Actor
വിനയൻ ഇഷ്ടമില്ലാത്തവരെ ടാർഗറ്റ് ചെയ്യും, പത്രത്തിൽ പേരു വരാൻ ചെയ്യുന്നതാണ്; മലയാള സിനിമയിൽ അങ്ങനൊരു പവർ ഗ്രൂപ്പ് ഉള്ളതായി തനിക്ക് അറിവില്ലെന്ന് കെബി ഗണേഷ് കുമാർ
വിനയൻ ഇഷ്ടമില്ലാത്തവരെ ടാർഗറ്റ് ചെയ്യും, പത്രത്തിൽ പേരു വരാൻ ചെയ്യുന്നതാണ്; മലയാള സിനിമയിൽ അങ്ങനൊരു പവർ ഗ്രൂപ്പ് ഉള്ളതായി തനിക്ക് അറിവില്ലെന്ന് കെബി ഗണേഷ് കുമാർ
കഴിഞ്ഞ ദിവസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. 15 പേരടങ്ങുന്ന ഒരു പവർഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് മലയാള സിനിമയെന്നും നിർമാതാക്കൾക്ക് സ്വതന്ത്രമായി ഒന്നും തീരുമാനിക്കാനാവില്ല പണവും പ്രശസ്തിയുമുള്ള അഭിനേതാക്കൾ അതിശക്തരായി കഴിഞ്ഞുവെന്നും നായികാനായകന്മാരെയും സംവിധായകരെയും തിരക്കഥാകൃത്തുക്കളെയുമൊക്കെ അവർ നിശ്ചയിക്കുമെന്നുമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്.
തൊഴിലാളിക്ഷേമത്തിനായി പ്രവർത്തിച്ച മാക്ട ഫെഡറേഷനെ തകർത്തത് ഒരു സംസ്ഥാന മന്ത്രിയുൾപ്പെട്ട 15 അംഗ സംഘമാണ്. ഇവരാണ് ഇന്നും മലയാളസിനിമയിലെ തെമ്മാടിത്തരങ്ങൾക്ക് പിന്തുണ നൽകുന്നത് എന്നാണ് സംവിധായകൻ വിനയൻ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി കെ.ബി ഗണേഷ് കുമാർ.
മലയാള സിനിമയിൽ അങ്ങനൊരു പവർ ഗ്രൂപ്പ് ഉള്ളതായി തനിക്ക് അറിവില്ലെന്നാണ് അദ്ദേഹം പറയുന്നത്. സിനിമയിൽ ആളുകളെ കാസ്റ്റ് ചെയ്യുന്നത് ആ സമയത്തെ ഒരു ആലോചനയുടെ ഭാഗമാണ്. നമ്മുടെ പേരൊക്കെ ചിലർ നിർദേശിക്കും. എന്നാൽ, വേറെ ചിലർ മറ്റൊരു അഭിപ്രായം പറയും. ഇതോടെ നമ്മുടെ പേര് വെട്ടും.
കഥ പറയുന്നിടത്തെ കാഴ്ചക്കാരാണ് ഇത് ചെയ്യുന്നത്. സിനിമയുടെ ചരിത്രത്തിന്റെ കൂടെയുള്ളതാണ് ഇതൊക്കെ. ഒരു നടനേയും സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ ഒതുക്കിയതായിട്ട് എനിക്കറിയില്ല. ഞാനാണ് അന്നും ഇന്നും ആത്മയുടെ പ്രസിഡന്റ്. ടെലിവിഷനിൽ അഭിനയിക്കുന്നവരെ വിലക്കാനാകില്ല.
ചാനലുകളാണ് ഇക്കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്. സീരിയലുകളിൽ ആളുകളെ കാസ്റ്റ് ചെയ്യുന്നത് ചാനലിലെ ഉദ്യോഗസ്ഥന്മാരാണ്. സംവിധായകനെ പോലും തീരുമാനിക്കുന്നത് അവരാണ്. വിനയന് ഇഷ്ടമില്ലാത്തവരെ അദ്ദേഹം ടാർഗറ്റ് ചെയ്യും. പത്രത്തിൽ പേരുവരാൻ ചെയ്യുന്നതാണ് എന്നുമാണ് ഗണേഷ് കുമാർ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്.
റിപ്പോർട്ടിൽ നടൻ തിലകൻ അനുഭവിച്ച പ്രശ്‌നങ്ങളെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. തങ്ങൾ ആഗ്രഹിക്കുന്നതെന്തോ അത് ഇവിടെ ചെയ്യാൻ സാധിക്കുന്ന ഒരു മാഫിയ സംഘമായിരിക്കുന്നു മലയാള സിനിമ എന്ന് പറഞ്ഞ ഒരു നടനുണ്ടായിരുന്നു. അദ്ദേഹം തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്ന വ്യക്തിയാണ്. എന്നാൽ അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചിലുകൾ പലർക്കും ഇഷ്ടമായില്ല.
മലയാളത്തിലെ ഏറ്റവും മികച്ച നടൻമാരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അഭിനയ പ്രതിഭയിൽ ആർക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹത്തെ സിനിമയിൽ നിന്ന് മാറ്റിനിർത്താൻ കഴിഞ്ഞു. പത്തോ പതിനഞ്ചോ പേർ ചേർന്ന് അദ്ദേഹത്തെ സിനിമയിൽ നിന്ന് പുറത്താക്കി.
ഈ നടൻ പിന്നീട് സീരിയലിലേയ്ക്ക് എത്തി. എന്നാൽ, അവിടെയും ശക്തമായ ഈ ലോബി പ്രവർത്തിച്ചു. സീരിയൽ താരങ്ങളുടെ ആത്മ എന്ന സംഘടനയെയാണ് ഇവർ ഇതിനായി ഉപയോഗിച്ചത്. ആ സമയത്ത് ആത്മയുടെ അധ്യക്ഷൻ ഒരു സിനിമാ നടൻ കൂടിയായിരുന്നു. ചെറിയ കാരണങ്ങൾ മതി, പത്തോ പതിനഞ്ചോ വ്യക്തികൾ തീരുമാനിച്ചാൽ ആരെയും സിനിമയിൽനിന്ന് മാറ്റി നിർത്താം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.