Hollywood
ഗായകൻ ലിയാം പെയിനിന്റെ മരണം ആ ത്മഹത്യയല്ല; മൂന്ന് പേർ കസ്റ്റഡിയിൽ
ഗായകൻ ലിയാം പെയിനിന്റെ മരണം ആ ത്മഹത്യയല്ല; മൂന്ന് പേർ കസ്റ്റഡിയിൽ
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വൺ ഡയറക്ഷൻ എന്ന ബ്രിട്ടീഷ് ബോയ് ബാൻഡിലൂടെ പ്രശസ്തനായ ഗായകൻ ലിയാം പെയിനിന്റെ മരണ വാർത്ത പുറത്തെത്തുന്നത്. ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് താഴേക്ക് വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാമുകിയ്ക്കൊപ്പം അർജെന്റീനയിൽ അവധിയാഘോഷിക്കാനെത്തിയതായിരുന്നു താരം.
എന്നാലിപ്പോഴിതാ ലിയാം പെയ്നിന്റെ മ രണം ആ ത്മഹത്യയല്ലെന്ന് പറയുകയാണ് അർജൻ്റൈൻ പൊലീസ്. സാഹചര്യ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള പരിശോധനയിലാണ് ഇക്കാര്യം ബോധ്യമായത്. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.
പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം വീഴ്ചയിലുണ്ടായ അതീവ ഗുരുതരമായ പരിക്കുകളും ആന്തരികവും ബാഹ്യവുമായ രക്തസ്രാവവുമാണ് മരണകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒന്നിലധികം മയക്കുമരുന്നുകളുടെ സാന്നിധ്യം ശരീരത്തിൽ ഉണ്ടായിരുന്നതായി പുറത്തുവന്ന ടോക്‌സിക്കോളജി റിപ്പോർട്ടിൽ പറയുന്നു.
ലിയാം കെട്ടിടത്തിൽ നിന്ന് വീഴുമ്പോൾ അബോധാവസ്ഥയിലായിരുന്നുവെന്ന് പാെലീസ് കണ്ടെത്തിയിട്ടുണ്ട്. മരിക്കുന്നതിന് മുൻപ് പെയ്ൻ മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നു.
ഇതിന്റെ അംശം പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. മാത്രമല്ല, മരണത്തിന് മുൻപ് അക്രമാസക്തനായി കാണപ്പെട്ട ലിയാമിനെ ഹോട്ടൽ ജീവനക്കാർ തിരികെ മുറിയിലേക്ക് മാറ്റിയിരുന്നുവെന്നും വാർത്തകളുണ്ടായിരുന്നു.
കസ്റ്റഡിയിലെടുത്ത മൂന്ന് പേർക്കെതിരെ ല ഹരിമരുന്ന് വിതരണം ചെയ്തതിനും മരണത്തിന് ശേഷം ഒരു വ്യക്തിയെ കൈയൊഴിഞ്ഞതിനുമടക്കമുള്ള കുറ്റങ്ങളാണ് നിലവിൽ ചുമത്തിയിട്ടുള്ളത്. ലിയാമിന് മയക്കുമരുന്ന് എത്തിച്ചയാൾ, ഹോട്ടൽ ജീവനക്കാരൻ, ലിയാമുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്നയാൾ എന്നിവരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്.
എന്നാൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇവർക്ക് രാജ്യം വിട്ട് പുറത്ത് പോകുന്നതിൽ വിലക്കുണ്ട്. അതേസമയം, ഒക്ടോബർ 16-നാണ് പെയിൻ മരണപ്പെടുന്നത്. കാമുകി കെയിറ്റ് കാസിഡി ഒക്ടോബർ 14-ന് തന്നെ തിരിച്ച് പോയിരുന്നു. കാമുകി പോയതിന് ശേഷവും പെയിൻ അർജന്റീനയിൽ തുടരുകയായിരുന്നു.