News
ഇതുപോലുള്ള സിനിമകള്‍ വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്, പത്താനെ പ്രശംസിച്ച് കങ്കണയും അനുപം ഖേറും
ഇതുപോലുള്ള സിനിമകള്‍ വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്, പത്താനെ പ്രശംസിച്ച് കങ്കണയും അനുപം ഖേറും
റിലീസിന് മുന്നേ തന്നെ വിവാദങ്ങളില്‍ ഇടം പിടിച്ച ഷാരൂഖ് ഖാന്‍ ചിത്രമായിരുന്നു പത്താന്‍. ബോയ്‌കോട്ട് ആഹ്വാനങ്ങള്‍ക്കിടയിലും ചിത്രം തിയേറ്ററുകളില്‍ വിജയക്കൊടി പാറിച്ചിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് പ്രശംസയുമായി രംഗത്തെത്തുന്നത്. ഇപ്പോഴിതാ പത്താനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് കങ്കണ റണാവത്തും അനുപം ഖേറും.
‘പത്താന്‍ വളരെ നന്നായി പോകുന്നു. ഇതുപോലുള്ള സിനിമകള്‍ വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഹിന്ദി സിനിമാ വ്യവസായത്തെ തിരികെ കൊണ്ടുവരാനാണ് ഞങ്ങളാല്‍ കഴിയും വിധത്തില്‍ ശ്രമിക്കുന്നത്’, എന്നായിരുന്നു കങ്കണ പറഞ്ഞത്. പത്താന്‍ കണ്ടിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു നടി. അനുപം ഖേറും ചിത്രത്തെ പ്രശംസിച്ചു. പത്താന്‍ വലിയ ബജറ്റില്‍ നിര്‍മ്മിച്ച വലിയ ചിത്രമാണെന്നായിരുന്നു അനുപം ഖേറിന്റെ പ്രതികരണം.
ചിത്രത്തിന്റെ ആദ്യ ഗാനം റിലീസ് ചെയ്തതിന് പിന്നാലെയാണ് ബഹിഷ്‌കരണാഹ്വാനങ്ങളും വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടത്. ഗാനരംഗത്തില്‍ ദീപിക ധരിച്ച ബിക്കിനിയുടെ നിറത്തിന്റെ പേരില്‍ ആയിരുന്നു ബഹിഷ്‌കരണാഹ്വാനങ്ങള്‍. പിന്നാലെ മുംബൈ പൊലീസ് ചിത്രത്തിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു.
10 കട്ടുകളോടെയാണ് നിലവില്‍ ചിത്രം റിലീസിന് എത്തിയിരിക്കുന്നത്. അതില്‍ ഭൂരിഭാഗവും ഈ ഗാനരംഗത്തിലേതാണ്. സിദ്ധാര്‍ഥ് ആനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പത്താന്‍. യഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നാല് വര്‍ഷത്തിന് ശേഷം ഷാരൂഖ് ഖാന്‍ ബിഗ് സ്‌ക്രീനില്‍ തിരിച്ചെത്തിയ സിനിമയാണിത്. ജോണ്‍ എബ്രഹാമും സല്‍മാന്‍ ഖാനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു.