Articles

തുറവൂരിൽ നടന്ന പ്രതികാരം എങ്ങനെ ഇടുക്കിയിലെത്തി ?

Sponsored Links

mahesh

തിരക്കഥാകൃത്ത് ശ്യാം പുഷ്കറിന്റെ നാടായ തുറവൂരിൽ നടന്ന ഒരു സംഭവമാണ് മഹേഷിന്റെ പ്രതികാരമായി ഇപ്പോൾ തീയേറ്ററുകളെ ഇളക്കി മറിക്കുന്നത്. കഥ കേട്ടയുടനെ ശ്യാമിന്റെ സുഹൃത്തും സിനിമാ പ്രവ‌ർത്തകനുമായ ദിലീഷിന് അതിൽ തന്റെ സിനിമയുണ്ടെന്ന് തോന്നി. തുറവൂരിൽ നടന്ന കഥ ഇടുക്കിയിലേക്ക് മാറ്റി നട്ടതിനെക്കുറിച്ചും മഹേഷിന്റെ പ്രതികാരത്തെക്കുറിച്ചും സിനിമയെക്കുറിച്ചും സംവിധായകൻ ദിലീഷ് പോത്തൻ മെട്രോ മാറ്റിനിയോട് മനസ്സ് തുറക്കുന്നു.
“എന്റെ വീട് കോട്ടയത്തെ ഇടുക്കിയുമായി ചേർന്ന് കിടക്കുന്ന കുറുപ്പുംതറയിലാണ്. ഇടുക്കി ഗോൾഡിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് ഞാൻ ഇതിന്റെ കഥ കേൾക്കുന്നത്.  അങ്ങനെ ഇടുക്കിയെ കൂടുതലായി അറിഞ്ഞു വരികയായിരുന്നു. ഭയങ്കര ലൈഫുള്ള സ്ഥലമാണ് ഇടുക്കി. ഈ ഒരു കഥ ഇടുക്കിയിൽ പറഞ്ഞാൽ നന്നാകും എന്ന് തോന്നി. അങ്ങനെയാണ് മഹേഷിന്റെ പ്രതികാരത്തിൽ ഇടുക്കി ഒരു കഥാപാത്രമായി മാറുന്നത്. ദിലീഷ് പറഞ്ഞു തുടങ്ങി.
‘സാധാരണ സിനിമയുടെ പ്രധാന കഥാപാത്രത്തിന് വേണ്ടി എല്ലാ ഒരുക്കങ്ങളും  നമ്മൾ നടത്തും.  പുതുതായി സിനിമയിൽ അഭിനയിക്കുന്ന ഒരുപാട് പേരുണ്ട് മഹേഷിന്റെ പ്രതികാരത്തിൽ.  സിനിമയെന്ന മീഡിയത്തെ അവർക്കൊന്ന് പരിചയപ്പെടുത്താനും കഥാപാത്രങ്ങളുമായി അടുപ്പിക്കാനും ഇടുക്കിയുടെ ഭാഷ അറിയാനും ഒക്കെയായി ഇടുക്കിയിൽ ഒരു ക്യാമ്പ് നടത്തി. കുറേക്കാലമായി അവർ കഥാപാത്രമാകാൻ വേണ്ടി നടത്തുന്ന പരിശ്രമങ്ങളെ ഒന്നു മിനുക്കാൻ ക്യാമ്പ് കൊണ്ട് കഴിഞ്ഞു.”
ഓർമ്മ വച്ച കാലം മുതൽ സിനിമകൾ കാണാൻ ഇഷ്ടമായിരുന്ന ദിലീഷ് കയ്യിൽ കിട്ടിയിരുന്ന എല്ലാ മലയാള സിനിമകളും കാണുമായിരുന്നു. എന്നാൽ, പ്രതീക്ഷിക്കാതെയാണ് സിനിമാ മേഖലയിൽ എത്തപ്പെട്ടത്. സിനിമയിൽ വന്നതിന് ശേഷം തീയേറ്റർ ആർട്ട് എന്താണെന്ന് പഠിക്കാൻ പോയ വ്യക്തി കൂടിയാണ് ദിലീഷ്.  ‘ആറോ ഏഴോ സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചതിന് ശേഷമാണ് ഞാൻ തീയേറ്റർ കോഴ്സ് പഠിക്കാൻ കാലടി യൂണിവേഴ്സിറ്റിയിൽ  പോയത്. നാടകവും അതിലെ അഭിനയവും ഒക്കെ എന്താണെന്ന് അറിയാനുള്ള ആഗ്രഹമാണ് അങ്ങനെ ചെയ്യിച്ചത്. അവിടെ നിന്നാണ് ഞാൻ നാടകത്തെ അടുത്തറിയുന്നത്. പിന്നീട്, നാടകവും സിനിമയും ഒപ്പത്തിന് കൊണ്ട് പോയി. കുറച്ചു കഴിഞ്ഞപ്പോൾ സിനിമയിൽ കൂടുതലായി ശ്രദ്ധിക്കുകയായിരുന്നു. സോൾട്ട് ആന്റ് പെപ്പറിൽ ആ കഥാപാത്രമാകാൻ എന്റെ രൂപം അനുയോജ്യമാണെന്ന് തോന്നിയപ്പോൾ ആഷിഖ് വിളിച്ചു, ഞാൻ ചെയ്തു. തീയേറ്റർ പഠിക്കാൻ പോയതിന്റെ എക്സ്പീരിയൻസ് ആണ് നടനാകാൻ വിളിച്ചപ്പോൾ ആത്മവിശ്വാസം നൽകിയത്.ഞാനാഗ്രഹിക്കുന്ന രീതി എന്താണെന്നുള്ള കാര്യം അഭിനേതാക്കൾക്ക് വിശദീകരിച്ചു നൽകുന്നതിൽ വ്യക്തത വരുത്താൻ  നടനായതിന് ശേഷം എനിക്ക് പറ്റി. ദിലീഷ് വ്യക്തമാക്കി.

