Actor
പൊന്നിയന്‍ സെല്‍വന്‍ 2 കണ്ടത് നാല് തവണ, കാര്‍ത്തിയെ കാണാന്‍ ജപ്പാനില്‍ നിന്നെത്തി ആരാധകര്‍; അതിഥികളെ സ്വന്തം വീട്ടിലേയ്ക്ക് ക്ഷണിച്ച് നടന്‍
പൊന്നിയന്‍ സെല്‍വന്‍ 2 കണ്ടത് നാല് തവണ, കാര്‍ത്തിയെ കാണാന്‍ ജപ്പാനില്‍ നിന്നെത്തി ആരാധകര്‍; അതിഥികളെ സ്വന്തം വീട്ടിലേയ്ക്ക് ക്ഷണിച്ച് നടന്‍
മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രമായ പൊന്നിയന്‍ സെല്‍വന്‍ 2 റെക്കോര്‍ഡ് കളക്ഷനുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് ഓരോ താരങ്ങളും കാഴ്ച്ച വെച്ചരിക്കുന്നത്. പൊന്നിയന്‍ സെല്‍വനില്‍ കാര്‍ത്തിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ ജപ്പാനില്‍ നിന്നും കാര്‍ത്തിയുടെ കടുത്ത ആരാധകര്‍ തമിഴ്‌നാട്ടില്‍ എത്തിയതാണ് വാര്‍ത്തയായാകുന്നത്. തെരുമി കകുബാരി ഫുജിദ, ഇസാവോ എന്‍ഡോ എന്നിവരാണ് കാര്‍ത്തിയെ കാണാന്‍ ജപ്പാനില്‍ നിന്നും ചെന്നൈയില്‍ എത്തിയത്. ചെന്നൈയിലെത്തിയ ഇരുവരും പൊന്നിയന്‍ സെല്‍വന്‍ 2 നാല് തവണ കണ്ടു മാത്രമല്ല, തങ്ങളുടെ പ്രിയതാരമായ കാര്‍ത്തിയെ നേരിട്ടു കാണണമെന്ന ഇരുവരുടേയും ആഗ്രഹവും നിറവേറിയെന്നാണ് പറയുന്നത്.
ജപ്പാനില്‍ നിന്നുമെത്തിയ ആരാധകര്‍ക്കൊപ്പമുള്ള കാര്‍ത്തിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. കാര്‍ത്തി ഫാന്‍ ക്ലബ്ബിന്റെ ട്വിറ്റര്‍ പേജിലാണ് ചിത്രങ്ങള്‍ വന്നത്. കാര്‍ത്തിയെ കാണാന്‍ വേണ്ടി മാത്രമാണ് തെരുമിയും ഇസാവോയും ജപ്പാനില്‍ നിന്നും ചെന്നൈയിലെത്തിയത്. മൂന്ന് ദിവസത്തേക്കാണ് ഇരുവരും എത്തിയത്. ഇതിനിടയില്‍ നാല് തവണ പൊന്നിയന്‍ സെല്‍വന്‍ കണ്ടു.
ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ കാര്‍ത്തിയെ നേരിട്ടു കാണണമെന്ന ആഗ്രഹമായി. തുടര്‍ന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജപ്പാന്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടായ Abk-Aots Dosokai Center ല്‍ എത്തി കാര്‍ത്തിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കായി അഭ്യര്‍ത്ഥിച്ചു. തന്നെ കാണാന്‍ ജപ്പാനില്‍ നിന്നെത്തിയ ആരാധകരെ കാര്‍ത്തി സ്വന്തം വസതിയിലേക്ക് ക്ഷണിച്ചു. വീട്ടില്‍ അതിഥികളെ സത്കരിച്ച കാര്‍ത്തി നിരവധി ഫോട്ടോയും ഇവര്‍ക്കൊപ്പമെടുത്തു.
ജപ്പാനിലേക്ക് മടങ്ങുന്നതിനു മുമ്പ് പ്രിയതാരത്തെ നേരിട്ടുകാണാനയതിന്റെ സന്തോഷത്തിലായിരുന്നു തെരുമിയും ഇസാവോയും. ലോക്ക്ഡൗണ്‍ കാലത്താണ് തെരുമിയും ഇസാവോയും കാര്‍ത്തിയുടെ ആരാധകരാകുന്നത്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ചെന്നൈയിലെത്തിയ ഇരുവര്‍ക്കും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തിരിച്ചുപോകാനായില്ല. ഈ സമയത്ത് സമയം പോകാന്‍ നിരവധി തമിഴ് ചിത്രങ്ങള്‍ കണ്ടു.
തമിഴ് ഭാഷ ആദ്യം വഴങ്ങിയില്ലെങ്കിലും സുഹൃത്തുക്കളുടെ സഹായത്തോടെ അത്യാവശ്യം മനസ്സിലാക്കി. അങ്ങനെയാണ് കാര്‍ത്തിയുടെ കൈതി കാണാനിടയായത്. കൈതിയില്‍ കാര്‍ത്തിയുടെ പ്രകടനം കണ്ട് അമ്പരുന്നുവെന്നാണ് ഇരുവരും പറയുന്നത്. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതോടെ ഇരുവരും ജപ്പാനിലേക്ക് മടങ്ങിയെങ്കിലും തമിഴ് സിനിമകള്‍ കാണുന്നത് തുടരുകയായിരുന്നു.
