Articles

പുതു മലയാള സിനിമയുടെ വൻ വിജയങ്ങൾക്കു പിന്നിൽ തന്ത്രം ഒരുക്കുന്ന പെൺപുലി: മഞ്ജു ഗോപിനാഥ്

Sponsored Links

manju

ബുദ്ധിയും കഴിവുമുണ്ടെങ്കിൽ ഏതുമേഖലയിലും ശോഭിക്കാമെന്നു തെളിയിച്ചിട്ടുള്ളവരാണ് പല സ്ത്രീകളും. പുരുഷാധിപത്യം നിലനിൽക്കുന്ന മലയാള സിനിമയിൽ പി ആർ ഓ എന്ന പദവിയിലെത്തുന്ന ആദ്യ വനിതയാണ് മഞ്ജു ഗോപിനാഥ്. മാധ്യമ ടെലിവിഷൻ രംഗത്തും എഫ് എം റേഡിയോയിലും ഉള്ള പ്രവർത്തിപരിചയ സമ്പത്തുമായാണ് മഞ്ജുവിന്റെ പുതിയ മേഖലയിലേക്കുള്ള കാൽവയ്പ്പ്.

അർഹമായ അംഗീകാരം പൊതുജനത്തിനിടയിൽ കിട്ടാറില്ലെങ്കിലും ഒരു സിനിമയുടെ തുടക്കം മുതൽ അതിന്റെ റിലീസിംഗ് വരെയും അത് കഴിഞ്ഞും നീളുന്ന വളരെയേറെ ഉത്തരവാദപ്പെട്ട ജോലിയാണ് പി ആർ ഓ യ്ക്കുള്ളത്. ഇതുവരെ പുരുഷന്മാർ മാത്രം കൈകാര്യം ചെയ്തിരുന്ന ഈ ഒരു രംഗത്തേക്കാണ് മഞ്ജു ഗോപിനാഥ് ആത്മവിശ്വാസത്തോടെ കടന്നു വന്നത്. മെഗാ സ്റ്റാർ മമ്മൂട്ടിയുമായുള്ള സൗഹൃദമാണ് ഇതിനു വഴിവച്ചത്. അദ്ദേഹത്തെ എഫ് എം വഴി അഭിമുഖം ചെയ്യാൻ ലഭിച്ച അവസരമാണ് അവരുടെ സൗഹൃദത്തിന് തുടക്കം കുറിച്ചത്.

manju2

ചെറിയ സിനിമകൾ പ്രൊമോട്ട് ചെയ്യുന്നതിലൂടെ തുടങ്ങി ഇന്ന് നിതിൻ രഞ്ജി പണിക്കരുടെ മമ്മൂട്ടി ചിത്രമായ കസബ, ഉദയ് അനന്തന്റെ മമ്മൂട്ടി ചിത്രമായ വൈറ്റ് എന്നിവയിലൂടെ ഒഫീഷ്യൽ ആയി പി ആർ ഓ സ്ഥാനത്തെത്തിനിൽക്കുകയാണ് മഞ്ജു. ഹിപ്പോ പ്രൊമോഷൻസ് എന്നൊരു ബാനർ ഉണ്ടാക്കി ചില മമ്മൂട്ടി ചിത്രങ്ങൾ പ്രൊമോട്ട് ചെയ്തു വന്ന മഞ്ജുവിന്റെ കരിയറിൽ വഴിത്തിരിവായത് ദി ലാസ്റ് സപ്പർ എന്ന സിനിമക്കും ഗോപി സുന്ദറിന്റെ മ്യൂസിക് ലോഞ്ചിനും നടത്തിയ പ്രൊമോഷനായിരുന്നു. മോഹൻലാലിൻറെ ചിത്രങ്ങളിൽ ആദ്യമായി പ്രൊമോഷൻ ചെയ്തത് അദ്ദേഹത്തിന്റെ 1971 എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു. അദ്ദേഹത്തെ പരിചയപ്പെടാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും കഴിഞ്ഞ കാര്യത്തെക്കുറിച്ച് ഓർക്കുമ്പോൾ ഇന്നും മഞ്ജു ഏറെ വാചാലയാകും. ഏകദേശം നാൽപ്പതോളംപേർ പ്രിയനടനോടൊപ്പംനിന്ന് ഫോട്ടോയെടുക്കാൻ തിരക്ക് കൂട്ടുമ്പോഴും അതിനിടയിൽ അദ്ദേഹത്തോടൊപ്പം നിന്ന് ഫോട്ടോ എടുക്കാൻ ഭാഗ്യമുണ്ടായ കഥ വളരെ കൗതുകത്തോടെയാണ് മഞ്ജു നമ്മോടു പറയുന്നത്.

