Actress
മുലപ്പാൽ പോലും തനിക്ക് തന്നില്ലെന്ന് മകൾ, എല്ലാവർക്കും ഭക്ഷണം കഴിക്കണമെങ്കിൽ ഞാൻ ജോലിക്ക് പോവണമായിരുന്നുവെന്ന് കവിയൂർ പൊന്നമ്മ; വീണ്ടും ശ്രദ്ധ നേടി ആ വാക്കുകൾ
മുലപ്പാൽ പോലും തനിക്ക് തന്നില്ലെന്ന് മകൾ, എല്ലാവർക്കും ഭക്ഷണം കഴിക്കണമെങ്കിൽ ഞാൻ ജോലിക്ക് പോവണമായിരുന്നുവെന്ന് കവിയൂർ പൊന്നമ്മ; വീണ്ടും ശ്രദ്ധ നേടി ആ വാക്കുകൾ
മലയാള സിനിമയുടെയും നാടകലോകത്തിന്റേയും ചരിത്രത്തിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച കവിയൂർ പൊന്നമ്മയുടെ നിര്യാണം ഉൾകൊള്ളാനാകാത്ത വേദനയിലാണ് മലയാളികളും സിനിമാ ലോകവും. കഴിഞ്ഞ ദിവസമായിരുന്നു വാർധക്യ സഹചമായ രോഗങ്ങളെ തുടർന്ന് പൊന്നമ്മ അന്തരിക്കുന്നത്. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു.
മലയാളികൾ സ്നേഹ നിധിയായ അമ്മയായി മാത്രമേ പൊന്നമ്മയെ കണ്ടിട്ടുള്ളൂ. അവർ ചെയ്ത അത്തരം കഥാപാത്രങ്ങൾ പ്രേക്ഷകർ ഹൃദയത്തിലേയ്ക്കാണ് സ്വീകരിച്ചത്. പക്ഷെ ജീവിതത്തിലെ അമ്മ വേഷം കവിയൂർ പൊന്നമ്മയ്ക്ക് സമ്മാനിച്ചത് വേദനകളായിരുന്നു. കുടുംബജീവിതവും ശോഭനമായിരുന്നില്ല.
വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലേയ്ക്കെത്തിയ താരമാണ് കവിയൂർ പൊന്നമ്മ. വീട്ടിലെ ആവശ്യങ്ങൾക്കായി കുടുംബം നോക്കാനായുള്ള ഓട്ടപ്പാച്ചിലുകളിൽ കുടംബത്തെ തന്നെ രണ്ടാം സ്ഥാനത്തേയ്ക്ക് കാണേണ്ടി വന്നിരുന്നു. അതിന്റെ വിഷമത്തിൽ ഏക മകൾ ബിന്ദു തന്നെ കവിയൂർ പൊന്നമ്മയോട് അകൽച്ച കാണിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ ഇതേ കുറിച്ചെല്ലാം സംസാരിക്കുന്ന നടിയുടെ വീഡിയോയാണ് വൈറലാകുന്നത്. ഒരു ടെലിവിഷൻ പരിപാടിയിൽ സംസാരിക്കവെയാണ് പൊന്നമ്മ തന്റെ ജീവിതത്തെ കുറിച്ചെല്ലാം മനസ് തുറന്നത്. മകൾ ബിന്ദുവുമായി താൻ സംസാരിച്ചിരുന്നെന്നും അവർക്ക് നിങ്ങളോടിപ്പോഴും പിണക്കമുണ്ടെന്നും ഷോയുടെ അവതാരകൻ പറയുമ്പോൾ അതിന്റെ കാരണങ്ങളെ കുറിച്ച് കവിയൂർ പൊന്നമ്മയും പറയുന്നുണ്ട്.
മകൾ അമേരിക്കയിൽ സെറ്റിൽഡ് ആണ്. എന്റെ രണ്ടാമത്തെ നാത്തൂന്റെ മകൻ തന്നെയാണ് കല്യാണം കഴിച്ചത്. അവർക്ക് മകനും മകളുമുണ്ട്. സ്‌നേഹം കൊടുത്തില്ലെന്നാണ് മകളുടെ പരാതി. ഒപ്പമുണ്ടായിരുന്ന സമയത്ത് വളരെയധികം സ്‌നേഹിച്ചിരുന്നു. എല്ലാവർക്കും ഭക്ഷണം കഴിക്കണമെങ്കിൽ ഞാൻ ജോലിക്ക് പോവണമായിരുന്നു.
