ഞാന്‍ കണ്ടതും സൃഷ്ടിച്ചെടുത്തതുമായ സൗന്ദര്യാനുഭൂതി അങ്ങനെ തന്നെ മുഴുവന്‍ മോഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല; നൻപകലിനെതിരെ ആരോപണവുമായി തമിഴ് സംവിധായിക
തിയേറ്ററുകളിലെ പ്രദർശനങ്ങൾക്ക് ശേഷം മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. നിരവധി പ്രേക്ഷകർ ചിത്രം കണ്ടതിന് ശേഷം മമ്മൂട്ടിയെയും ലിജോയെയും അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. മലയാളിയായ ജെയിംസ്, തമിഴനായ സുന്ദരം എന്നിങ്ങനെ രണ്ട് ഭാവങ്ങളിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ‘നൻപകൽ നേരത്ത് മയക്കം’ നിർമ്മിച്ചത്. ആമേൻ മൂവി മൊണാസ്ട്രിയുടെ ബാനറിൽ ലിജോയ്ക്കും ചിത്രത്തിൽ നിർമ്മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഇപ്പോഴിതാ തന്റെ ‘ഏലേ’ എന്ന ചിത്രത്തിന്‍റെ സൗന്ദര്യാനുഭൂതി മുഴുവന്‍ ലിജോ ജോസ് പെല്ലിശേരി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ മോഷ്ടിച്ചുവെന്ന് തമിഴ് സംവിധായിക ഹലിതാ ഷമീം. രണ്ട് ചിത്രങ്ങളും ഒരേ സ്ഥലത്താണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് മനസിലാക്കിയപ്പോള്‍ സന്തോഷം തോന്നിയെന്നും പക്ഷെ അതിലെ ആശയങ്ങളും സൗന്ദര്യാനുഭൂതിയും ഒരു കരുണയുമില്ലാതെ അടര്‍ത്തിയെടുത്താല്‍ താൻ നിശബ്ദയായി ഇരിക്കില്ലെന്നും സംവിധായിക കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹലിതാ ഇക്കാര്യം കുറിച്ചത്.
ഹലിത ഷമീമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
‘ഒരു സിനിമയില്‍ നിന്ന് അതിന്‍റെ സൗന്ദര്യാനുഭൂതി മുഴുവന്‍ മോഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല. ‘ഏലേ’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനുവേണ്ടി ഒരു ഗ്രാമം ഞങ്ങള്‍ തയ്യാറാക്കിയിരുന്നു. അതേ ഗ്രാമത്തിലാണ് ‘നന്‍പകല്‍ നേരത്ത് മയക്ക’വും ചിത്രീകരിച്ചിരിക്കുന്നത് എന്നത് സന്തോഷം നല്‍കുന്ന ഒന്നാണ്. ഞാന്‍ കണ്ടതും സൃഷ്ടിച്ചെടുത്തതുമായ സൗന്ദര്യാനുഭൂതി അങ്ങനെ തന്നെ എടുത്തിരിക്കുന്നത് കാണുന്നത് കുറച്ച് ബുദ്ധിമുട്ടാണ്. അവിടുത്തെ ഐസ്ക്രീംകാരന്‍ ഇവിടെ പാല്‍ക്കാരനാണ്. അവിടെ ഒരു മോര്‍ച്ചറി വാനിനു പിറകെ പ്രായമായ ഒരു മനുഷ്യന്‍ ഓടുന്നുവെങ്കില്‍ ഇവിടെ ഒരു പ്രായമായ മനുഷ്യനു പിന്നാലെ ഒരു മിനി ബസ് തന്നെ ഓടുകയാണ്.
ഞാന്‍ പരിചയപ്പെടുത്തിയ നടനും സംവിധായകനുമായ ചിത്രൈ സേനന്‍ മമ്മൂട്ടിക്കൊപ്പം പാടുകയാണ്, ഏലേയിലേതു പോലെ തന്നെ. പല കാലങ്ങള്‍ക്ക് സാക്ഷികളായ ആ വീടുകള്‍ മറ്റു സിനിമകളിലൊന്നും വന്നിട്ടുള്ളവയല്ല. അതൊക്കെ ഞാന്‍ ഇതില്‍ കണ്ടു. കഥ മുന്നോട്ട് പോകുമ്പോള്‍ താരതമ്യത്തിനായി ഇനിയും ഏറെയുണ്ട്. എനിക്കുവേണ്ടി ഞാന്‍ തന്നെ സംസാരിച്ചേ മതിയാവൂ എന്നൊരു പശ്ചാത്തലത്തിലാണ് ഞാനിത് പോസ്റ്റ് ചെയ്യുന്നത്. ഏലേ എന്ന എന്‍റെ ചിത്രത്തെ നിങ്ങള്‍ക്ക് എഴുതിത്തള്ളാം. പക്ഷേ അതില്‍ നിന്ന് ആശയങ്ങളും സൗന്ദര്യാനുഭൂതിയും ഒരു കരുണയുമില്ലാതെ അടര്‍ത്തിയെടുത്താല്‍ ഞാന്‍ നിശബ്ദയായി ഇരിക്കില്ല’. ഹലിതാ ഷമീം കുറിച്ചു.