Farming

പാഴ്മണ്ണിലെ പണം കായ്ക്കുന്ന മരം – കശുമാവ്

Sponsored Links

Cashew-Nut-The-Cholesterol-and-Fat-Busting-Super-Nut

പാഴ്മണ്ണിലെ പണം കായ്ക്കുന്ന മരമെന്നാണ് കശുമാവിന്റെ പണ്ടേയുളള ഖ്യാതി. കശുവണ്ടിക്കു വേണ്ടിയാണ് പ്രധാനമായും കശുമാവിന്റെ കൃഷി. കശുവണ്ടി എടുത്തതിനു ശേഷം എട്ടിരട്ടി വലിപ്പമുള്ള കശുമാമ്പഴം മിക്കപ്പോഴും പാഴാക്കി കളയുകയാണ്. ഒരു വര്‍ഷം 60 ലക്ഷത്തോളം കശുമാമ്പഴമാണ് ഇന്ത്യയില്‍ പാഴായി പോകുന്നത്. പോഷകമേന്മയും ഔഷധഗുണവും ഒരുപോലെ ഒത്തുചേര്‍ന്ന പഴമാണ് കശുമാമ്പഴം. കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ നല്ലയളവില്‍ ഈ പഴത്തില്‍ അടങ്ങിയിട്ടുണ്ട്.

കശുമാമ്പഴം സംസ്‌കരിച്ച് രുചിയേറിയ ഉല്‍പ്പന്നങ്ങളാക്കി മാറ്റിയാല്‍ കശുമാവ് കൃഷിയില്‍ നിന്നുള്ള വരുമാനം വര്‍ധിക്കും. അതോടൊപ്പം കേരളത്തിന്റെ ഗ്രാമീണ മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാകും. കശുമാങ്ങയില്‍ നിന്നും വാണിജ്യാടിസ്ഥാനത്തില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ സംസ്‌കരിച്ചെടുക്കുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ കാര്‍ഷിക സര്‍വകലാശാലയുടെ മാടക്കത്തറ കശുമാവ് ഗവേഷണകേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കാഷ്യൂ ആപ്പിള്‍ സിറപ്പ്, കശുമാമ്പഴ സ്‌ക്വാഷ്, ജാം, അച്ചാര്‍, ക്യാന്‍ഡി, റെഡി ടു സേര്‍വ് കശുമാമ്പഴ ജൂസ് (ആര്‍ട്ടിഎസ്) കശുമാങ്ങ ചോകലേറ്റ്, വിനാഗിരി, കശുമാമ്പഴസോഡ തുടങ്ങിയവയാണ് കശുമാങ്ങയില്‍ നിന്നുമുള്ള പ്രധാന വിഭവങ്ങള്‍. ഇവയ്ക്ക് പുതുമയുമേറെയുണ്ട്.

ജനുവരി മുതല്‍ മെയ്‌വരെയുള്ള മാസങ്ങളാണ് കേരളത്തില്‍ കശുവണ്ടിയുടെ വിളവെടുപ്പുകാലം. കശുമാവില്‍ നിന്നു വീണ് രണ്ടു ദിവസത്തിനകം ശേഖരിച്ചില്ലെങ്കില്‍ കശുമാമ്പഴം കേടായിപ്പോകും. വിളവെടുപ്പു കാലത്തു സംഭരിക്കുന്ന കശുമാമ്പഴം വര്‍ഷം മുഴുവന്‍ ലഭ്യമാകണമെങ്കില്‍ ജൂസായോ പള്‍പ്പായോ സംസ്‌കരിച്ച് സൂക്ഷിക്കണം. തൊണ്ടയില്‍ കാറലുണ്ടാക്കുന്ന ടാനിന്‍ എന്ന ഒരു രാസവസ്തു കശുമാമ്പഴത്തിലുണ്ട്. ഇത് നീക്കം ചെയ്തതിനുശേഷം വേണം ജൂസ് സൂക്ഷിച്ചു വെയ്ക്കാന്‍.

