Interview

അന്ന് കേട്ടതൊന്നും സത്യമല്ല , മോഹൻലാലും മമ്മൂട്ടിയുമല്ല പാര വച്ചത് .. !! നഷ്‌ടപ്പെട്ട രണ്ടു പ്രണയങ്ങളെ കുറിച്ചും റഹ്മാൻ

Sponsored Links

Mammootty Mohanlal Rahman

ഒരു മധുരക്കിനാവിന്റെ ലഹരിയിലെങ്ങും കുടമുല്ല പൂ വിരിഞ്ഞൂ ഈ പാട്ട് കേൾക്കുമ്പോൾ ഇന്നും യുവത്വം നിറഞ്ഞ ഒരു ചെറുപ്പക്കാരൻ മലയാളിയുടെ മനസ്സിൽ നൃത്തമാടും. മലയാള സിനിമാലോകം ഏറെ പ്രതീക്ഷയോടെ,​ സ്നേഹത്തോടെ സ്വീകരിച്ച റഹ്മാൻ. കാലം പോയപ്പോൾ,​ മലയാള സിനിമയിൽ നിന്ന് അപ്രത്യക്ഷനായി അന്യഭാഷകളിൽ തിളങ്ങി അദ്ദേഹം. വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും ചെറുപ്പം വിടാത്ത ആ ട്രെന്റ്മേക്കർ സംസാരിക്കുന്നു. സൂപ്പർ ഹിറ്റായ ധ്രുവങ്ങൾ 16 എന്ന് ചിത്രത്തെ കുറിച്ച്,​ ഗോസിപ്പുകളെ കുറിച്ച്,​ നഷ്‌ട പ്രണയങ്ങൾ കുറിച്ച് , ജീവിതത്തെ കുറിച്ച്…

165789_1239560645965_1737763701_429067_6291850_n_0

ഒരുകാലത്ത് മലയാള സിനിമയുടെ ഹരമായിരുന്നു റഹ്മാൻ. പെട്ടെന്നൊരു കാലത്ത് മലയാളസിനിമയിൽ നിന്ന് അപ്രത്യക്ഷമായി?​

ഞാൻ സിനിമയിലേക്ക് വരുന്നത് ഒന്നും അറിയാത്ത പ്രായത്തിലാണ്. 21 വയസിൽ ഞാൻ സിനിമയിലുണ്ടായിരുന്നു. പക്ഷേ, ഒരു ബോധവുമുണ്ടായിരുന്നില്ല. ഭാവിയെക്കുറിച്ച് ഒരു ഐഡിയയുമുണ്ടായിരുന്നില്ല. മലയാളത്തിൽ വന്നപ്പോൾ എന്റെ നല്ല സമയമായിരുന്നു. പ്രേക്ഷകർ എന്നെ സ്വീകരിച്ചു. എനിക്ക് വേണ്ടി കഥകളെഴുതി. അങ്ങനെയായിരുന്നു ആ കാലം. സിനിമയിൽ ഒരു സ്ഥാനത്ത് എത്തണമെന്ന ആഗ്രഹമൊന്നുമുണ്ടായിരുന്നില്ല. മലയാളത്തിൽ ചൂടുപിടിച്ച സമയത്താണ് എനിക്ക് തമിഴിൽ നല്ല ഓഫർ വരുന്നത്. അവിടെയും ഒന്ന് വെറുതെ ചെയ്തുപോകാമെന്ന് കരുതി. പക്ഷേ, ആദ്യത്തെ സിനിമ ഹിറ്റായി. രണ്ടാമത്തെ സിനിമയും ഹിറ്റായി. ഓരോ സിനിമയും ഹിറ്റാകുമ്പോൾ ഏതൊരു ആർട്ടിസ്റ്റിനും ഓഫറുകൾ വന്നുകൊണ്ടേയിരിക്കും. തെലുങ്കിലും അങ്ങനെ തന്നെയായിരുന്നു. ഞാൻ മലയാളം വേണ്ട, തമിഴ് മതിയെന്നൊന്നും തീരുമാനിച്ചിട്ടില്ലായിരുന്നു. കാറ്റിന് അനുസരിച്ച് അങ്ങനെ ഒഴുകി പോയി എന്നേയുള്ളൂ. ഇതേ ചോദ്യം തന്നെ തമിഴിൽ നിന്നും വരും. നിങ്ങൾ മലയാളത്തിലേക്ക് പോയോ എന്ന്. സത്യം പറഞ്ഞാൽ 93ന് ശേഷം സിനിമയുടെ എണ്ണം കുറഞ്ഞു. ഞാൻ സിനിമ സെലക്ട് ചെയ്യാൻ തുടങ്ങി. നല്ല അർത്ഥമുള്ള , എനിക്ക് വേണ്ട സിനിമകൾ മാത്രം ചെയ്തു. അങ്ങനെ വന്നപ്പോൾ സ്വാഭാവികമായും സിനിമയുടെ എണ്ണം കുറഞ്ഞു. ഗ്യാപ്പ് വന്നു. ഞാൻ ചെന്നൈയിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്. അതുകൊണ്ട് തമിഴിൽ കുറച്ചൂടെ സിനിമകൾ ചെയ്തു പോകുന്നുണ്ട്. മലയാളം എന്റെ മാതൃഭാഷയാണ്. മലയാളി പ്രേക്ഷകർ നല്ല സിനിമകൾ കാണാൻ ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് അത്തരം സിനിമകളേ എടുക്കാറുള്ളൂ. സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് ഇല്ലാത്തതു കൊണ്ടാണ് എനിക്ക് ആ റിസ്‌ക് എടുക്കാൻ കഴിയുന്നത്. മലയാളം സിനിമ മാത്രം ചെയ്തിരുന്നെങ്കിൽ കുടുംബത്തെ സപ്പോർട്ട് ചെയ്യാൻ നല്ല സിനിമകളല്ലാത്തവയും ചെയ്യേണ്ടി വന്നേനെ. തമിഴിലും തെലുങ്കിലും ചാൻസ് ഉള്ളതു കൊണ്ട് മലയാളം സെലക്ട് ചെയ്ത് അഭിനയിക്കാൻ പറ്റുന്നുണ്ട്.

