Movies
50 കോടി ക്ലബിൽ കയറാൻ പോകുന്ന സിനിമയുടെ അവസ്ഥ…, ഒരു സംവിധായകന്റെ എട്ട് വർഷത്തെ സ്വപ്നമാണ് ഈ സിനിമ; ലിസ്റ്റിൻ സ്റ്റീഫൻ
50 കോടി ക്ലബിൽ കയറാൻ പോകുന്ന സിനിമയുടെ അവസ്ഥ…, ഒരു സംവിധായകന്റെ എട്ട് വർഷത്തെ സ്വപ്നമാണ് ഈ സിനിമ; ലിസ്റ്റിൻ സ്റ്റീഫൻ
ഓണം റിലീസായി പുറത്തെത്തിയ ടൊവിനോ തോമസ് ചിത്രമാണ് എആർഎം. തിയേറ്ററുകളിൽ നിറഞ്ഞ പ്രദർശനം നേടുന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയിരുന്നു. വലിയ മുതൽമുടക്കിൽ വർഷങ്ങളെടുത്ത് ഒരുക്കിയതാണ് ഈ ചിത്രമെന്നും വ്യാജ പതിപ്പ് പ്രചരിച്ചതിന്റെ പേരിൽ നിയമനടപടിയ്ക്ക് ഒരുങ്ങുന്നതായും അറിയിച്ചിരിക്കുകയാണ് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ.
നന്ദി ഉണ്ട്… ഇങ്ങനെ പ്രചരിപ്പിക്കുന്നത്തിൽ ഒരുപാട് ഒരുപാട് നന്ദി ഉണ്ട്. ഇന്നത്തെ ദിവസം കൊണ്ട് 50 കോടി ക്ലബിൽ കയറാൻ പോകുന്ന സിനിമയുടെ അവസ്ഥയാണ് ! വീട്ടിൽ ഇരുന്ന് തിയേറ്റർ പ്രിൻ്റ് കാണുകയും സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റും ചെയ്യുന്നു.
150 ദിവസങ്ങൾക്ക് മേലെ ഷൂട്ടിംഗ്, ഒന്നര വർഷത്തെ പോസ്റ്റ് പ്രൊഡക്ഷൻ, 8 വർഷത്തെ സംവിധായകൻ – തിരക്കഥാകൃത്തിൻ്റെ സ്വപ്നം , ഇൻവെസ്റ്റ് ചെയ്ത നിർമാതാക്കൾ , 100ൽ അധികം വരുന്ന ടീമിൻ്റെ സ്വപ്നം, അധ്വാനം എല്ലാം ഒന്നും അല്ലാതെ ആക്കുന്ന കാഴ്ച ആണ് ഈ കാണേണ്ടി വരുന്നത്.
മലയാള സിനിമയെ നശിപ്പിക്കുന്നു എന്നല്ലാതെ കൂടുതൽ ആയി വേറെ എന്തു പറയാനാ? ഈ നേരവും കടന്നു പോവും. കേരളത്തിൽ 90% എആർഎം കളിക്കുന്നതും 3ഡി ആണ്, 100% തിയേറ്റർ എക്സ്പീരിയൻസ് അനുഭവിക്കേണ്ട സിനിമയാണ്, ഒരിക്കലും ഇങ്ങനെ ചെയ്തു കൊണ്ട് നശിപ്പിക്കരുത് പ്ലീസ് എന്നാണ് ലിസ്റ്റിൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
പരാതിയുമായി നീങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരു സംവിധായകന്റെ എട്ട് വർഷത്തെ സ്വപ്നമാണ് ഈ സിനിമ. ഒന്നേമുക്കാൽ വർഷം മുന്നേ സിനിമയുടെ ചിത്രീകരണം പൂർത്തിയായതാണ്. ഇത്രയും സമയം വേണ്ടി വന്നു പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കാൻ. ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ഇത്തരം പ്രവർത്തികൾ ചെയ്യുന്നതും അത് പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.
ഒരുപാടുപേരുടെ സ്വപ്നമാണിത്. ഇത് ഒരു ചെറിയ ടൊവിനോ ചിത്രമല്ല. ഇത് വലിയ മുടക്കുമുതലുള്ള ത്രീഡിയിൽ റിലീസ് ചെയ്ത സിനിമയാണ്. ഇത് ആരാണ് ചെയ്യുന്നത് എന്ന് അറിയില്ല എന്നും ലിസ്റ്റിൻ മാധ്യമങ്ങളോടും പ്രതികരിച്ചിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് നിർമാണം.
ചിത്രം അഞ്ചു ഭാഷകളിലാണ് റിലീസ് ചെയ്തത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. ഏറെ കാലങ്ങൾക് ശേഷം മലയാളത്തിൽ വരുന്ന 3ഡി ചിത്രമെന്ന വലിയ പ്രത്യേകതയും എആർഎമ്മിനുണ്ട്.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജോമോൻ ടി ജോൺ ചായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു.