Articles

സിനിമയിലെ മോഹൻലാലിന്റെ ആ മാറ്റത്തിനു പിന്നിൽ സംവിധായകൻ ഐ വി ശശി

Sponsored Links

ivsasi_mohanlal

ഐ വി ശശി എന്ന സംവിധാന പ്രതിഭയിലൂടെയാണ്‌ മലയാളത്തിലെ ചരിത്ര ഹിറ്റുകൾ കൂടുതലും പിറന്നത്‌. ജയൻ മുതൽ സുരേഷ്‌ ഗോപി വരെയുള്ള താരങ്ങളെ സൂപ്പർ താരങ്ങളാക്കിയതിലും ഐ വി ശശിയുടെ പങ്ക്‌ വളരെ വലുതാണ്‌.

മലയാളത്തിലെ ആദ്യ ന്യൂജനറേഷൻ സംവിധായകൻ എന്ന്‌ ഈ സംവിധായകനെ വിളിക്കാം. സൂപ്പർ താരങ്ങളായ നസീറും മധുവും ഇല്ലാതെ ഒരു സിനിമ പോലും എടുക്കാൻ സംവിധായകരും നിർമ്മാതാക്കളും മടിച്ചു നിന്ന കാലത്ത്‌ പുതുമുഖങ്ങളെ അണി നിരത്തി സിനിമ നിർമ്മിച്ച്‌ വിജയിപ്പിച്ച്‌ കാണിച്ച സംവിധായകനായിരുന്നു ഐ വി ശശി. സംവിധാനം എന്ന കുപ്പായത്തിനുള്ളിൽ ഒതുങ്ങി പോകാതെ സെറ്റിടൽ മുതൽ പരസ്യം വരെ എല്ലാ കാര്യങ്ങളിലും അദ്ദേഹം മുൻകൈ എടുത്തു.

കോഴിക്കോട്‌ അത്താണിക്കൽ ഒരു ഇടത്തരം കുടുംബത്തിൽ 1948 മാർച്ച്‌ 28നായിരുന്നു ഐ വി ശശിയുടെജനനം. കോഴിക്കോട്ടുള്ള ടൂറിംഗ്‌ ടാക്കീസിൽ നിന്നു തുടങ്ങിയ ഐ വി ശശിയുടെ ജീവിതം മാറിയത്‌ ഒരു മദ്രാസ്‌ യാത്രയിലായിരുന്നു. ഈ യാത്രയിൽ ബന്ധുവായ സ്വാമിനാഥനുമായി ( എസ്‌ കൊന്നനാട്‌) ആത്മബന്ധം തുടങ്ങുകയും അതുവഴി വെള്ളിവെളിച്ചത്തിലേക്ക്‌ എത്തിച്ചേരുകയുമായിരുന്നു.
എം ടി, പത്മരാജൻ, ടി ദാമോദരൻ, ലോഹിതദാസൻ, ജോൺ പോൾ, രഞ്ജിത്‌ എന്നീ പ്രതിഭാധനരായ തിരക്കഥാകൃത്തുക്കളെ മലയാളി ആരാധിച്ചു തുടങ്ങിയത്‌ ഐ വി ശശി ചിത്രങ്ങളിലൂടെയായിരുന്നു.

ഐ വി ശശി, ആലപ്പി ഷെരീഫ്‌, രാമചന്ദ്രൻ എന്നിവരുടെ കൂട്ടായ്മയിൽ നിർമിച്ച അവളുടെ രാവുകൾ മലയാളികൾക്ക്‌ നവ്യാനുഭവമായി. സെക്സിന്‌ മലയാളത്തിൽ പുതിയൊരു ദൃശ്യാഖ്യാനം പകരുവാൻ ഈ സിനിമക്കായി. ഒട്ടേറെ വിമർശനങ്ങളെ നേരിടേണ്ടി വന്നെങ്കിലും അതിനെയെല്ലാം നേരിട്ട്‌ മലയാള ചലച്ചിത്രരംഗത്ത്‌ അദ്ദേഹം കിരീടമുറപ്പിച്ചു. സമകാലിക സംഭവങ്ങൾ സംഭാഷണത്തിലൂടെ തീപ്പൊരിയാക്കിയ ടി ദാമോദരനുമായുള്ള കൂട്ടുകെട്ട്‌ ഒട്ടേറെ ഹിറ്റുകൾ നൽകി. മലയാള സിനിമയിൽ ഒട്ടേറെ പേരുടെ വിധി മാറ്റിയെഴുതുവാനും ഐ വി ശശിക്ക്‌ കഴിഞ്ഞു. മലയാള സിനിമയിലെ പുതിയ ട്രെൻഡുകൾക്ക്‌ തുടക്കമിട്ട ഐ വി ശശിയാണ്‌ മോഹൻലാലിനെ ആക്ഷൻ ഹീറോ ആക്കിയത്‌.

Utsavamfilm75

1975 ൽ ഉത്സവം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഐ വി ശശിക്ക്‌ സിനിമാ ജീവിതത്തിന്റെ നാൽപ്പതാം വാർഷികത്തിന്‌ സമ്മാനമായി ജെ സി ഡാനിയേൽ പുരസ്ക്കാരവും ലഭിച്ചു. ഇടക്കാലത്ത്‌ ചലച്ചിത്രമേഖലയിൽ നിന്നും ഒരു അകലം പാലിച്ച സംവിധായകൻ ഫീനിക്സിനെപ്പോലെ തിരിച്ചെത്തുകയാണ്‌. രണ്ട്‌ ബിഗ്‌ ബജറ്റ്‌ ചിത്രങ്ങളാണ്‌ ഐ വി ശശിക്ക്‌ വേണ്ടി കാത്തിരിക്കുന്നത്‌. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രവും കുവൈറ്റ്‌ യുദ്ധം പശ്ചാത്തലമായി ഒരുങ്ങുന്ന വമ്പൻ പ്രോജക്ടും.

ഉള്ളിലുറങ്ങുന്ന കലാ പ്രതിഭയെ കാലത്തിന്റെ കരങ്ങൾകൊണ്ട്‌ ആർക്കും മായ്ക്കാൻ കഴിയില്ലെന്ന്‌ വീണ്ടും തെളിയിക്കുകയാണ്‌ ഐ വി ശശി എന്ന അമൂല്യ പ്രതിഭ.

ഐ വി ശശിയുടെ ചില ഹിറ്റ്‌ ചിത്രങ്ങൾ: അനുഭവം, ഇതാ ഇവിടെ വരെ, അവളുടെ രാവുകൾ, അങ്ങാടി, കരിമ്പന, ഈ നാട്‌, ഇണ, സിന്ദൂര സന്ധ്യക്ക്‌ മൗനം, ആരൂഢം, നാണയം, ആൾക്കൂട്ടത്തിൽ തനിയെ, കാണാമറയത്ത്‌, കരിമ്പിൻപൂവിനക്കരെ, വാർത്ത, ആവനാഴി, അടിമകൾ ഉടമകൾ, നാൽക്കവല, 1921, മുക്തി, മൃഗയ, ഇൻസ്പെക്ടർ ബൽറാം, ദേവാസുരം, വർണ്ണപകിട്ട്‌.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top