പക്ഷേ,​ പറഞ്ഞു കേൾക്കുന്നത് മലയാളത്തിൽ നിന്ന് പലരും പാര വച്ച് ഒഴിവാക്കിയതാണെന്നാണല്ലോ?​

ഹേയ്, അങ്ങനെയൊന്നുമുണ്ടായിട്ടില്ല. അങ്ങനെ പാര വയ്ക്കാൻ പറ്റില്ലായിരുന്നു അന്ന്. ഇത്രയും ടെക്‌നോളജിയും കാര്യങ്ങളൊന്നുമില്ല. ഇപ്പോഴാണെങ്കിൽ നടക്കും. ഫേസ്ബുക്ക്, ഫാൻസ് അസോസിയേഷനുകളിലൊക്കെ ആരെയെങ്കിലും കൊണ്ട് സംസാരിപ്പിച്ചാൽ മതി.
rahman Mammootty Mohanlal
ഉദ്ദേശിക്കുന്നത് മമ്മൂട്ടിയെയും മോഹൻലാലിനെയുമാണെങ്കിൽ അന്ന് ഇവർ മാത്രമേയുള്ളൂ. അവരുടെ കൂടെയാണ് ഞാൻ കൂടുതൽ പടത്തിൽ അഭിനയിക്കുന്നതും. എന്റെ കുഴപ്പം കൊണ്ടാണ് സിനിമയില്ലാതായത്. എല്ലാവരും തമിഴിൽ സിനിമ ചെയ്തിട്ടുണ്ട്. എന്റെ പടങ്ങൾ ഹിറ്റായി. ഇവിടെ സിനിമയെടുക്കുന്ന രീതി എനിക്ക് സുഖിച്ചു. തമിഴിൽ അന്ന് 6 മാസം മുമ്പ് കാശ് തന്ന് ഡേറ്റ് ബ്‌ളോക്ക് ചെയ്യുമായിരുന്നു. മലയാളത്തിൽ ഷൂട്ടിംഗ് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പാണ് ഡേറ്റുണ്ടോന്ന് ചോദിക്കുക. അങ്ങനെ കുറേ സിനിമകൾക്ക് ഡേറ്റ് കൊടുക്കാൻ പറ്റാതായപ്പോൾ മലയാളം സിനിമകളുടെ എണ്ണം കുറഞ്ഞു. പിന്നെ, അന്നത്തെ സംവിധായകർ പോയി. അവരുടെ അസിസ്റ്റന്റുമാർ സംവിധായകരായി. പക്ഷേ, അവർക്ക് എന്നേക്കാൾ പുതിയ തലമുറയിലെ ആളുകളുമായിട്ടായിരുന്നു ബന്ധം. അങ്ങനെ എന്റെ പബ്‌ളിക് റിലേഷൻ കുറഞ്ഞതാണ് മലയാള സിനിമയിൽ നിന്ന് ഒഴിവാകാൻ കാരണം. അന്നൊന്നും മാനേജർ എന്നൊരു സംഭവം ഉണ്ടായിരുന്നില്ല. കോഴിക്കോട്- കൊച്ചി- എറണാകുളം എന്നിങ്ങനെ ഓടി നടന്ന് അഭിനയിക്കുകയായിരുന്നു. വർഷം 18 സിനിമകൾ ചെയ്തു. ആരുമായും സംസാരിക്കാനോ ഒന്നും ശ്രമിച്ചിരുന്നില്ല. അവാർഡ് ഫംഗ്ഷനുകളിലും എന്റെ ഇടപെടൽ കുറവായിരുന്നു.

