Bollywood
നന്നായില്ലെങ്കില്‍ വീട്ടില്‍ കയറി തല്ലും, ഞാന്‍ നിങ്ങള്‍ കരുതുന്നതിലും വലിയ ഭ്രാന്തിയാണ്; ആ താരദമ്പതിമാരോട് കങ്കണ റണാവത്ത്
നന്നായില്ലെങ്കില്‍ വീട്ടില്‍ കയറി തല്ലും, ഞാന്‍ നിങ്ങള്‍ കരുതുന്നതിലും വലിയ ഭ്രാന്തിയാണ്; ആ താരദമ്പതിമാരോട് കങ്കണ റണാവത്ത്
തന്റെ പിന്നാലെ ബോളിവുഡിലെ ഒരു നടനുണ്ടെന്നും ഇദ്ദേഹവും നടിയായ ഭാര്യയും ചേര്‍ന്ന് തന്റെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുകയാണെന്നും കുറച്ച് ദിവസം മുമ്പാണ് ബോളിവുഡ് നടി കങ്കണ റണാവത്ത് പറഞ്ഞത്. തന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെയാണ് കങ്കണ ഇതേ കുറിച്ച് പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ ആരോപണവിധേയരായ താരദമ്പതികള്‍ക്കെതിരെ ഭീഷണിയുമായി കങ്കണ രംഗത്തെത്തിയിരിക്കുകയാണ്.
നന്നായില്ലെങ്കില്‍ വീട്ടില്‍ കയറി തല്ലുമെന്നാണ് കങ്കണയുടെ പുതിയ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറി. തന്നെപ്പറ്റി ആശങ്കപ്പെട്ടിരിക്കുന്നവര്‍ അറിയാന്‍ എന്നുപറഞ്ഞുകൊണ്ടാണ് സ്‌റ്റോറി ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ സംശയകരമായ ഒന്നും തന്നെ ചുറ്റി നടക്കുന്നില്ലെന്ന് കങ്കണ എഴുതി. ക്യാമറയുമായോ അല്ലാതെയോ ആരും പിന്തുടരുന്നുമില്ലെന്നും അവര്‍ പറഞ്ഞു.
ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും എനിക്ക് ഭ്രാന്താണെന്ന് കരുതുന്നവരോടുമായി ഒരു കാര്യം. നന്നായില്ലെങ്കില്‍ നിങ്ങളെയെല്ലാം ഞാന്‍ വീട്ടില്‍ കയറി തല്ലും. എനിക്ക് ഭ്രാന്താണെന്ന് നിങ്ങള്‍ക്ക് തോന്നുമായിരിക്കും. പക്ഷേ ഞാന്‍ നിങ്ങള്‍ കരുതുന്നതിലും വലിയ ഭ്രാന്തിയാണെന്ന് മനസിലാക്കിക്കോളൂ എന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
ബോളിവുഡ് താരമായ ഒരു സ്ത്രീലമ്പടന്‍ തന്നെ വിടാതെ രഹസ്യമായി പിന്തുടരുന്നുവെന്നും നടിയായ ഭാര്യയുടെ പിന്തുണയോടെയാണ് ആ നടന്‍ ഇതെല്ലാം ചെയ്യുന്നതെന്നുമാണ് കങ്കണരണ്ടുദിവസം മുമ്പത്തെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ എഴുതിയത്. എന്നാല്‍ ഈ താരദമ്പതികളുടെ പേര് കങ്കണ വെളിപ്പെടുത്തിയിരുന്നില്ല.
റോഡില്‍ മാത്രമല്ല, താമസിക്കുന്ന സ്ഥലത്തിന്റെ പാര്‍ക്കിങ് ഏരിയയിലും വീടിന്റെ ടെറസിലും വരെ ക്യാമറ പിടിപ്പിച്ച് തന്റെ നീക്കങ്ങള്‍ പകര്‍ത്തുകയാണെന്നും അവര്‍ പറഞ്ഞിരുന്നു. പോസ്റ്റ് വൈറലായതോടെ കങ്കണയുടെ പോസ്റ്റില്‍ പറഞ്ഞ താരദമ്പതികള്‍ ആരെന്ന അന്വേഷണത്തിലായി സോഷ്യല്‍ മീഡിയ.
രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ആണിതെന്നായിരുന്നു ഒരുവിഭാഗത്തിന്റെ കണ്ടെത്തല്‍. ഇരുവര്‍ക്കുമെതിരെ കങ്കണ മുമ്പ് നടത്തിയിട്ടുള്ള പ്രസ്താവനകളും ചേര്‍ത്തുവായിച്ചാണ് അവര്‍ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. ആലിയ ഗര്‍ഭിണിയായപ്പോള്‍ ഇത് പി.ആര്‍. ജോലിയാണെന്നാണ് കങ്കണ പരിഹസിച്ചത്.