Uncategorized

മായാനദി: പ്രണയത്തിന്റെ കുത്തൊഴുക്ക് Review By Meera Krishnan – metromatinee.com

Sponsored Links

mayanadhi_movie_review

മായാനദി: പ്രണയത്തിന്റെ കുത്തൊഴുക്ക്
മായാനദി, കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും സിനിമയേക്കാൾ കാവ്യാത്മകമായി ചലച്ചിത്ര നിരൂപണം എഴുതുകയാണ്. ആദ്യ ദിവസങ്ങളിൽ പലകാരണങ്ങൾ കൊണ്ട് പ്രേക്ഷകർ പുറംതിരിഞ്ഞു നിന്ന ഒരു ചിത്രം തീയേറ്ററിൽ ജീവശ്വാസം വീണ്ടെടുക്കുന്ന കാഴ്ച കാണാം.
26114268_1527641430685539_2690005576846809340_n ഏറ്റവും കൂടുതൽ കുടുംബപ്രേക്ഷകർ തീയേറ്ററിലെത്തുന്ന അവധിക്കാലത്ത് പ്രണയത്തിന്റെ തീവ്രത അങ്ങേയറ്റം വരച്ചിടുന്ന മായാനദിയെ ഇപ്പോൾ ഒഴുക്കേണ്ട ആവശ്യമെന്തായിരുന്നു സ൦വിധായകന് എന്നൊരു ചോദ്യം പലരും ചോദിച്ചു കണ്ടു. ഒരുപക്ഷേ, മായാനദിയെന്ന കാവ്യത്തെ കൃത്യമായി ഉൾക്കൊണ്ടാൽ എളുപ്പം ഉത്തരം കിട്ടാവുന്ന ചോദ്യം. പെണ്ണത്തത്തിന്റെ കരുത്തിനെ കുറിച്ചും പെണ്ണിടത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ചും ചർച്ച നടക്കുന്ന ഈ കാലത്ത് ഈ സിനിമ പറയുന്നത് സ്ത്രീപക്ഷമല്ല, മനുഷ്യപക്ഷമാണ്. ഹർഷമായി വർഷമായി കുത്തിയൊലിക്കുന്ന അപ്പുവിന്റെയും മാത്തന്റെയും പ്രണയം മാത്രമല്ല മായാനദി. അതിൽ കാണാവുന്ന വേറെയും കാഴ്ചകളുണ്ട്. അതിലേക്ക് കണ്ണ് തുറന്ന് പിടിക്കണമെന്ന് മാത്രം.
26025932_10156129071488969_3476056680604105334_o
അബദ്ധത്തിൽ കൊലപാതകിയാവുന്ന മാത്തന്റെ അരക്ഷിത ബോധമുണ്ട്, പ്രണയിനിയുമൊത്ത് ജീവിക്കാനുള്ള കൊതിയുണ്ട്. അവനെയും അവളെയും ചേർത്തു നിർത്തുന്ന, അവർ ചേർത്തു നിർത്തുന്ന മറ്റു സൗഹൃദങ്ങളുണ്ട്. വഞ്ചിക്കപ്പെട്ട ഭർത്താവിന്റെ ക്രോധമുണ്ട്, വിധവയ്ക്കും അവളുടെ മകൾക്കുമായി ജീവിക്കുന്ന ആശാനുണ്ട്, സഹോദരന്റെ ശാസനയിൽ സ്വപ്നം പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുന്ന പെൺകുട്ടിയുണ്ട്, പണമില്ലാഞ്ഞിട്ടും ആഢ്യത്വത്തിന് വിട്ടുവീഴ്ച ചെയ്യില്ലെന്ന് വാശി പിടിക്കുന്ന അമ്മയുണ്ട്, ലൈംഗികത സ്വാതന്ത്ര്യമാണെന്ന് ചേച്ചിയുടെ മുഖത്ത് നോക്കി പ്രഖ്യാപിക്കുന്ന ന്യൂജൻ സഹോദരനുണ്ട്, തങ്ങളുടെ കൂട്ടുകാരനെ കൊന്ന പ്രതിയോട് സഹാനുഭൂതി വരുന്ന പൊലീസുകാരനുണ്ട്, അയാളുടെ പ്രണയമുണ്ട്, അതാ മായാനദിയിൽ കൺനിറയെ കാണേണ്ടതും കണ്ടിറങ്ങിയിട്ട് പ്രേക്ഷകൻ ചിന്തിക്കേണ്ടതുമായ കാക്കത്തൊള്ളായിരം കാര്യങ്ങളുണ്ട്.
26047246_1528646440585038_5808181704719434345_n
നിറയെ പ്രണയം സ്നേഹം, സൗഹൃദം
ലൈംഗികബന്ധം ഒരു വാഗ്ദാനമല്ലെന്ന് പറയുന്ന അപ്പുവിന്റെ വാക്കുകൾ ആണിന്റെ ചെകിടത്തേറ്റ അടിയാണെന്നൊക്കെ വായിച്ചു. എന്നാൽ, അതിലുപരി പ്രണയിക്കുമ്പോൾ, ചുംബിക്കുമ്പോൾ വാളെടുക്കുന്ന സമൂഹത്തിന് നേരെയാണ് അപ്പു ആ ശരം എറിഞ്ഞത് എന്ന്കൂടി ചിന്തിച്ചുനോക്കൂ. വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു എന്ന് പരാതി കൊടുക്കുന്ന പെൺകുട്ടികളേ നിങ്ങൾക്കും കൂടിയുള്ള