മാടക്കത്തറ കശുമാവു ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് കശുമാങ്ങാ ജൂസിലെ ടാനിന്‍ നീക്കം ചെയ്യാം. നീരു കുറെ കാലത്തേക്കു സൂക്ഷിച്ചു വെക്കണമെങ്കില്‍ ടാനിന്‍ നീക്കിയ ഒരു ലിറ്റര്‍ ജൂസില്‍ രണ്ടരഗ്രാം പൊട്ടാസ്യം മെറ്റാബൈ സള്‍ഫേറ്റ്, അഞ്ചു ഗ്രാം സിട്രിക് ആസിഡ് എന്നിവ ചേര്‍ത്ത് ഇളക്കിവെയ്ക്കണം. ഈ ജൂസ് ഒരു വര്‍ഷം വരെ കേടുകൂടാതെയിരിക്കും. കശുമാങ്ങാ നീരില്‍ നിന്നും വാണിജ്യപ്രാധാന്യമുള്ള കശുമാങ്ങാ ജൂസ്, കശുമാങ്ങാ സിറപ്പ്, കശുമാങ്ങാ ശീതളപാനീയം (ആര്‍ട്ടിഎസ്), സോഡ ചേര്‍ത്ത കശുമാങ്ങ, ജൂസ് എന്നീ ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കാം.

കശുമാങ്ങാ നീരിനൊപ്പം വെള്ളം, പഞ്ചസാര, സിട്രിക് ആസിഡ്, ലെമണ്‍ യെല്ലോ കളര്‍ എന്നിവ ചേര്‍ത്ത് കശുമാങ്ങാ സ്‌ക്വാഷ് നിര്‍മ്മിക്കാം. സോഡ കയറ്റിയ കശുമാങ്ങാ ജൂസാണ് അടുത്ത കാലത്തു വിപണിയില്‍ ഏറെ പ്രിയം നേടിയിട്ടുള്ള കശുമാമ്പഴ ഉല്‍പ്പന്നം. സോഡ നിറക്കുന്നതിനുള്ള യന്ത്രത്തിന് 15,000 രൂപയോളമേ ചെലവു വരികയുള്ളു.

പഴുത്ത കശുമാങ്ങയില്‍ നിന്നു തയാറാക്കുന്ന വിപണന സാധ്യതയുള്ള ഒരുല്‍പ്പന്നമാണ് കശുമാങ്ങ ക്യാന്‍ഡി. പഞ്ചസാര ലായനിയില്‍ കറമാറ്റിയ പഴുത്ത കശുമാങ്ങക്കൊപ്പം സിട്രിക് ആസിഡ്, പൊട്ടാസ്യം മെറ്റാ ബൈസള്‍ഫേറ്റ് എന്നിവ ചേര്‍ത്താണ് കശുമാങ്ങാ ക്യാന്‍ഡി തയാറാക്കുന്നത്. കശുമാങ്ങാ നീരില്‍ നിന്നും സിറപ്പ്, മദ്യം, വീഞ്ഞ്, വിനാഗിരി എന്നീയുല്‍പ്പന്നങ്ങളും തയ്യാറാക്കാം. കശുമാങ്ങാ അച്ചാര്‍, ചട്‌നി, ജാം, ടോഫി, ചോക്ക്‌ളേറ്റ്, കേക്ക്, ബിസ്‌കറ്റ്, ഐസ്‌ക്രീം, മില്‍ക്ക് ഷേപ്പ്, ഫ്രെഡ് ജൂസ്, ഐസ് ക്യാന്‍ഡി, ഹല്‍വ, പുഡിംഗ്, ബജി, ഓംലറ്റ്, പായസം, കട്‌ലറ്റ്, അവിയല്‍, സമോസ, ബോണ്ട, സ്റ്റ്യൂ, തീയൽ തുടങ്ങിയ രുചിഭേദങ്ങളും കശുമാങ്ങാ ചേര്‍ത്ത് അനുഭവിച്ചറിയാം.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top