Tamil
രജനികാന്തിനൊപ്പം ആ ചിത്രം ചെയ്തത് തെറ്റായിപ്പോയി, രജനീകാന്തിന്റെ നായികയാണെന്ന് പറഞ്ഞ് വിളിച്ചിട്ട് എന്റെ കഥാപാത്രത്തെ വെറും കോമാളിയാക്കി; ഖുഷ്ബു
രജനികാന്തിനൊപ്പം ആ ചിത്രം ചെയ്തത് തെറ്റായിപ്പോയി, രജനീകാന്തിന്റെ നായികയാണെന്ന് പറഞ്ഞ് വിളിച്ചിട്ട് എന്റെ കഥാപാത്രത്തെ വെറും കോമാളിയാക്കി; ഖുഷ്ബു
തെന്നിന്ത്യൻ താര സുന്ദരിമാരിൽ ഇപ്പോഴും തിളങ്ങി നിൽക്കുന്ന നടിയാണ് ഖുഷ്ബു. മുംബൈയിൽ ജനിച്ച്, ബോളിവുഡിലൂടെ സിനിമാ ലോകത്തെത്തി തെന്നിന്ത്യൻ സിനിമകളിൽ നിറ സാന്നിധ്യമായ താരമാണവർ. പിന്നീട് രാഷ്ട്രീയത്തിൽ സജീവമാകുകയും പല പാർട്ടികളിലും പ്രവർത്തിക്കുകയും ചെയ്തു.
ബാലതാരമായിട്ടായിരുന്നു ഖുശ്ബുവിന്റെ അരങ്ങേറ്റം. തോടിസി ബേവഫായി ആയിരുന്നു ആദ്യമഭിനയിച്ച ചിത്രം. രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു, സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങളിൽ ഖുശ്ബു വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഇപ്പോഴിതാ രജനികാന്തിനൊപ്പം അണ്ണാത്തെ എന്ന സിനിമ ചെയ്തത് തെറ്റായി പോയെന്ന് പറയുകയാണ് നടി. തന്നോട് പറഞ്ഞതുപോലെയായിരുന്നില്ല സിനിമയിലെ കഥാപാത്രമെന്നും ഖുഷ്ബു പറഞ്ഞു. ചിത്രത്തിൽ മറ്റ് നായികമാരില്ല എന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പെട്ടെന്ന് രജനീകാന്തിന് നായികയുണ്ടായെന്നുമാണ് ഖുഷ്ബു പറയുന്നത്.
ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയ സിനിമകൾ ഉണ്ടോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. രജനീകാന്തിനൊപ്പമുള്ള ചിത്രം അതിന് ഉദാഹരണമാണ്. എന്നോടു പറഞ്ഞതു പോലെയായിരുന്നില്ല ആ കഥാപാത്രം. ചിത്രത്തിൽ ഞാനും മീനയുമുണ്ടായിരുന്നു. ഞങ്ങൾ രണ്ടുപേരുമാണ് നായികമാർ എന്നാണ് ആദ്യം പറഞ്ഞത്.
രജനീകാന്തിന്റെ നായികയായി മറ്റ് നടിമാരാരും ഉണ്ടാകില്ലെന്നും ഞങ്ങൾ അവസാനം വരെ ഉണ്ടാകും എന്ന വിശ്വാസത്തിലാണ് ഞാൻ ആ പ്രൊജക്റ്റ് സമ്മതിച്ചത്. വളരെ സന്തോഷവും ഭാഗ്യവുമായി അതിനെ കണ്ടു. വളരെ സന്തോഷകരവും, ഹാസ്യാത്മകവും, രസകരവുമായ ഒരു വേഷമായിരുന്നു അത്. പക്ഷേ, ചിത്രം പുരോഗമിക്കുമ്പോൾ, രജനി സാറിന് പെട്ടെന്ന് ഒരു നായികയെ ലഭിച്ചു, അതിലേക്ക് ഒരു കഥാപാത്രത്തെ ഉൾപ്പെടുത്തി.
അപ്പോൾ എനിക്ക് തോന്നി… ഞാൻ ഒരു കോമാളി കഥാപാത്രമായെന്ന്. ഡബ്ബ് ചെയ്യുന്ന സമയത്ത് സിനിമ കണ്ടപ്പോൾ ഞാൻ വളരെ നിരാശയായി എന്നാണ് ഖുശ്ബു പറഞ്ഞു. പുതിയ നായിക വേണം എന്നത് രജനീകാന്തിന്റെ തീരുമാനം ആയിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം അങ്ങനെയൊരു വ്യക്തിയല്ല എന്നായിരുന്നു ഖുശ്ബുവിന്റെ മറുപടി. എനിക്ക് അദ്ദേഹത്തെ വർഷങ്ങളായി അറിയാം.
എന്താണ് യഥാർത്ഥത്തിൽ നടന്നതെന്ന് അറിയില്ല. ചിലപ്പോൾ സംവിധായകനോ നിർമാതാവിനോ പുതിയ നായിക വേണമെന്ന് തോന്നിക്കാണും. അല്ലെങ്കിൽ ആരാധകർ ആവശ്യപ്പെട്ടിരിക്കും. എനിക്കും മീനയ്ക്കും രജനീകാന്തിനൊപ്പം പ്രത്യേക ഡ്യുവറ്റ് ഗാനങ്ങൾ ഉണ്ടായിരുന്നുവെന്നും ഖുശ്ബു പറഞ്ഞു. നയൻതാരയാണ് ചിത്രത്തിൽ രജനീകാന്തിന്റെ നായികയായി എത്തിയത്.