ഒരു ഭാഷയിലും സിനിമ ചെയ്യാതിരുന്ന കാലമുണ്ടായിരുന്നില്ലേ. അപ്പോൾ കുടുംബത്തെ എങ്ങനെ നോക്കി?

ഡൗൺഫാൾസ് ഉണ്ടായിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. ഭയങ്കരമായി വിഷമിച്ച സമയമുണ്ടായിരുന്നു. സിനിമയൊന്നുമില്ലാതെ ഒരു വർഷത്തോളം ഇരുന്നിട്ടുണ്ട്. ഫിനാൻഷ്യലി ഗതികെട്ടില്ല. എങ്കിലും പണിയൊന്നുമില്ലാതിരിക്കുന്നതിന്റെ വിഷമമുണ്ടായിരുന്നു. പുറത്തിറങ്ങുമ്പോൾ പണിയൊന്നുമില്ലേ എന്ന് ആളുകൾ ചോദിക്കുമ്പോൾ, അടുത്ത പടമേതാണെന്ന് ചോദിക്കുമ്പോൾ മറുപടി പറയാനില്ലാത്ത അവസ്ഥ. അതൊക്കെ ഫേസ് ചെയ്തു. പക്ഷേ, ഇപ്പോൾ ആലോചിക്കുമ്പോൾ അങ്ങനെ അവസ്ഥ വന്ന് പോയതിൽ സന്തോഷമുണ്ട്. എന്റെ കരിയറിന്റെ തുടക്കത്തിൽ അങ്ങനെയുണ്ടായിട്ടില്ല. സിനിമയിലേക്ക് വരാൻ ചാൻസ് തേടി അലയേണ്ടി വരാത്തതിനാൽ പടച്ചോൻ എനിക്ക് ഇങ്ങനെ ഒരു വിധി തന്നതായിരിക്കാം. അങ്ങനെ സ്‌പോർട്ടീവ് ആയിട്ടാ ഞാനതിനെ എടുക്കുന്നെ.

80കളിൽ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്ന പേരുകളാണ് റഹ്മാൻ-രോഹിണി. എന്തായിരുന്നു അതിലെ സത്യം?

ഗോസിപ്പ് കേട്ടതിൽ രോഹിണിയുണ്ട്, ശോഭനയുമുണ്ട്. അങ്ങനെ വരാൻ കാരണം എന്റെ ലൈഫ് സ്റ്റൈലായിരുന്നു. ഞാൻ പഠിച്ചു വളർന്നതൊക്കെ ഊട്ടിയിലുമൊക്കെയായിരുന്നു. കുറച്ചൂടെ ഔട്ട് സ്‌പോക്കൻ ആയിരുന്നു. ആണും പെണ്ണും സംസാരിക്കുന്നതൊന്നും തെറ്റായി കണ്ടിരുന്നില്ല. പക്ഷേ, കേരളത്തിൽ അന്ന് അങ്ങനെയായിരുന്നില്ല. ഇവരുടെ കൂടെ ഡിന്നർ കഴിക്കാൻ പോയാൽ, ചായ കുടിക്കാൻ പോയാൽ ഒക്കെ ആളുകൾ ശ്രദ്ധിക്കും. ഗോസിപ്പ് വരും. അന്ന് ഞാൻ കുറേ ഓപ്പൺ ആയിരുന്നതു കൊണ്ടാണ് ഗോസിപ്പ് വന്നത്. ഷൂട്ടിംഗ് ലൊക്കേഷനിൽ രോഹിണിയോടും ശോഭനയോടും സംസാാരിക്കാൻ തിരിയുമ്പോൾ തന്നെ പലരും കണ്ണുകൾ കൊണ്ട് വിലക്കും. കാറിൽ അടുത്തടുത്ത് ഇരുന്നാൽ, കൈ പിടിച്ചാൽ അപ്പോൾ വരും കഥ. ഇന്ന് കാലം മാറി, നാട് ഒരുപാട് മെച്ചപ്പെട്ടു. ഇന്നിതൊക്കെ ശീലമായി. ഇന്ന് ബ്രേക്ക് അപ്പ് വരുമ്പോൾ ആളുകൾ ശ്രദ്ധിക്കും.അത് വിഷമമുണ്ടാക്കുന്ന കാര്യമല്ലേ, ക്യൂരിയോസിറ്റി കൂടും.

