Football
പൃഥ്വിരാജിന് പിന്നാലെ ലിസ്റ്റിൻ സ്റ്റീഫനും…തൃശൂർ റോർ എഫ് സിയുടെ ഭൂരിപക്ഷ ഓഹരി ഉടമയാകാൻ നീക്കം!; റിപ്പോർട്ടുകൾ ഇങ്ങനെ
പൃഥ്വിരാജിന് പിന്നാലെ ലിസ്റ്റിൻ സ്റ്റീഫനും…തൃശൂർ റോർ എഫ് സിയുടെ ഭൂരിപക്ഷ ഓഹരി ഉടമയാകാൻ നീക്കം!; റിപ്പോർട്ടുകൾ ഇങ്ങനെ
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജ് കേരളത്തിന്റെ പ്രഥമ ഫുട്‌ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി ഒരു ടീമിനെ സ്വന്തമാക്കിയത്. ഫോഴ്‌സ കൊച്ചി എഫ്‌സി എന്നാണ് കൊച്ചി ടീമിന്റെ പേര്. ഇപ്പോഴിതാ പൃഥ്വിരാജിന് പിന്നാലെ ലിസ്റ്റിൻ സ്റ്റീഫനും കായിക മേഖലയിലേയ്ക്ക് കടക്കുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
സൂപ്പർ ലീഗ് കേരള ഫുട്ബോൾ ടീമായ തൃശൂർ റോർ എഫ് സിയുടെ ഭൂരിപക്ഷ ഓഹരി ഉടമയാകാനാണ് ലിസ്റ്റിൻ സ്റ്റീഫന്റെ നീക്കം. ലിസ്റ്റിന് പിന്നാലെ ഇനിയും സിനിമാമേഖലയിലുള്ളവർ കായികരംഗത്ത് നിക്ഷേപം നടത്താൻ ഒരുങ്ങുന്നുവെന്നാണ് വിവരം. കേരളത്തിലെ ഫുട്‌ബോളിനെ പ്രൊഫഷണൽ തലത്തിൽ ഉയർത്താൻ സൂപ്പർ ലീഗ് കേരളയ്ക്ക് കഴിയുമെന്ന് പൃഥ്വിരാജ് പറഞ്ഞു.
നമ്മുടെ നാട്ടിലെ മികച്ച കളിക്കാർക്ക് നിരവധി അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം നമ്മുടെ സംസ്ഥാനത്തിന്റെ കായിക സമ്പത്തിനെ മെച്ചപ്പെടുത്താനും ഇതുപോലൊരു അന്താരാഷ്ട്ര ടൂർണമെന്റിനാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ ലീഗായ ഐഎസ്എൽ മാതൃകയിൽ സംസ്ഥാനത്ത് തുടങ്ങുന്ന ഫുട്‍ബോൾ ലീഗിൽ നിക്ഷേപവുമായി നേരത്തേ പൃഥ്വിരാജ് എത്തിയിരുന്നു.
സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോൾ ക്ലബ്ബായ കൊച്ചി പൈപ്പേഴ്സിന്റെ ഓഹരിയാണ് പൃഥ്വിരാജ് വാങ്ങിയിരുന്നത്. ഇതോടെ കേരളത്തിലെ പ്രൊഫഷണൽ ഫുട്ബോൾ ടീമിന്റെ സഹ ഉടമയാകുന്ന ആദ്യ സിനിമാ താരമായും പൃഥ്വിരാജ് മാറി. ഓഗസ്റ്റ് അവസാനം മുതൽ ആരംഭിക്കുന്ന 60 ദിവസം നീണ്ടുനിൽക്കുന്ന സൂപ്പർ ലീഗ് കായിക കേരളത്തിന് ആവേശമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
കൊച്ചിയ്ക്ക് പുറമെ തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലെ ടീമുകളാണ് ആദ്യ സീസണിൽ സൂപ്പർ ലീഗിൽ മാറ്റുരയ്ക്കുക. ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിനും ഐ ലീഗിൽ ഗോകുലം എഫ്‌സിക്കും വലിയ പിന്തുണയാണ് മലയാളികൾ നൽകി വരുന്നത്.
ഫുട്ബോളിന് പുറമെ ക്രിക്കറ്റിലേയ്ക്കും സിനിമ മേഖലയിലുള്ളവർ നിക്ഷേപം ആരംഭിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗിൽ സംവിധായകൻ പ്രിയദർശനും നിർമാതാവും വ്യവസായിയുമായ സോഹൻ റോയിയും ഫ്രാഞ്ചൈസികളെ സ്വന്തമാക്കിയിരുന്നു. ഈ വർഷം കേരളത്തിലെ ക്രിക്കറ്റിനും ഫുട്‌ബോളിനുമായി സിനിമാലോകത്തുനിന്ന് 14 കോടിയോളം രൂപയുടെ നിക്ഷേപമാണ് വരുന്നത്.