ഹിറ്റുകളുടെ കഥ : കോളിളക്കം


ഹോളിവുഡിലെ പ്രശസ്തരായ കൊളംബിയ പിക്ചേര്‍സിന്റെ മേനേജര്‍ ഹരിഹരനും അദ്ദേഹത്തിന്റെ സുഹൃത്തും ക്യാമറാമാനുമായ പി. എന്‍ . സുന്ദരവും കൂടി ആക്ഷന്‍ ചിത്രങ്ങളുടെ കുലപതി വിജയാനന്ദ് ന്റെ സംവിധാനത്തില്‍ പുതിയ ചിത്രം ഒരുക്കാന്‍ തീരുമാനമെടുത്തു . സൂപ്പര്‍സ്റ്റാര്‍ ജയനൊപ്പം ‘ ആവേശം’ എന്ന ചിത്രം പൂര്‍ത്തിയാക്കി ‘ ശക്തി ‘ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു വിജയാനന്ദ് . ശക്തി കഴിഞ്ഞു മതി തങ്ങളുടെ ചിത്രം എന്നു പറഞ്ഞപ്പോള്‍ വിജയാനന്ദ് സമ്മതം മൂളി . ചിത്രത്തിനായി നിരവധി കഥകളും നോവലുകളും തേടിയെങ്കിലും ഒന്നും ശരിപ്പെട്ടു വന്നില്ല . ശക്തിയില്‍ അഭിനയിച്ചുകൊണ്ടിരിക്കേയായിരുന്നു ഹിന്ദി സിനിമയിലെ ‘ വക്ത് ‘ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തെ കുറിച്ച് ജയന് വിജയാനന്ദിനോട് സൂചിപ്പിച്ചത് . വക്തിന്റെ ആശയം എല്ലാവര്ക്കും ഇഷ്ട്ടമായി . നിര്‍മ്മാതാവും മലയാളിയുമായ ഹരിഹരന് തന്നെ വക്തിന്റെ ആശയം വെച്ച് കഥയും തിരകഥ യും തയ്യാറാക്കി . വില്ലനായ ബാലന് കെ നായരുമായി ഏറ്റുമുട്ടുന്ന ക്ലൈമാക്സില്‍ ജയന് മരിക്കുന്നതായിട്ടായിരുന്നു ഹരിഹരന് ആദ്യം ഒരുക്കിയ തിരക്കഥ .
പക്ഷേ , ജയന് ചിത്രങ്ങള്‍ തിയേറ്ററുകളെ ഇളക്കിമറിക്കുന്ന സമയത്ത് ജയന് മരണപ്പെടുന്നത് ആരാധകര്‍ക്ക് ഇഷ്ട്ടമാകില്ലെന്ന് നടന് മധു പറഞ്ഞു . അങ്ങിനെ ശുഭകരമായ അന്ത്യവുമായി ക്ലൈമാക്സ് മാറ്റി എഴുതി . ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ചലച്ചിത്രലോകത്തെ സ്തംഭിപ്പിച്ചുകൊണ്ട് ഇതിഹാസ നായകന്റെ മരണം സംഭവിച്ചത് . ഒടുവില്‍ , ആദ്യം എഴുതിയ പോലെ ജയന് മരിച്ചതായി തന്നെ ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ സംവിധായകനും നിര്‍മ്മാതാവും തീരുമാനിച്ചു . പി .എന്‍ .സുന്ദരത്തിന്റെ കഴിവ് മനസ്സിലാക്കിയ ദേവാനന്ദ് തന്റെ മേല്‍നോട്ടത്തില്‍ സുന്ദരത്തെ സംവിധാന ചുമതല ഏല്‍പ്പിച്ചു . കൊല്ലം -തിരുവനന്തപുരം – മദ്രാസ് എന്നീ സ്ഥലങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ . ജയനെ കൂടാതെ മധു . സുകുമാരന്‍ . സോമന് . എം .എന്‍ നമ്പ്യാര്‍ . ബാലന് കെ നായര്‍ . കെ പി ഉമ്മര്‍ തുടങ്ങിയ വമ്പന്‍ താരയും ചിത്രത്തിന്റെ ഭാഗമായി . ജയന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു ചിത്രത്തിന്റെ ലാബ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയത് . 1981 ഫെബ്രുവരി 13നായിരുന്നു കോളിളക്കം റിലീസ് ചെയ്തത് . മലയാളസിനിമയുടെ ബോക്സ് ഓഫീസിനെ പുളകം കൊള്ളിച്ചുകൊണ്ട് വന്‍ വിജയമായിമാറുകയായിരുന്നു കോളിളക്കം.