Screen Shot 2017-01-17 at 3.40.49 PM

ഗോസിപ്പിനെ എങ്ങനെ ഫേസ് ചെയ്തു?

അന്ന് ടിവിയൊന്നുമില്ലല്ലോ അധികം. നാട്ടിൽ പരക്കുന്ന ഗോസിപ്പുകളെ കുറിച്ച് വളരെ കുറച്ചേ അറിയുണ്ടായിരുന്നുള്ളൂ. ആ കാലത്ത് എന്നെക്കുറിച്ച് ആയിരുന്നു കൂടുതലും ഗോസിപ്പ്. അന്ന്, യംഗ് യൂത്ത്ഫുൾ ആയിരുന്നു ഞാൻ. മാർക്കറ്റ് വാല്യു ഉള്ള ആളെക്കുറിച്ചാണ് ഗോസിപ്പ് ഉണ്ടാവുക. അന്നൊന്നും അത് മനസ്സിലാക്കാനുള്ള പ്രായമോ ബുദ്ധിയോ ഉണ്ടായിരുന്നില്ല. അപ്പോഴൊക്കെ വിഷമിച്ചിരുന്നത് പാരന്റ്സ് ഇത് കേട്ടാൽ വിഷമിക്കുമല്ലോ എന്നോർത്തായിരുന്നു. പിന്നീട് മനസ്സിലായി, ഇതൊക്കെ ഈ ഫിലിം ലോകത്തിന്റെ ഭാഗമാണ്. ഇപ്പോഴത്തെ വിഷമം ഗോസിപ്പില്ലല്ലോ എന്നാണ്. ഗോസിപ്പും ഒരു തരത്തിൽ മാർക്കറ്റിംഗ് ടെക്‌നോളജി ആണ്. ഇൻവെസ്റ്റ് ചെയ്യുന്ന പണം തിരിച്ചു കിട്ടണ്ടേ. ഇന്ന് സിനിമ വീട്ടിലെത്തുന്ന കാലമാണ്. ഗോസിപ്പ് സിനിമയെ കുറിച്ച് അവയർനെസ് ഉണ്ടാക്കും, ചർച്ച വരും. പക്ഷേ, എല്ലാത്തിലും ഒരു ലിമിറ്റ് ഉണ്ട്. ഒരാളെ വേദനിപ്പിക്കാൻ പാടില്ല. അത്തരം ഗോസിപ്പ് കാണുമ്പോൾ എഴുതിയുണ്ടാക്കിയവൻ നല്ല വീട്ടിലാവില്ല ജനിച്ചത് എന്ന് മനസ്സിൽ പ്രാകും. അത്രയേ ഉള്ളൂ.

Amala_rahman_Love_story

പക്ഷേ, അമലയുമായുള്ള പ്രണയം തുറന്നു പറഞ്ഞല്ലോ?

തമിഴിൽ ഒരു സിനിമ ചെയ്തപ്പോൾ ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നു. ഒരുപാട് അടുത്തിരുന്നു. അത് ഒരു ഇൻഫാക്‌ച്വേഷൻ എന്ന് പറയാം. വന്ന് പോയി, അത്രേയുള്ളൂ. ലോംഗ് സ്റ്റാൻഡിംഗ് അല്ലായിരുന്നു. രണ്ടാൾക്കും തിരക്ക് കൂടി, അത് സീരിയസല്ലാതെയായി. അല്ലാതെ, മാതാപിതാക്കൾക്ക് വേണ്ടി ഉപേക്ഷിച്ചതൊന്നുമല്ല ആ പ്രണയം.

വിവാഹത്തെക്കുറിച്ച്?

