Malayalam
ആ കഥാപാത്രം ദിലീപ് ചെയ്യുമെന്ന് ഏതാണ്ട് ഉറപ്പിച്ച സമയത്താണ് കമല്‍ സര്‍ പറയുന്നത് ഇടവേള ബാബുവിന് റോള്‍ കൊടുക്കണം എന്ന്; അതോടെ ദിലീപിന്റെ വൈരാഗ്യം വര്‍ദ്ധിച്ചു; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്
ആ കഥാപാത്രം ദിലീപ് ചെയ്യുമെന്ന് ഏതാണ്ട് ഉറപ്പിച്ച സമയത്താണ് കമല്‍ സര്‍ പറയുന്നത് ഇടവേള ബാബുവിന് റോള്‍ കൊടുക്കണം എന്ന്; അതോടെ ദിലീപിന്റെ വൈരാഗ്യം വര്‍ദ്ധിച്ചു; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദിലീപ്.
മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയില്‍ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്. മീശമാധവന്‍, സിഐഡി മൂസ, കല്യാണ രാമന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായി ഇന്നും നിലനില്‍ക്കുന്നു.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ദിലീപിന്റെ ചിത്രങ്ങളെല്ലാം തന്നെ അദ്ദേഹത്തിന്റെ ഫാന്‍സ് ഗ്രൂപ്പുകള്‍ വഴിയാണ് വൈറലായി മാറുന്നത്.
ദിലീപിന്റെ അടുത്ത സുഹൃത്ത് ആണ് സംവിധായകന്‍ ലാല്‍ ജോസ്. ഇപ്പോഴിതാ മുമ്പൊരിക്കല്‍ ലാല്‍ ജോസ് ദിലീപിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സഫാരി ടിവിയിലെ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. കമല്‍ സംവിധാനം ചെയ്ത ഗസല്‍ എന്ന സിനിമയില്‍ ദിലീപും ലാല്‍ജോസും സഹസംവിധായകരായി പ്രവര്‍ത്തിച്ചിരുന്നു.
ഗസല്‍ എന്ന സിനിമ തുടങ്ങുന്നത് ഒരു പാട്ടിലാണ്. തങ്ങള്‍ എന്ന പ്രധാന കഥാപാത്രം രാത്രി വീട്ടിലേക്ക് വരുന്ന സീന്‍. രാവിലെ മൂന്നരമണിക്ക് പോയി സൂര്യനുദിക്കുന്നത് വരെ ഷൂട്ട് ചെയ്യും. കാസ്റ്റിംഗ് നടക്കുമ്പോള്‍ രണ്ട് കാര്യങ്ങളാണ് സംഭവിക്കാറ്. ഒന്ന് ദിലീപിന് റോള്‍ കൊടുക്കണം. ചെറുപ്പക്കാരനായ കഥാപാത്രം വന്ന് കഴിഞ്ഞാല്‍ ആ ക്യാരക്ടറിനെ പൊലിപ്പിക്കും. ആ കഥാപാത്രത്തെക്കൊണ്ട് ചെയ്യിപ്പിക്കാവുന്ന കാര്യങ്ങള്‍ കമല്‍ സാറിനോട് പറയും.
ഗസലില്‍ ഒരു നമ്പീശന്‍ കഥാപാത്രം ഉണ്ടായിരുന്നു, ബാക്കി എല്ലാ കഥാപാത്രങ്ങളും മുസ്ലിങ്ങള്‍ ആണ്. ആ കഥാപാത്രം ദിലീപിന് കിട്ടുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പായി. ആ കഥാപാത്രത്തെക്കൊണ്ട് ചെയ്യിക്കാവുന്ന കാര്യങ്ങളെക്കുറിച്ച് പറയും. അങ്ങനെ അത് ദിലീപ് ചെയ്യുമെന്ന് ഏതാണ്ട് ഉറപ്പിച്ച സമയത്താണ് കമല്‍ സര്‍ പറയുന്നത് ഇടവേള ബാബുവിന് റോള്‍ കൊടുക്കണം, നമ്മുടെ നാട്ടുകാരനാണ്, നമ്പീശന്‍ അല്ലാതെ വേറൊരു കഥാപാത്രം ബാബുവിന് കൊടുക്കാനില്ല. ബാബുവിനെ ഫിക്‌സ് ചെയ്യാം എന്ന്. ഞങ്ങളെല്ലാവരും വേദനയോടെ ശരി എന്ന് പറഞ്ഞു.