അടിയാണ് എഴുത്തുകാരൻ അതിവിദഗ്ധമായി ഒളിച്ചു കടത്തിയത്. അതായത്, പെണ്ണേ നീ അവനെ കെട്ടിപ്പിടിക്കുമ്പോൾ ആ പ്രണയത്തിൽ ജീവിക്കൂ…നാളെ വന്നേക്കുമെന്ന് വിചാരിക്കുന്ന താലിയിലേക്ക് ആ പ്രണയത്തെ കൊരുത്തിടല്ലേ എന്നാണ് അപ്പുവിലൂടെ അവർ വിളിച്ചു പറഞ്ഞത്. പക്ഷേ, ഇതൊക്കെ സ്വീകരിക്കാൻ വളർന്നിട്ടില്ല നമ്മളിലെ പ്രേക്ഷകർ. അതുകൊണ്ടാണ് അവർ ചുംബിക്കുമ്പോൾ, കെട്ടിപ്പിടിക്കുമ്പോൾ ആ കിടപ്പുമുറിയിലേക്ക് ഒളിച്ചു നോക്കിക്കൊണ്ട് നാം നെറ്റി ചുളിക്കുന്നത്.
Screen Shot 2017-12-30 at 2.44.05 PM
കൈയ്യിൽ കാശില്ലാത്തപ്പോഴും ഇംഗ്ലീഷ് പറഞ്ഞാൽ മതിയെന്ന് മകളെ ചട്ടം കെട്ടുന്ന അപ്പുവിന്റെ അമ്മ! അവരെപ്പോലെ ചില അമ്മമാരെ നമ്മൾ പലയിടത്തും കണ്ടിട്ടില്ലേ? പാതിരാത്രി വിശന്നു വലഞ്ഞു കയറി വന്ന കൂട്ടുകാരിയെ പിടിച്ചിരുത്തി രണ്ടുദിവസം മുമ്പ് തുടങ്ങിയ കഥകൾ വിശദീകരിക്കാനിരിക്കുന്ന റൂംമേറ്റ്! ഹോസ്റ്റൽ ജീവിതം ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളവർക്ക് എളുപ്പം മനസ്സിലാക്കാനാവും ആ രംഗം. അവർ പറയാനിരുന്നതും ഒരു പ്രണയത്തിന്റെ കഥയാണ്. ഒരു വരി പറഞ്ഞ് നിറുത്തി നിനക്ക് മാത്തനോട് മറ്റൊന്നുമില്ലേ എന്ന് അവർ ചോദിക്കുന്നത് പ്രണയം എന്താണെന്ന് അറിയാവുന്നത് കൊണ്ടാണ്.
പ്രതിയെ പിടിക്കാൻ വരുന്ന പൊലീസുകാർക്കുമുണ്ട് പറയാൻ പ്രണയത്തിന്റെ കഥകൾ. ഒരാൾ വിവാഹപ്പിറ്റേന്ന് ജോലിക്ക് ഇറങ്ങിയ ഉദ്യോഗസ്ഥനാണ്. വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ വണ്ടിയുടെ പിറകിൽ ഇരുന്ന് വരുന്ന അയാളോട് അത് ഫ്രണ്ടാണോ എന്ന് അർത്ഥം വച്ച് ചോദിച്ച മേലുദ്യോഗസ്ഥനോട് എത്ര മാന്യമായി അയാൾ പറഞ്ഞു അതെന്റെ ഗേൾഫ്രണ്ടാണെന്ന്!. സ്വകാര്യജീവിതത്തിലെ ദേഷ്യം മറ്റൊരാളോട് തീർക്കരുതെന്ന് അയാൾ മേലുദ്യോഗസ്ഥനോട് മറ്റൊരവസരത്തിൽ പറയുന്നുണ്ട്. തന്നെ ഇട്ടെറിഞ്ഞ് കാമുകനോട് പോയ ഭാര്യയോട് മാത്രമല്ല മേലുദ്യോഗസ്ഥന് ദേഷ്യം. പ്രണയിക്കുന്നവരോട് മുഴുക്കെയും അയാൾക്ക് കലിയാണ്. അത് മാത്തനോടും അയാൾ കാണിക്കുന്നുണ്ട്.
എന്നാൽ, ഇവരാരുമല്ല മായാനദിയിലെ യഥാർത്ഥ താരം… അത് ഒന്നുമല്ലെന്ന് നമ്മൾ കരുതുന്ന മറ്റൊരാളാണ്. മാത്തന്റെ ഷാജി ആശാൻ. അപ്പുവിനേക്കാൾ മുമ്പ് മാത്തൻ ചെന്നുകാണുന്നത് ഷാജി ആശാനെയാണ്. ആരു കൈവിട്ടാലും ആശാൻ തന്നോടൊപ്പമുണ്ടാകുമെന്ന് മാത്തന് അത്രയ്ക്ക് ഉറപ്പുണ്ടായിരുന്നു. അപ്പുവിനോട് പോലും ഉമ്മ വച്ചോട്ടെയന്ന് സമ്മതം ചോദിച്ചപ്പോൾ ആശാന്റെ കവിളിൽ അവൻ നൽകിയ മുത്തം ശ്രദ്ധിച്ചില്ലേ? മാത്തന് ഉറക്കം കിട്ടാനായി രാത്രി വണ്ടിയെടുത്ത് കറങ്ങുന്ന ആശാൻ, ജീവിതം കൈവിട്ടു പോയതിന് ശേഷമേ അത് തിരിച്ചറിയൂ എന്ന് ശിഷ്യനെ ഉപദേശിക്കുന്നുണ്ട്. അയാൾക്കുമുണ്ട് മനോഹരമായ പ്രണയകഥ പറയാൻ. പൊലീസെത്തിയെന്ന് കേട്ടതും വണ്ടിയുടെ കീ എടുത്ത് മാത്തന് നൽകി പെട്ടെന്ന് സ്ഥലംവിട്ടോളാൻ ആശാൻ പറയുന്നതും ആ പ്രണയിനിക്ക് വേണ്ടിയാവാം. അവളുടെ മകളെ സ്വന്തം പോലെ വാരിയെടുക്കുന്ന ആശാനെ ആദ്യം നമ്മൾ കണ്ടതല്ലേ…