93ന്റെ തുടക്കത്തിലായിരുന്നു വിവാഹം. സഹോദരി കല്ല്യാണം കഴിച്ചു പോയി. അപ്പോൾ അച്ഛനുമമ്മയും ഒറ്റപ്പെട്ടു. അവർ എന്നോട് കല്ല്യാണം കഴിക്കാൻ പറഞ്ഞു കൊണ്ടേയിരുന്നു. എന്റെ കൂട്ടുകാരോടൊക്കെ പറഞ്ഞു. പറ്റിയ പെൺകുട്ടിയുണ്ടെങ്കിൽ പറയാൻ. അങ്ങനെ ചെന്നൈ വുഡ്‌ലാൻസ് ഹോട്ടലിൽ ഒരു മാര്യേജ് റിസപ്ഷനിൽ പോയപ്പോൾ തട്ടമിട്ട മൂന്ന് പെൺകുട്ടികൾ കണ്ണിലുടക്കി. എന്റെ നാട്ടിൻപുറത്തല്ലേ അങ്ങനെ തട്ടമിട്ട മുസ്‌ളിം പെൺകുട്ടികളെ കണ്ടിരുന്നത്. ആ ഭംഗി സിറ്റിയിൽ കണ്ടപ്പോൾ ഭയങ്കര സന്തോഷം. കെട്ടുവാണേൽ അതുപോലൊരു പെണ്ണിനെ കെട്ടണമെന്ന് കൂട്ടത്തിലൊരു സുന്ദരിയെ ചൂണ്ടി കൂട്ടുകാരനോടു പറഞ്ഞു. ആ ചങ്ങായി അവന്റെ അമ്മയോട് പറഞ്ഞു. അവർ ആ കുട്ടികളെ പറ്റി അന്വേഷിച്ചു. എന്റെ വീട്ടിലറിയിച്ചു. വീട്ടുകാർ ആലോചനയുമായി അവളുടെ വീട്ടിൽ പോയി. അവിടെ ചെന്നപ്പോഴാണ് രസം. ഞാൻ കണ്ട പെണ്ണ് രണ്ടാമത്തേവളായിരുന്നു. മൂത്തയാളുടെ കല്ല്യാണം കഴിഞ്ഞിരുന്നില്ല. മൂത്തയാളെ അന്വേഷിച്ചാണ് ഞാൻ ചെന്നതെന്ന് അവർ കരുതി. പക്ഷേ, കെട്ടുവാണേൽ ഞാൻ ഇഷ്ടപ്പെട്ട പെണ്ണിനെയേ കെട്ടൂ എന്ന് പറഞ്ഞു. അത്രയ്ക്ക് മനസ്സിൽ പതിഞ്ഞിരുന്നു ആ മുഖം. വേറെയുമുണ്ടായിരുന്നു തടസ്സം. മധുരയിലെ ഹാജിമൂസ എന്നയാളുടെ പിൻതലമുറയാണ് അവർ. വലിയ തറവാട്ടുകാരാണ്. സിനിമാക്കാരന്റെ ആലോചന കുടുംബത്തിൽ ആദ്യമാണ്. അവർക്ക് വലിയ താൽപര്യം ഉണ്ടായിരുന്നില്ല. ഒടുവിൽ എന്നെക്കുറിച്ച് അന്വേഷിച്ച്, ഞാൻ ചെയ്ത സിനിമകൾ കണ്ടൊക്കെയാണ് അവർ സമ്മതം തന്നത്. ആചാര പ്രകാരം നിക്കാഹ് നടത്തി ഒരുപാട് കാത്തിരിക്കാൻ പറ്റാത്തതു കൊണ്ട് മാസത്തിനുള്ളിൽ കല്ല്യാണവും നടന്നു. അങ്ങനെയാണ് മെഹറുന്നിസ, എന്റെ മെഹർ ഭാര്യയായത്. ഇപ്പോൾ രണ്ടു മക്കളുണ്ട്. ദൈവകൃപ കൊണ്ട്, രണ്ട് പെൺകുട്ടികളാണ്. മൂത്തയാൾ എം.ബി.എ കഴിഞ്ഞു. രണ്ടാമത്തെയാൾ സ്‌കൂളിൽ പഠിക്കുന്നു.

എ.ആർ റഹ്മാൻ കുടുംബാംഗമായതും യാദൃശ്ചികമായിരുന്നോ?

ഞാനൊരു നിയോഗമായിരുന്നു. ഞങ്ങൾക്ക് ഒരേ പ്രായമായിരുന്നു. എന്റെ കല്ല്യാണം കഴിഞ്ഞപ്പോൾ അവനും കല്ല്യാണം ആലോചന ആരംഭിച്ചു. റഹ്മാന്റെ വീട്ടുകാർ കല്ല്യാണത്തിനായി വീട്ടിൽ വന്നപ്പോൾ മെഹ്‌റിന്റെ സഹോദരിയെ കണ്ടു. അങ്ങനെ ആലോചിച്ചു. വിവാഹം നടന്നു.

ധ്രുവങ്ങൾ പതിനാറ് എന്ന സിനിമ. ഈ സിനിമ താങ്കളെ തേടി വന്നതെങ്ങനെയാണ്?

