Interview

ആക്രികച്ചവടക്കാരനായ ജോയ് മാത്യു സിനിമയിൽ എത്തിയ കഥ ,

Sponsored Links

Joy mathew - intewrview

പ്രവർത്തിച്ച മേഖലകളിലൊക്കെയും കലാപക്കൊടി ഉയർത്തിയ ആളാണ് താങ്കൾ. തീക്ഷ്ണമായ ഇടതുബോധത്തോടെ ജീവിച്ച താങ്കൾ, ഏറ്റവും സ്വതന്ത്ര ഇടമായി ഇപ്പോൾ കാണുന്ന സോഷ്യൽ മീഡിയയിലും ഒരു റിബലിന്റെ റോളിലാണ് നിൽക്കുന്നത്. എന്നിലെ നിഷേധിയെയാണ് എനിക്കിഷ്ടം എന്നു തുറന്നു പറഞ്ഞിട്ടുമുണ്ട്. ഈ നിഷേധം താങ്കളുടെ പുതു തട്ടകമായ സിനിമയിൽ നടപ്പാകുന്നുണ്ടോ. എതിർക്കുന്നവനെ കൂട്ടംചേർന്നൊതുക്കുന്ന കുടിലതന്ത്രം പതിയിരിക്കുന്ന സിനിമയിൽ ജോയ് മാത്യു എന്ന നിഷേധിക്ക് എങ്ങനെയാണ് അതിജീവനം? അതോ മിണ്ടാതിരിക്കലാണോ ഇവിടെ അഭികാമ്യം. എന്ന ചോദ്യത്തോട്‌ നടനും സംവിധായകനുമായ ജോയ്‌ മാത്യുവിന്റെ പ്രതികരണം ഇങ്ങനെ:

പ്രസക്തമായൊരു ചോദ്യമാണ്. പക്ഷേ ഇവിടെയും ഞാൻ ഞാനായിരിക്കാനാണ് ആഗ്രഹിക്കുന്നത്. സെറ്റിലും, സോഷ്യൽ മീഡിയയിലും തുറന്ന അഭിപ്രായപ്രകടനം നടത്തുമ്പോൾ, പ്രസ്താവന ഇറക്കുമ്പോൾ ആദ്യമൊക്കെ ഇവനാര് എന്ന നോട്ടം എന്റെ നേർക്ക് സിനിമയിലുള്ളവരിൽനിന്ന് ഉണ്ടായിട്ടുണ്ട്. എന്റെ ഭൂതകാലം അറിയാത്തതുകൊണ്ടായിരുന്നു ആ നോട്ടം. പതുക്കെ അറിഞ്ഞുവന്നപ്പോൾ ആ നോട്ടം മാഞ്ഞു.

ജീവിതത്തിൽ പലവിധ വേഷങ്ങൾ കെട്ടിയ ഒരു കാലമാണത്. ഓട്ടോ ഡ്രൈവർ, ബസ്സിൽ ചെക്കിംഗ് ഇൻസ്‌പെക്ടർ, ആക്രിക്കച്ചവടം, പഴയ വീട് പൊളിച്ചു വിൽക്കൽ, പാരലൽ കോളേജ് അദ്ധ്യാപകൻ, സ്ഥലക്കച്ചവടം, ബുക്ക്സ്റ്റാൾ ജീവനക്കാരൻ അങ്ങനെ അങ്ങനെ അത് നീളുന്നു. വിസിറ്റ് വിസയിൽ വരുന്ന ഒരാൾ നേരിടുന്ന അനിശ്ചിതത്വവും ബുദ്ധിമുട്ടും സ്വാഭാവികമായും ഞാനും അനുഭവിച്ചു. എന്ത് ജോലിയും ചെയ്യാൻ ഞാൻ തയ്യാറായിരുന്നു. സാഹചര്യം അതായിരുന്നല്ലോ. പക്ഷെ കിട്ടിയ ജോലിയോ, സ്വപ്നത്തിൽപ്പോലും വിചാരിക്കാത്ത ഒന്നും. മാനസി എന്ന മാസികയുടെ പത്രാധിപത്യം! ആയിരം ദിർഹം ശമ്പളം. മൂന്നു മാസം വീതമുള്ള നാല് വിസിറ്റ് വിസയുടെ കാലം മുഴുവൻ ഞാനതിന്റെ പത്രാധിപത്യം വഹിച്ചു. വിസ മാറ്റാൻ കിഷ് ഐലന്റിലേക്ക് കണ്ടംചെയ്യേണ്ട പരുവത്തിലുള്ള വിമാനത്തിൽ നടത്തിയ യാത്രകളെക്കുറിച്ചോർക്കുമ്പോൾ ഇന്നും എനിക്ക് ഭയമാണ്.