നഷ്ടങ്ങൾ
വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ സഹോദരന്റെ പിടിവാശിക്ക് മുമ്പിൽ സ്വപ്നങ്ങളെല്ലാം ഉപേക്ഷിച്ച് ഗൾഫിലേക്ക് പോകേണ്ടി വരുന്ന സമീറ പ്രേക്ഷകന് നൽകുന്നത് ദു:ഖമാണ്. തനിക്ക് ഡിപ്രഷൻ ഉണ്ടെന്ന് കൂട്ടുകാരിയും കൌൺസിലറുമായ ദർശനയോട് പറയുന്നത് ആദ്യം സ്ക്രീനിൽ കാണുമ്പോൾ പൊട്ടിയെന്ന് പ്രേക്ഷകൻ ചിന്തിക്കുന്ന സമീറ തന്നെയാണ്. എപ്പോഴും കളിച്ച് ചിരിച്ച്, ട്രാൻസ്ജെൻ‌ഡറിനെ തന്നെപ്പോലെ ഒരാളായി കണ്ട് കെട്ടിപ്പിടിക്കുന്ന, ഒരുനാൾ കൂട്ടുകാരി വലിയ സ്റ്റാറാകുമെന്ന് ഉറച്ച് വിശ്വസിച്ച് അവൾക്ക് ഉപദേശം നൽകുന്ന സമീറ, അവൾ എന്ത് സുന്ദരിയാണ്. എല്ലാം ഉപേക്ഷിച്ച് സഹോദരനൊപ്പം പോകുന്ന അവളുടെ ജീവിതം എന്ത് ദുരിതമായിരിക്കുമെന്ന് ചിന്തിച്ചു നോക്കൂ.
അപ്പുവിനും സമീറയ്ക്കും ആശ്വാസമാകുന്ന ദർശനയെന്ന കൂട്ടുകാരി. ബാൽക്കണിയിൽ അവൾ ഇരുന്ന് പാടുമ്പോൾ, അവർ ഇരുന്ന് സംസാരിക്കുമ്പോൾ മനസ്സ് തുളുമ്പുന്നില്ലേ. എന്ത് മനോഹരമായ കാഴ്ചയാണ് അത്. സമീറ പോകുന്നതോടെ അവർക്ക് നഷ്ടപ്പെടുന്നത് അത്തരം രാത്രികളല്ലേ?

അപ്പുവും മാത്തനും
25542353_1487897137992184_8328314904183010214_o
ഒരുപാട് പറഞ്ഞ് നിറഞ്ഞതുകൊണ്ട് അപ്പുവിനെയും മാത്തനെയും വെറുതെ വിടുകയാണ്. മാത്തൻ പ്രേതമാണോ അല്ലയോ? അപ്പു മാത്തനെ ചതിച്ചോ? അവൾ എന്താണ് മാത്തനിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഇതൊക്കെയും ഓരോ പ്രേക്ഷകനും സ്വയം ചിന്തിച്ചു കണ്ടു പിടിക്കേണ്ടതുണ്ട്. തിരക്കഥ, മേയ്ക്കിംഗ്, സംഗീതം, പാട്ടുകൾ, പാട്ടുകാർ, ഒടുവിൽ കപ്പിത്താൻ സംവിധായകൻ എല്ലാവരും കയ്യടി അർഹിക്കുന്നുണ്ട്. എഴുന്നേറ്റ് നിന്ന് കയ്യടിച്ച് തന്നെ തീയേറ്റർ വിട്ടിറങ്ങുക.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top