദ്യത്തെ പത്ത്, ആദ്യത്തെ അഞ്ച് ഇതിലൊക്കെ പേര് വന്നപ്പോൾ എന്നെക്കൊണ്ട് പറ്റും എന്നൊരു തോന്നൽ ഉണ്ടായിരുന്നു. അവസാനം മിസ് കേരള 2014 ഗായത്രി എന്ന് പറഞ്ഞപ്പോൾ അത് പറഞ്ഞറിയിക്കാനാവില്ല. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷമാണ് ആ പേര് വിളിച്ച് കേട്ടപ്പോൾ.
IMG_1943
പെൺകുട്ടികളെ പറഞ്ഞു വിടാൻ മടിയുള്ള ഇൻഡസ്ട്രികളാണ് സിനിമ, ഫാഷൻ എന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട്. എങ്ങനെയാണ് ഗായത്രി ഈ ഒരു പ്രശ്നത്തെ അതിജീവിച്ചത്?
സത്യസന്ധമായും എനിക്ക് ഈ രണ്ട് ഇൻഡസ്ട്രിയിൽ നിന്നും മോശമായ ഒരു അനുഭവവും ഉണ്ടായിട്ടില്ല.ഏതൊരു ജോലി സ്ഥലത്തും നാം അറിയാതെ നമ്മെ കുരുക്കിലാക്കാൻ ആളുകളുണ്ടാകും. അത്രയും പ്രശ്നങ്ങളെ ഇവിടെയും ഉള്ളൂ. പക്ഷേ, നമ്മുടെ ധൈര്യപൂ‌ർവമുള്ള ആറ്റിറ്റ്യൂഡ് നമ്മെ പ്രശ്നങ്ങളിൽ കൊണ്ടെത്തിക്കില്ല. നാം നോ പറയുന്നിടത്ത് അവസാനിക്കുന്ന പ്രശ്നങ്ങളേ നമുക്ക് ഉണ്ടാവൂ.

സ്വപ്നമായിരുന്ന ആദ്യത്തെ സിനിമ ജമുനാപ്യാരി സംഭവിച്ചത്?
മിസ് കേരള ജയിച്ചപ്പോൾ മിസ് സൗത്ത് ഇന്ത്യ മത്സരത്തിന് പോയി, സെക്കന്റ് റണ്ണർ അപ്പായി. പിന്നെ, മിസ് ക്വീൻ ഒഫ് ഇന്ത്യയുടെ ഗ്രൂമിംഗ് സമയത്താണ് ജമുനാ പ്യാരിയ്ക്ക് വേണ്ടി കാൾ വരുന്നത്. ചാക്കോച്ചനാണ് ആദ്യം എന്നെ വിളിക്കുന്നത്. ‘ ഞാൻ ചാക്കോച്ചനാണ്. ഒരു സിനിമയുണ്ട്. തൃശൂർ ഭാഗത്ത് നടക്കുന്ന കഥയാണ്. നമുക്ക് നോക്കിയാലോ. നാളെ സ്ക്രിപ്റ്റ് റൈറ്റർ വിളിക്കും. ഇഷ്ടമുണ്ടെങ്കിൽ മാത്രം ചെയ്താൽ മതി” ഇതാണ് ചാക്കോച്ചൻ പറഞ്ഞത്. പക്ഷേ, അത് കേട്ടപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചിരുന്നു. ചാക്കോച്ചന്റെ സിനിമ പോസറ്റീവ് ആയിരിക്കും, നല്ല സിനിമയും ആയിരിക്കും എന്ന ഉറപ്പുണ്ടായിരുന്നു. മിസ് ക്വീൻ ഒഫ് ഇന്ത്യയുടെ ഗ്രൂമിംഗിന്റെ ഭാഗമായി നടക്കുന്ന ഫോട്ടോഷൂട്ട് കഴിഞ്ഞ് ഞാൻ ബാത്ത് റൂമിലേക്ക് പോകുമ്പോഴാണ് സ്ക്രിപ്റ്റ് റൈറ്റർ അരുൺ എന്നെ വിളിക്കുന്നത്. പുള്ളിയോട് സംസാരിച്ചപ്പോഴും ജോലി ചെയ്യാൻ പറ്റിയ ടീമാണെന്ന് തോന്നി. ജമുനാ പ്യാരിക്ക് വേണ്ടി പാലക്കാട്, നെല്ലിയാമ്പതി, തൃശൂർ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്. നിറയെ താരങ്ങളുണ്ടായിരുന്നു സിനിമയിൽ. സെറ്റിൽ നല്ല രസമായിരുന്നു.  ഓഗസ്റ്റ് 22നാണ് സിനിമ റിലീസ് ആയത്. ഞാൻ ആദ്യത്തെ ദിവസം വൈകിട്ട് ആറുമണിക്ക് ഫാമിലിയുടേയും കൂട്ടുകാരുടെയും കൂടെ പോയി കണ്ടു. പിന്നെ, കണ്ടവരൊക്കെ വാട്സ് ആപ്പിലും ഫേസ് ബുക്കിലും മെസേജ് അയച്ചു. ഭയങ്കര സന്തോഷമായിരുന്നു.

