Connect with us

കാരൈക്കുടി ആര്‍ മണി അന്തരിച്ചു

News

കാരൈക്കുടി ആര്‍ മണി അന്തരിച്ചു

കാരൈക്കുടി ആര്‍ മണി അന്തരിച്ചു

കര്‍ണാടക സംഗീത ലോകത്ത് മൃദംഗ വായനയില്‍ തന്റേതായ സ്വന്തം ശൈലി സൃഷ്ടിച്ച കാരൈക്കുടി ആര്‍.മണി അന്തരിച്ചു. 77 വസയാസായിരുന്നു. സംസ്‌കാരം ഇന്ന് 10ന് ബസന്റ് നഗര്‍ വൈദ്യുതി ശ്മശാനത്തില്‍ നടക്കും. കാരൈക്കുടി മണി ബാണി (ശൈലി) എന്നു പ്രശസ്തമായ ശൈലി രൂപപ്പെടുത്തിയ അദ്ദേഹത്തിന് ലോകവ്യാപകമായി 1200ലധികം ശിഷ്യരുണ്ട്.

സംഗീതജ്ഞനായ ടി.രാമനാഥ അയ്യരുടെയും പട്ടമ്മാളിന്റെയും മകന്‍ രണ്ടാം വയസ്സില്‍ സംഗീതത്തിനൊപ്പം തകിലും നാഗസ്വരവും പഠിച്ചു തുടങ്ങി. വീണക്കച്ചേരിക്ക് പക്കമേളം വായിച്ച് വേദിയിലെത്തുമ്പോള്‍ 8 വയസ്സ് മാത്രമാണ് പ്രായം. 15ാം വയസ്സില്‍ ചെന്നൈയിലേക്ക് താമസം മാറിയപ്പോള്‍ മുതല്‍ മുതിര്‍ന്ന സംഗീതജ്ഞര്‍ക്കൊപ്പം വേദികളില്‍ തിളങ്ങി.

എം.എസ്.സുബ്ബലക്ഷ്മി, ഡി.കെ.പട്ടമ്മാള്‍, എം.എല്‍.വസന്തകുമാരി, മധുര സോമു, ടി.എം.ത്യാഗരാജന്‍, ഡി.കെ.ജയരാമന്‍, ലാല്‍ഗുഡി ജയരാമന്‍, സഞ്ജയ് സുബ്രഹ്മണ്യന്‍, ടി.എം.കൃഷ്ണ എന്നിവര്‍ക്കൊപ്പമുള്ള മണിയുടെ സംഗീത സദസ്സിന് തിങ്ങിനിറഞ്ഞ് ആസ്വാദകരെത്തിയിരുന്നു.

‘ലയമണി ലയം’ എന്ന പേരില്‍ ലോകം മുഴുവന്‍ പ്രചാരത്തിലുള്ള സംഗീത മാസികയുടെ ചീഫ് എഡിറ്റര്‍ കൂടിയാണ് അവിവാഹിതനായ മണി. ചെന്നൈയിലെ വീടിന് അദ്ദേഹം പേരിട്ടത് ‘ലയപ്രിയ’ എന്നാണ്. താളവാദ്യങ്ങളും തന്ത്രിവാദ്യങ്ങളും സമന്വയിപ്പിച്ച് ശ്രുതിലയ എന്ന പേരില്‍ ലയവിന്യാസ കച്ചേരിക്ക് 1986ല്‍ തുടക്കംകുറിച്ചു.

More in News

Trending