സത്യം പറഞ്ഞാൽ തുടക്കത്തിൽ ഞാൻ വേണ്ട എന്നു തള്ളിക്കളഞ്ഞ സിനിമയാണിത്. തള്ളിക്കളഞ്ഞതല്ല, കഥ ആദ്യം കേൾക്കുമ്പോൾ ഞാൻ വേറൊരു പടത്തിൽ പൊലീസ് വേഷം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി പൊലീസ് വേഷം തന്നെ ചെയ്തു ഞാൻ മടുത്തിരുന്നു. അപ്പോഴാണ് ഡയറക്ടർ കാർത്തിക് നരേൻ വരുന്നത്. പൊലീസ് ഓഫീസറാണെന്ന് പറഞ്ഞപ്പോഴേ ഞാൻ വേണ്ടെന്ന് പറഞ്ഞു. പിന്നെ, രണ്ടുമൂന്ന് ദിവസം അവർ വന്നു കണ്ടു, കഥ കേൾക്കൂ പ്‌ളീസ് എന്നു പറഞ്ഞു. കാർത്തിക് നരേനെ കണ്ടപ്പോൾ, ഒരു കൊച്ചു പയ്യൻ. ഒരു ഷോർട് ഫിലിം ഒക്കെ ചെയ്തിട്ട് വന്ന, സിനിമയെക്കുറിച്ച് ഒന്നുമറിയാത്ത ഒരു 21 വയസ്സുകാരൻ. കൂടെ വേറെ കുറച്ചു കുട്ടിപ്പിള്ളേർ. പക്ഷേ, കഥ പറയുന്നത് കേട്ടുകഴിഞ്ഞാൽ 5-10 സിനിമ ചെയ്തതിന്റെ എക്‌സ്പീരിയൻസിലാണ് കഥ പറയുന്നത്. കുറേ ചെറിയ ചെറിയ കാര്യങ്ങളാണ് എന്നെ ഈ സിനിമയിലേക്ക് ആകർഷിച്ചത്. സ്‌ക്രിപ്റ്റ് വളരെ നോവൽറ്റിയായി എനിക്ക് തോന്നി. ഒരിക്കൽ കഥ കേട്ടിട്ട് പിന്നെയും കഥ കേൾക്കാൻ തോന്നുന്ന, കഥ മനസ്സിലാക്കാൻ തന്നെ രണ്ടുമൂന്ന് പ്രാവശ്യം ഇരിക്കേണ്ടി വന്നു.

സ്‌ക്രിപ്റ്റ് പറയുമ്പോൾ എഡിറ്റർ, കാമറമാൻ, മ്യൂസിക് ഡയറക്ടർ ഒക്കെ കൂടെയുണ്ട്. എനിക്ക് എന്തെങ്കിലും സംശയം വരുമ്പോൾ ഡയറക്ടർ ആവില്ല, പലപ്പോഴും ഇവരാരെങ്കിലുമാകും എനിക്ക് ഉത്തരം തരുന്നത്. അതെനിക്ക് ഭയങ്കര ഇംപ്രസീവ് ആയി തോന്നി. ഒരു ടീം, വെൽപ്രിപയേർഡ് ആയി, ഹോം വർക്ക് ചെയ്തു വന്നിരിക്കുകയാണ്. അങ്ങനെയാണ് ഞാൻഈ സിനിമ ചെയ്യാൻ തീരുമാനിച്ചത്.

D16_Movieഎക്‌സ്പീരിയൻസ് ഇല്ലാത്ത 21 കാരന്റെ സിനിമയിൽ. പേടിയില്ലായിരുന്നോ?

ഡയറക്ടറുടെ പ്രായമായിരുന്നു സത്യത്തിൽ എന്റെ പേടി. പക്ഷേ, രണ്ടുമൂന്ന് തവണ ഇരുന്ന് ചർച്ച ചെയ്തപ്പോൾ പുള്ളിയെ ഞാൻ നിരീക്ഷിച്ചു. എക്‌സ്പീരിയൻസ്ഡ് അല്ലാത്ത, പ്രൊഫഷനലിസം തീരെയില്ലാത്ത ഒരുപാട് സംവിധായകരുടെ കീഴിൽ ഞാൻ സിനിമ ചെയ്തിട്ടുണ്ട്. പടം പാതിയിൽ നിന്നു പോയിട്ടുണ്ട്. അത് എന്റെ ഇമേജിനും പ്രശ്‌നമാണ്. ഈ സിനിമയെ കുറിച്ച് ആലോചിച്ചപ്പോഴും പാവപ്പെട്ട പ്രൊഡ്യൂസർ പണം ചിലവഴിക്കുകയാണോ എന്നൊക്കെ ചിന്തിച്ചു. പിന്നെ അന്വേഷിച്ചപ്പോൾ സംവിധായകന്റെ അച്ഛൻ തന്നെയാണ് പ്രൊഡ്യൂസർ. അപ്പോൾ അദ്ദേഹത്തെ നേരിൽ കണ്ടു. അദ്ദേഹത്തിന് മകനിൽ പൂർണവിശ്വാസവും സമ്മതവുമായിരുന്നു. അപ്പോൾ പേടി മാറി,​ ഞാൻ ഈ പ്രൊജക്ടിലേക്ക് ഇറങ്ങി.