പിന്നീട് കുറച്ചുകൂടി മെച്ചപ്പെട്ട വേതനവും തൊഴിൽ വിസയും വാഗ്ദാനം ചെയ്ത് മറ്റൊരാൾ (തറവാട് റെസ്റ്റോറന്റ് ഉടമ ബിജു കോശി) മറ്റൊരു മാസിക ആരംഭിക്കാൻ വിളിച്ചു. ‘മയൂരി’ എന്ന ആ മാസികയിൽ ആകെയുള്ള 92 പേജിൽ 80 പേജും ഞാൻ തന്നെ എഴുതിയുണ്ടാക്കുകയായിരുന്നു എല്ലാ മാസവും; എഡിറ്റോറിയൽ മുതൽ നക്ഷത്രഫലം വരെ. ഈ കാലത്ത് ഭാര്യയും (സരിത) മൂന്നു കുട്ടികളും ദുബായിൽ വന്ന് എന്നോടൊപ്പം കൂടി. ഭാര്യയ്ക്ക് ഇവിടെ നല്ലൊരു കമ്പനിയിൽ ജോലിയും കിട്ടി, എന്നേക്കാൾ ശമ്പളത്തിൽ.

ദുബായിൽ ഞാനേറെ ഇഷ്ടപ്പെടുന്നത് ദേരയും ക്രീക്കും അബ്രായുമാണ്. എന്റെ ഒമ്പതു വർഷത്തെ ദുബായ് ജീവിതത്തിൽ ഞാനേറെയും ചെലവിട്ടത് ഇവിടെയാണ്. ഞാൻ മുമ്പ് പറഞ്ഞപോലെ അബ്രയിൽ കയറാൻ (കടത്തു വഞ്ചി) അമ്പത് ഫിൽസില്ലാതെ വിഷമിച്ചതും, രാത്രി വിളക്കുകൾ തെളിയുംനേരം ക്രീക്കിന്റെ കരയിൽ ഭാവിയെപ്പറ്റിയുള്ള സ്വപ്‌നങ്ങൾ കണ്ടിരുന്നതും താഴ്ന്ന വരുമാനക്കാരുടെ ദേരയിൽ അലിഞ്ഞുചേർന്നതുമൊക്കെ ഞാൻ എങ്ങനെ മറക്കാൻ…

ഏതു ജോലിയും മടുപ്പുതോന്നിയാൽ അപ്പോൾത്തന്നെ നിർത്തുന്ന ഒരു പ്രകൃതമാണെന്റേത്. ഈ പ്രകൃതം എന്നെ മാഗസിൻ ജേണലിസത്തിൽനിന്ന് ടി.വി ജേണലിസത്തിലെത്തിക്കുന്നു. അങ്ങനെ ദുബായിൽ, അമൃത ടി.വി യിൽ 6 വർഷം. അതും മടുത്തപ്പോഴാണ് നാട്ടിൽപ്പോയി ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടാകുന്നത്.

പിന്നെ…. വിപണിമൂല്യത്തിന്റെയും അതിന്റെ അധികാരത്തിന്റെയുമൊക്കെ ബലതന്ത്രങ്ങൾ സിനിമയിലുണ്ട്. താരമൂല്യം വമ്പൻ മുതൽമുടക്കുള്ള ചിത്രങ്ങളുടെ അനിവാര്യ ചേരുവയാണ്. പുലിമുരുകനെടുക്കുമ്പോൾ മോഹൻലാലിനെപ്പോലൊരു വലിയ താരം വേണം. അതിനെ തള്ളിപ്പറയേണ്ട കാര്യമില്ല. കുറഞ്ഞ ചിലവിൽ മികച്ച ചിത്രമെടുക്കാൻ കഴിയുന്നവർക്ക് അതിന്റെ ആവശ്യമില്ലതാനും. സ്വപ്‌നങ്ങൾ വിൽക്കലാണ് സിനിമ. മയക്കിക്കിടത്തി പോക്കറ്റടിക്കുന്ന പണി. ഞാൻ പറയുന്നത് എന്റെ പൊളിറ്റിക്കൽ തീരുമാനമാണ്. അത് മന്ത്രിമാരുടെ കാര്യത്തിലാണെങ്കിലും ഞാൻ പറയാറുണ്ട്. അതിൽ എനിക്ക് ഭയമില്ല. ദുബായിൽ വണ്ടിയോടിക്കാൻ ലൈസൻസ് ഉള്ളിടത്തോളം ഞാനും എന്റെ കുടുംബവും പട്ടിണി കിടക്കില്ല. അതൊരു ധൈര്യമാണ്. അനുഭവംകൊണ്ട് ശരിയാണെന്നു തോന്നുന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ഒരാളെയും ആർക്കും ഒരുകാലത്തും ഒതുക്കാനാകില്ല; ഒരു ഭരണകൂടം വിചാരിച്ചാൽപ്പോലും.

ദുബായ്‌ ഏഷ്യാവിഷൻ മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് ജോയ്‌ മാത്യുവിന്റെ ഈ വെളിപ്പെടുത്തലുകൾ.

 

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top