IMG_1945

ബാങ്കിലെ ജോലിയും സിനിമയിലെ താരവും. രണ്ടും എങ്ങനെ മാനേജ് ചെയ്യുന്നു?
ഞാൻ ഹെഡ് ഓഫീസിലെ ക്ളറിക്കൽ പോസ്റ്റിലാണ്.  കസ്റ്റമേഴ്സിനെ നേരിട്ട് കാണാനുള്ള ഭാഗ്യമില്ല. പക്ഷേ, എനിക്ക് ഇഷ്ടമാണ് അങ്ങനെ നേരിൽ കണ്ടുള്ള ജോലി ചെയ്യാൻ. ചില ദിവസങ്ങളിൽ രാവിലെ ഫംഗ്ഷനുകളുണ്ടാവും. ഒമ്പതു മണിക്കൊക്കെ ആവും. അത് കഴിഞ്ഞ് പത്തു മണിയാകുമ്പോഴേക്കും ബാങ്കിൽ എത്തും. ചിലപ്പോൾ വൈകിട്ടാവും. അപ്പോൾ അഞ്ചു മണി കഴിഞ്ഞ് പോകും. അല്ലാത്ത ദിവസങ്ങളിൽ ഏഴുമണി വരെ ബാങ്കിലിരിക്കും. ജോലി കഴിഞ്ഞാൽ ഓഫീസിലെ കൂട്ടുകാരുമൊത്ത് ഭക്ഷണം കഴിക്കാൻ പോകും, അല്ലെങ്കിൽ സിനിമയ്ക്ക് പോകും.

സിനിമാതാരമായിട്ട് വന്ന മാറ്റം?
അങ്ങനെ മാറ്റങ്ങളൊന്നുമില്ല. ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ ചെയ്യുന്ന കാര്യം ഫോട്ടോ എടുക്കലാണ്. പുറത്ത് പോകുമ്പോൾ വന്ന് പരിചയപ്പെടുന്നവരോടൊപ്പം ഫോട്ടോ എടുക്കും.  അത് എനിക്ക് നല്ല സന്തോഷമുള്ള കാര്യമാണ്.

പോസറ്റീവും നെഗറ്റീവും?
ഞാൻ വളരെ വിശ്വസ്തയാണെന്ന് തോന്നുന്നു. ആളുകൾ പറയാറില്ലെങ്കിലും അവർ എന്നോട് സംസാരിക്കുന്ന കേൾക്കുമ്പോൾ എനിക്ക് അങ്ങനെ തോന്നാറുണ്ട്. വളരെ പോസറ്റീവാണെന്നും എന്റെ കൂടെ സമയം ചെലവഴിക്കാൻ നല്ലതാണെന്നും കൂട്ടുകാർ പറയാറുണ്ട്. ആളുകൾക്ക് ഞാൻ വിളിക്കാറില്ല, മെസേജ് ചെയ്യാറില്ല കാണാൻ കിട്ടുന്നില്ല എന്നൊക്കെ കൂട്ടുകാർക്ക് പരാതിയുണ്ട്. വീട്ടിൽ ഞാൻ ഇപ്പോഴും വളരെ കെയർലെസ്സാണ്. ഫ്രിഡ്ജ് തുറന്നാൽ അടയ്ക്കാൻ മറക്കുക പോലുള്ള അസുഖം ഇന്നും അതു പോലെയുണ്ട്. വേറൊരു കാര്യം എന്ത് സാധനം എന്റെ കൈയ്യിൽ കിട്ടിയാലും കളയാതെ ഒന്നും ചെയ്യാൻ പറ്റില്ല.

കുടുംബം?
അച്ഛൻ സുരേഷ് കുമാർ, ബിൽഡറാണ്. അമ്മ രേഖ  ഹെഡ്മിസ്ട്രസാണ്. അനിയത്തി കല്ല്യാണി പ്ളസ് ടുവിലാണ്. എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്നത് അമ്മയാണ്. വിമർശിക്കുന്നതിൽ എന്നെ അറിയാവുന്ന എല്ലാവരും ഒറ്റക്കെട്ടാണ്.

അടുത്ത പ്രൊജക്ടുകൾ?
അടുത്ത സിനിമയൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. ഒരു ഷോർട്ട് ഫിലിം ചെയ്തു കൊണ്ടിരിക്കുകയാണ്. മൂന്ന് വർഷത്തെ പ്ളാനാണ് ഇപ്പോൾ എനിക്കുള്ളത്. ഒരു ബൊട്ടീക്ക് തുടങ്ങണമെന്നുണ്ട്.

 

 ബിസിനസ്  ,  കല്ല്യാണം ?

IMG_1947

ഫാഷൻ ഡിസൈനിംഗ് എനിക്ക് നല്ല ഇഷ്ടമാ. ഇപ്പോ അമ്മയുടെയും അനിയത്തിയുടെയും വസ്ത്രങ്ങളിലാണ് പരീക്ഷണം. മൂന്നു വർഷം കഴിഞ്ഞേ ഇത് ചെയ്യൂ. ബിസിനസ് ഒക്കെ ചെയ്യണമെങ്കിൽ കുറച്ചൂടെ പക്വത വരണം. ഇപ്പോൾ അടിച്ചു പൊളിച്ചു നടക്കണം. കല്ല്യാണത്തിനും ഇതേ പ്ളാനാണ്. മൂന്ന് വർഷം കഴിഞ്ഞേ ഉണ്ടാകൂ. ഒന്നര വർഷം കൊണ്ട് ആളെ കണ്ടുപിടിച്ച്, പിന്നെ ഒന്നര വർഷം കൂടി കഴിഞ്ഞിട്ട് കല്ല്യാണം. അറേഞ്ച്ഡ് മാര്യേജ് ആകുമെന്നാ ജാതകത്തിൽ.പക്ഷേ, ലവ് മാര്യേജ് ആകുമെന്നാണ് അമ്മ പറയുന്നത്. കാത്തിരുന്ന് കാണാം.

 

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top