ധ്രുവങ്ങൾ പതിനാറ് …

എന്റെ അഭിനയ ജീവിതത്തിൽ 100 ശതമാനം തൃപ്തനാക്കിയ ചിത്രമാണിത്.

എളുപ്പമായിരുന്നോ ഈ സിനിമ ഹിറ്റാക്കുകയെന്നത്?​

ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഈ പടത്തിൽ പറയത്തക്ക രീതിയിൽ ആരുമില്ല. പരിചയ സമ്പന്നനോ പേരെടുത്ത സംവിധായകനില്ല. നായികയില്ല. എ.ആർ റഹ്മാനില്ല.. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും രജനികാന്തിന്റെയുമൊക്കെ സിനിമകൾക്ക് ഹിറ്റ് സംവിധായകൻ, പ്രൊഡ്യൂസറുണ്ടാകും, ഡിസ്ട്രിബ്യൂട്ടറുണ്ടാകും. പക്ഷേ, ഈ ചിത്രത്തിൽ ആരുമില്ല. ഞാൻ മാത്രമേയുണ്ടായുള്ളൂ,​ ഞാൻ മാത്രം! ആര് വിതരണം ചെയ്യും? ഒരുപാട് പേർ നിരുത്സാഹപ്പെടുത്തി. ഈ സിനിമ സിറ്റിയിൽ മാത്രമേ ഓടുള്ളൂ. തമിഴ് മക്കൾക്ക് മനസ്സിലാകില്ല, ഹൈടെക് സിനിമയാണ്, ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ടൈപ്പ് സിനിമയാണെന്നൊക്കെ നിരവധി കുറ്റങ്ങൾ പറഞ്ഞു. അങ്ങനെ ഈ സിനിമയെ വെളിച്ചം കാണിക്കാത്ത രീതിയിൽ ഒരു ടോക്ക് ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. പിന്നെ,ഞാൻ മുൻകൈയെടുത്ത് മണിരത്നം സർ, ശങ്കർ ഇവരെയൊക്കെ സിനിമ കാട്ടി. മൈക്ക് കൊടുത്തിട്ട് സിനിമ കണ്ടിട്ട് എന്താ പറയാനുള്ളത് എന്ന് വച്ചാൽ പറയാൻ ആവശ്യപ്പെട്ടു. അവർ അവരുടെ മനസ്സിൽ നിന്ന് പറഞ്ഞതാണ് ഇപ്പോൾ പ്രമോഷനിൽ കാണുന്നതെല്ലാം. ആരെയും സ്ക്രിപ്റ്റ് കൊടുത്ത് പഠിപ്പിച്ച് വിട്ടതല്ല. ഇപ്പോൾ പടം ഹിറ്റായപ്പോൾ പടത്തെ കുറ്റം പറഞ്ഞവർ വീട്ടിൽ ചമ്മിയിരിപ്പുണ്ട്. . ഭൂരിഭാഗം സിനിമാക്കാരും പ്രേക്ഷകരെ അണ്ടറെസ്റ്റിമേറ്റ് ചെയ്തു. അതല്ല, അവർക്കും കാര്യങ്ങൾ മനസ്സിലാകും എന്ന് ഞാൻ പ്രൂവ് ചെയ്തു.

ഇതുപോലെ തിരഞ്ഞെടുത്ത് ചെയ്ത ഏതെങ്കിലും സിനിമ വിജയിക്കാതെ വന്നതിൽ വിഷമമുണ്ടോ?

മലയാളത്തിൽ അവസാനം ചെയ്ത മറുപടി. ഒരുപാട് നല്ല റിവ്യൂസ് വന്നിരുന്നു. മലയാളത്തിൽ ഞാനിത് വരെ ചെയ്തതിൽ നല്ല സിനിമ, എനിക്ക് അഭിമാനം തോന്നുന്ന സിനിമ. പക്ഷേ, നോട്ട് നിരോധനം വന്നപ്പോഴായിരുന്നു റിലീസ്. ആളുകൾ തീയേറ്ററിൽ വന്നില്ല. അതിൽ അവരെ കുറ്റം പറയാൻ പറ്റില്ല. നോട്ട് നിരോധനം മൂലം എനിക്കും ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. എങ്കിലും മറുപടി ശ്രദ്ധിക്കപ്പെടാതെ പോയതിൽ വിഷമമുണ്ട്.