കുട്ടിയായിരുന്നപ്പോൾ അറിയില്ലെന്ന് വെക്കാം. മുതിർന്നപ്പോഴെങ്കിലും മനസ്സിലാക്കണമല്ലോ. ഭയങ്കര ശാഠ്യമായിരുന്നു. ഉള്ള സമയത്ത് അത് പോലെ സ്‌നേഹം വാരിക്കോരി കൊടുത്തിട്ടുമുണ്ട്. ആ ശാഠ്യം ഇപ്പോഴുമുണ്ട്. ആ പരിഭവം മാറില്ല. ദുഃഖമില്ല. നോക്കാനെനിക്ക് ചിലപ്പോൾ പറ്റിയിട്ടില്ല. അവൾ പറഞ്ഞതിലും കാര്യമുണ്ട്.
മുലപ്പാൽ പോലും തനിക്ക് തന്നില്ലെന്ന് മകൾ ആരോപിച്ചെന്ന് അവതാരകൻ പറയുമ്പോൾ പറയാൻ പാടില്ല എങ്കിലും പറയുകയാണ്. എട്ട് മാസം വരെയേ പാല് കൊടുത്തുള്ളൂവെന്നാണ് നടി പറഞ്ഞത്. ശിക്ഷ എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുന്നു. സത്യൻ സാറും ഞാനുമാണ് ജോഡി. ഒരു കട്ടിലിന് അപ്പുറത്തും ഇപ്പുറത്തുമിരുന്ന് സംസാരിക്കുന്ന സീനാണ്. സംവിധായകൻ സത്യൻ മാഷുടെ ചെവിയിലെന്തോ പറഞ്ഞു.
പൊന്നീ നമുക്കീ സീൻ നാളെയെടുത്താലോ എന്ന് ചോദിച്ചു. എന്താണ് സാർ എന്ന് ഞാൻ ചോദിച്ചു. ഇന്ന് വേണ്ട പൊന്നി പൊയ്‌ക്കോ എന്ന് പറഞ്ഞ് നിർബന്ധിച്ചു. ഞാൻ ചെയ്തത് ശരിയായില്ലേ എന്നാൽ അത് പറയേണ്ടെ എന്ന് ഞാൻ വിചാരിച്ചു. പട്ടു സാരിയാണ് ഞാനുടുത്തത്. റൂമിൽ വന്ന് പട്ടുസാരി മാറാൻ കണ്ണാടിയുടെ മുന്നിൽ നിന്നപ്പോൾ മുലപ്പാൽ വീണ് ആകെ നനഞ്ഞിരിക്കുകയായിരുന്നു.
ഞാൻ സ്‌നേഹിച്ചിട്ടില്ല എന്ന് പറഞ്ഞാൽ എനിക്കത് സഹിക്കാൻ പറ്റില്ല. എന്റെ അമ്മയെ പറ്റി പറഞ്ഞാൽ എനിക്കിപ്പോഴും കരച്ചിൽ വരും. അത്ര സ്‌നേഹിച്ചാണ് അച്ഛനും അമ്മയും ഞങ്ങളെ വളർത്തിയത്. അങ്ങനെയൊരു കുടുംബത്തിൽ നിന്ന് വന്നിട്ട് ഇങ്ങനെ കേൾക്കുമ്പോൾ സഹിക്കാൻ പറ്റില്ല, എന്നാണ് അന്ന് കവിയൂർ പൊന്നമ്മ പറഞ്ഞത്.
ഭർത്താവിൽ നിന്നും കടുത്ത പീ ഡനങ്ങളാണ് പൊന്നമ്മയ്ക്ക് നേരിടേണ്ടി വന്നത്. നിർമാതാവ് ആയിരുന്നു മണിസ്വാമി. മകളുടെ ജനനശേഷമാണ് പൊന്നമ്മയും മണിസ്വാമിയും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമാകുന്നത്. ഇടയ്ക്കെ വെച്ച് പൊന്നമ്മയെ ഉപേക്ഷിച്ച് മണിസ്വാമി പോയിരുന്നു. എന്നാൽ നാളുകൾക്ക് ശേഷം അസുഖബാധിതനായി ആരും തിരിഞ്ഞ് നോക്കാനില്ലാതായപ്പോൾ പൊന്നമ്മയ്ക്കടുത്തേയ്ക്ക് തന്നെ തിരികെ എത്തിയിരുന്നു. ബ്രെയിൻ ട്യൂമർ മൂലമാണ് അദ്ദേഹം മരണപ്പെടുന്നത്.