Bollywood
ദലൈലാമയെയും ജോ ബൈഡനെയും ചേര്‍ത്ത് മോശം പരാമര്‍ശം; പ്രതിഷേധം കടുത്തതോടെ മാപ്പ് പറഞ്ഞ് തടിയൂരി കങ്കണ റണാവത്ത്
ദലൈലാമയെയും ജോ ബൈഡനെയും ചേര്‍ത്ത് മോശം പരാമര്‍ശം; പ്രതിഷേധം കടുത്തതോടെ മാപ്പ് പറഞ്ഞ് തടിയൂരി കങ്കണ റണാവത്ത്
വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബോളിവുഡ് നടി കങ്കണ റണാവത്ത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനേയും ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയേയും ചേര്‍ത്ത് നടത്തിയ മോശം പരാമര്‍ശത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് മാപ്പ് പറഞ്ഞ് കങ്കണ രംഗത്തെത്തിയത്.
ദലൈലാമയും ജോ ബൈഡനും ഒരുമിച്ചിരിക്കുന്നു എന്ന തരത്തിലുള്ള എഡിറ്റഡ് ചിത്രമാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാക്കിയത്. വൈറ്റ് ഹൗസില്‍ ദലൈലാമയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. രണ്ടുപേര്‍ക്കും ഒരേ അസുഖമായതിനാല്‍ തീര്‍ച്ചയായും സൗഹൃദമുണ്ടാകും എന്നായിരുന്നു ചിത്രത്തിനൊപ്പം താരം കുറിച്ചത്.
ഈ വരികളാണ് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്. ഇതോടെ പാലി ഹില്ലിലുള്ള കങ്കണയുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി ബുദ്ധമത വിശ്വാസികളെത്തി. കഴിഞ്ഞ ദിവസം ഈ പ്രതിഷേധത്തിന്റെ വീഡിയോ കങ്കണ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയായി പോസ്റ്റ് ചെയ്തു.
ഒപ്പം വിശ്വാസികളെ വേദനിപ്പിച്ചതില്‍ മാപ്പ് അപേക്ഷിക്കുകയും ചെയ്തു. തന്റെ മുമ്പത്തെ പോസ്റ്റ് ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നതല്ലെന്ന് അവര്‍ എഴുതി. അത് ഇരുവരുടേയും സൗഹൃദത്തെ കുറിച്ചുള്ള തമാശയായിരുന്നു.
ബുദ്ധന്റെ ശിക്ഷണങ്ങളിലും വിശുദ്ധിയിലും ഞാന്‍ വിശ്വസിക്കുന്നു. 14ാം ദലൈലാമ തന്റെ ജീവിതം മുഴുവന്‍ പൊതുസേവനത്തില്‍ ചെലവഴിച്ചു. താന്‍ ആരോടും ഒന്നും പറയുന്നില്ല. കഠിനമായ ചൂടില്‍ നില്‍ക്കരുത്, ദയവായി തിരിച്ചുപോകൂ എന്നാണ് കങ്കണ പറഞ്ഞത്.