മലയാള സിനിമയിൽ നടന്നുകൊണ്ടിരിക്കുന്ന സമരം ഇൻഡസ്ട്രിയെ പുറകോട്ടാക്കുന്നു എന്ന് തോന്നുന്നുണ്ടോ?

ചെന്നൈയിലായതു കൊണ്ട് സിനിമാ സമരത്തെ കുറിച്ച് 100 ശതമാനം ഫോളോ ചെയ്തിരുന്നില്ല. എങ്കിലും ഇതേക്കുറിച്ച് ചെറിയ ഐഡിയ ഉണ്ട്. രണ്ടു വശത്തും പ്ളസും മൈനസുമുണ്ട്. നാട്ടിലായിരുന്നെങ്കിൽ കുറച്ചൂടെ നന്നായി ഇതേക്കുറിച്ച് പറഞ്ഞേനെ.

എന്തു കൊണ്ടാണ് കേരളം വിട്ടത്?

ചെന്നൈ ഒരു വലിയ ഹബായിരുന്നു പണ്ട്.സൗത്ത് ഇന്ത്യൻ സിനിമാ ഇൻഡസ്ട്രി എന്നു പറയുന്നത് തന്നെ ചെന്നൈയായിരുന്നു. പ്രീ പ്രൊഡക്ഷനും പോസ്റ്റ് പ്രൊഡക്ഷനുമെല്ലാം ചെന്നൈയിലായിരുന്നു. അങ്ങനെ വന്നതാണ് ഇവിടെ. പിന്നെ കല്ല്യാണം കഴിച്ചതും എന്റെ പിള്ളേർ വളർന്നതുമെല്ലാം ഇവിടെയാണ്. അതുകൊണ്ട് ചെന്നൈയിൽ സെറ്റിലായി.

മക്കൾ സിനിമയിലേക്ക് വരുമോ?

കൂടെയുള്ളവരെ പോലെ മൂത്ത മകൾക്ക് സിനിമയിലേക്ക് വരാൻ ആഗ്രഹമുണ്ട്. എം.ബി.എ പഠിത്തം കഴിഞ്ഞിട്ട് ചെയ്തോളാൻ പറഞ്ഞിട്ടുണ്ട്. കുടുംബത്തിൽ ആരെങ്കിലും പഠിക്കട്ടെ. ഞാനും പഠിച്ചിട്ടില്ല, ഭാര്യയും പഠിച്ചിട്ടില്ല. ഇന്നത്തെ കാലത്ത് വിദ്യാഭ്യാസമാണ് സ്ത്രീധനം. അവൾക്ക് ഓഫറുകൾ വരുന്നുണ്ട്, മോഡലിംഗിലുമൊക്കെ. പഠിത്തം കഴിഞ്ഞ് നല്ല ഓഫർ വരികയാണെങ്കിൽ ഭാഷയൊന്നും നോക്കില്ല, അവൾ അഭിനയിച്ചോട്ടെ.

മലയാളം പ്രേക്ഷകരോട്?

നാട്ടിലേക്ക് വരുമ്പോൾ ഫ്‌ളൈറ്റിലും റെയിൽവേ സ്റ്റേഷനിലുമൊക്കെ ആളുകൾ എന്നോട് കാണിക്കുന്ന പ്രത്യേക ഇഷ്ടമുണ്ട്. ചിലർ വന്ന് എന്നെ കെട്ടിപ്പിടിക്കും. അവർ പറുന്നത് അച്ഛനോ അമ്മയ്‌ക്കോ ഒക്കെ എന്നെ ഭയങ്കര ഇഷ്ടമാണെന്നാണ്. ബ്‌ളാക്ക് സിനിമ ചെയ്യുന്നതിനു മുമ്പ് ഒരു വലിയ ഗ്യാപ്പ് ഉണ്ടായിരുന്നു.എന്നിട്ടും എന്നെക്കാണുമ്പോൾ കാട്ടുന്ന സ്നേഹം. പലപ്പോഴും ഞാൻ എന്നോടു തന്നെ ചോദിക്കാറുണ്ട്. ഇതിനു മാത്രം ഞാനെന്താണ് ചെയ്തതെന്ന്. അത്രയ്ക്ക് സ്‌നേഹം എനിക്കു കിട്ടുന്നുണ്ട്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top