അതിന് മുമ്പ് പലപ്പോഴും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലും ഇങ്ങനെ സംഭവിച്ചു. ഒരു കഥാപാത്രം വന്നപ്പോള്‍ ഇടവേള ബാബുവിന് ലഭിച്ചു. ഇടവേള ബാബുവിനോട് എനിക്കും ദിലീപിനും വൈരാഗ്യം നിലവിലുണ്ട്. അപ്പോഴാണ് ഗസലില്‍ കിട്ടുമെന്നുറപ്പിച്ച റോള്‍ ഇല്ലാതാവുന്നത്.
ഇടവേള ബാബു ലൊക്കേഷനില്‍ വന്നിറങ്ങി. സ്‌റ്റെപ്പ് കട്ട് മുടിയും കട്ടി മീശയും ആയി വന്നപ്പോള്‍ കമല്‍ സര്‍ പറഞ്ഞു പഴയ കാലഘട്ടത്തിലെ ആളുടെ രൂപത്തിലേക്ക് മാറ്റണം എന്ന്. ദിലീപ് ഉടനെ പറഞ്ഞു, ഞാന്‍ കൊണ്ട് പോവാം എന്ന്. ബാര്‍ബര്‍ ഷാപ്പില്‍ പോയി മുടിയൊക്കെ വെട്ടിക്കാെണ്ട് വരണം. അങ്ങനെ ദിലീപ് ബാബുവിനെയും കൊണ്ട് പോയി. തിരിച്ച് ബാബു വന്ന് ഇറങ്ങുമ്പോള്‍ സെറ്റില്‍ എല്ലാവരും കൂട്ടച്ചിരി ആണ്.
മുടി മുഴുവന്‍ പറ്റെ വെട്ടിച്ച്, മീശ വടിച്ച് ഈര്‍ക്കിലി മീശ വെച്ച് വേറെ ഏതോ രൂപത്തിലുള്ള ബാബുവിനെയും കൊണ്ടാണ് ദിലീപ് വന്നിറങ്ങിയത്. കമല്‍ സാര്‍ തന്നെ ചിരിച്ച് ഓടിക്കളഞ്ഞു. പക്ഷെ ആ രൂപത്തില്‍ ബാബു അഭിനയിച്ചു. ഗസല്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ഡബ്ബിംഗ് വര്‍ക്കുകള്‍ നടക്കുന്ന സമയത്ത് കമല്‍ സാറിന് ഒരു അമേരിക്കന്‍ യാത്ര ഉണ്ടായിരുന്നു.
ജയറാമേട്ടനൊക്കെ ഉള്ള ഷോ കമല്‍ സാര്‍ ആയിരുന്നു ഡയറക്ട് ചെയ്തത്. ആ പോയ ഗ്രൂപ്പില്‍ ദിലീപിനെയും അബിയെയും രണ്ട് മിമിക്രിക്കാരായി കൊണ്ട് പോയി. ദിലീപിന്റെ ആദ്യത്തെ യാത്ര കമല്‍ സാറിനൊപ്പമാണ്. ഭയങ്കര കുശുമ്പായിരുന്നു ഞങ്ങള്‍ക്കൊക്കെ. ഗംഭീരമായ പരിപാടി ആയിരുന്നു. തിരിച്ച് വന്നപ്പോള്‍ ദിലീപ് തനിക്ക് ക്ലാപ്പ് ബോര്‍ഡിന്റെ ഷേപ്പിലുള്ള ഫോട്ടോ ഫ്രെയിം കൊണ്ട് വന്നെന്നും ലാല്‍ ജോസ് പറഞ്ഞു.