ഒരു സിനിമയുടെ വിജയ ഘടകം എന്താണെന്നുള്ള പ്രേക്ഷകനെ ആശ്രയിച്ചാണെന്ന വാദക്കാരനാണ് ദിലീഷ്. അതേസമയം, കൂട്ടുകെട്ടുകളല്ല സിനിമയുടെ കൂട്ടായ്മ ആണ് സിനിമയെ വിജയിപ്പിക്കുകയെന്നും ദിലീഷ് പറയുന്നു. ‘ആരെ ലക്ഷ്യമിട്ടിട്ടുള്ള സിനിമയാണ് നമ്മൾ ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചാണ് വിജയഘടകമേത് എന്നതിന്റെ ഉത്തരം. നമ്മുടെ കാഴ്ചക്കാരൻ സ്ത്രീകളാണോ, പൊതു സമൂഹമാണോ, യുവാക്കളാണോ എന്നുള്ള കാര്യത്തിൽ തീർച്ച വരണം. ചില കഥകൾ റിയലിസ്റ്റാകണം, ചിലത് ഡ്രമാറ്റിക് ആകണം, അങ്ങനെ ഓരോ കഥയ്ക്കും എന്താണ് പറയാനുള്ളത് ആരോടാണ് പറയാനുള്ളത് എന്നതിനെ ആശ്രയിച്ചിരിക്കും സിനിമയുടെ വിജയം. നമ്മുടെ സിനിമയ്ക്ക് ആരാണോ ആവശ്യം അവരോടൊത്താണ് സിനിമ ചെയ്യുന്നത്. ആർക്കൊപ്പമാണോ കൂടുതൽ കംഫർട്ടബിൾ ആയിട്ട് ജോലി ചെയ്യാനാവുന്നത് അവരോടൊപ്പം ചെയ്യുന്നു. അതുകൊണ്ട്, സുഹൃത്തുക്കളായിട്ടുള്ളവർ ആവർത്തിച്ചു വന്നേക്കാം. എങ്കിലും തന്റെ സിനിമയ്ക്ക് ആരാണോ യോജിക്കുക അവരോടൊപ്പമാണ് ആ സിനിമ ഉണ്ടാവുക. ഒരു കൂട്ടം ആളുകളുടെ വിജയമാണ് സിനിമയുടെ വിജയം.” ദിലീഷ് പറയുന്നു.

 

 

 

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top