ഓലപ്പീപ്പി , തോപ്പിൽ ജോപ്പൻ, സഖാവ്, ടേക്ക് ഓഫ്, വീരം, അച്ചായൻസ്, സർവോപരി പാലക്കാരൻ , ആദം ജോൺ, പുള്ളിക്കാരൻ സ്റ്റാറാ, തൃശ്ശിവപേരൂർ ക്ലിപ്തം, തരംഗം, സ്ട്രീറ്റ് ലൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളുടെയും ഭാഗമായ മഞ്ജുവിന്റെ ആത്മാർഥതയും അർപ്പണബോധവുമാണ് എടുത്തുപറയേണ്ട പ്രത്യേകത. പ്രിന്റഡ് മീഡിയ, വാർത്താ ചാനലുകൾ, നവമാധ്യമങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വ്യകതമായ ധാരണയുള്ള മഞ്ജു ഗോപിനാഥ് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “സോഷ്യൽ മീഡിയ നമ്മുടെ വിരൽത്തുമ്പിൽ നിൽക്കുന്നതാണ്, മറ്റെന്തിനേക്കാളും വേഗത്തിൽ,സെക്കൻഡുകൾക്കുള്ളിൽ വിവരങ്ങൾ ശേഖരിക്കാൻ സഹായിക്കുന്നവയാണ് അത്. അതുകൊണ്ടു തന്നെ പൊതുജനങ്ങൾക്കിടയിൽ അവയുടെ സ്വാധീനവും വളരെ വലുതാണ്. സിനിമ പ്രൊമോഷനിൽ സോഷ്യൽ മീഡിയയുടെ പങ്ക് വളരെ വലുതാണ് “. സിനിമയുടെ കഥയും, അതിന്റെ സ്വീകാര്യത ഏതു മേഖലയിൽ ഉള്ളവർക്കിടയിൽ ആയിരിക്കുമെന്ന കണക്കുകൂട്ടലുമൊക്കെ വച്ചുകൊണ്ട് ഓരോ സിനിമയ്ക്കും അതിനു യോജിക്കും വിധമുള്ള വ്യത്യസ്തമായ പ്രൊമോഷണൽ സ്ട്രാറ്റജിയാണ് മഞ്ജു പരീക്ഷിക്കുന്നത്. ലിജോ പെല്ലിശ്ശേരിയുടെ പുതിയ സിനിമയുടെ തിരക്കിലാണ് ഇപ്പോൾ.

manju3

ഒരു സ്ത്രീയെന്ന നിലയിൽ ജോലി സ്ഥലത്ത് ഇതുവരെയും മോശമായ ഒരു അനുഭവവും നേരിടേണ്ടി വന്നിട്ടില്ലെന്ന് പറഞ്ഞ മഞ്ജു സ്ത്രീകൾ എങ്ങനെ പെരുമാറുന്നു എന്നതനുസരിച്ച് തിരിച്ചും മാന്യമായ ഇടപെടലുകളാണ് ഉണ്ടാവുക എന്ന് അഭിപ്രായപ്പെടുന്നു. ജോലിയുടെ ഭാഗമായി ഏതു സമയത്തും യാത്ര ചെയ്യുന്നതിനും ലൊക്കേഷനുകളിൽ എത്തുന്നതിനും ഒരു പ്രശ്നങ്ങളും തോന്നിയിട്ടില്ലെന്നും സമയബന്ധിതമായി വർക്ക് ചെയ്യണമെന്ന നിർബന്ധബുദ്ധി ഇല്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു. ഇപ്പോൾ പി ആർ ഓ യൂണിയന്റെ വൈസ് പ്രസിഡന്റ് കൂടിയായ മഞ്ജു. പി ആർ ഓ മാർക്ക് വേണ്ടി ഒരു വെബ്സൈറ്റ് തുടങ്ങുന്ന കാര്യവും ആലോചിക്കുന്നുണ്ട്. വിജയം ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീയ്ക്കും മാതൃകയാക്കാവുന്നതാണ് മഞ്ജുവിന്റെ നേട്ടങ്ങൾ.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top