News
തെലുങ്ക് ചലച്ചിത്ര നിർമാതാവ് കെ പി ചൗധരി തൂങ്ങി മരിച്ച നിലയിൽ
തെലുങ്ക് ചലച്ചിത്ര നിർമാതാവ് കെ പി ചൗധരി തൂങ്ങി മരിച്ച നിലയിൽ
പ്രശസ്ത തെലുങ്ക് ചലച്ചിത്ര നിർമാതാവ് കെ പി ചൗധരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഗോവയിലെ സിയോലിമിലെ വാടക കെട്ടിടത്തിലാണ് ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം എന്താണെന്നുള്ള വിവരം പുറത്തെത്തിയിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സുങ്കര കൃഷ്ണപ്രസാദ് ചൗധരിയെന്നാണ് കെ പി ചൗധരിയുടെ മുഴുവൻ പേര്. ആന്ധ്രയിലെ ഖമ്മത്താണ് ജനനം. എഞ്ചിനീയറിംഗിൽ ബിരുദധാരിയാണ്. കൂടാതെ പൂണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ ഓപ്പറേഷൻസ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
എന്നാൽ 2016ൽ ജോലി ഉപേക്ഷിച്ച് സിനിമാരംഗത്തേക്ക് കടന്നു വരികയായിരുന്നു. രജനീകാന്ത് നായകനായ കബാലി എന്ന ചിത്രം തെലുങ്കിൽ അവതരിപ്പിച്ചത് ചൗധരിയാണ്. പവൻ കല്യാൺ നായകനായ സർദാർ ഗബ്ബർ സിങ്, മഹേഷ് ബാബു ചിത്രം സീതമ്മ വകീട്ട്‌ലോ സിരിമല്ലെ ചേറ്റു, അഥർവ നായകനായ തമിഴ് ചിത്രം കണിതൻ എന്നീ ചിത്രങ്ങളുടെ വിതരണക്കാരനുമായിരുന്നു.
അതേസമയം, 2023 ൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സൈബരാബാദ് സ്‌പെഷ്യൽ ഓപ്പറേഷൻ ടീം ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് 82.75 ഗ്രാം ഭാരമുള്ള 90 കൊക്കെയ്ൻ പൊതികൾ ഇയാളിൽ നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു.
