Bollywood
ദൗർഭാഗ്യകരമായ സംഭവം; അല്ലു അർജുനെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി കങ്കണ റണാവത്ത്
ദൗർഭാഗ്യകരമായ സംഭവം; അല്ലു അർജുനെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി കങ്കണ റണാവത്ത്
അല്ലു അർജുന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന ചിത്രമാണ് പുഷ്പ 2. ചിത്രത്തിന്റെ റിലീസിനിടെ തിയേറ്ററിലുണ്ടായ സംഘർഷത്തിൽ യുവതി മരിച്ചത് വാർത്തയായിരുന്നു. റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ അല്ലു അർജുൻ എത്തിയപ്പോഴായിരുന്നു സംഭവം.
പിന്നാലെ കഴിഞ്ഞ ദിവസം നടനെ അറസ്റ്റ് ചെയ്തതും വാർത്തയായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും എംപിയുമായ കങ്കണ റണാവത്ത്. എക്സിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
‘തികച്ചും ദൗർഭാഗ്യകരമായ സംഭവമാണിത്. അല്ലു അർജുനോടൊപ്പം ഉണ്ടാകും. ജനങ്ങളുടെ ജീവൻ ഞങ്ങൾക്കും വിലപ്പെട്ടതാണ്. അത് തെളിയിക്കുന്നതാണ് തിയേറ്ററിൽ എഴുതികാണിക്കുന്ന പുകവലിക്കെതിരെയുള്ള പരസ്യങ്ങൾ. എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതുണ്ടെന്നും’ കങ്കണ വ്യക്തമാക്കിയത്.
അന്ന് നടന്ന സംഭവം നിർഭാഗ്യകരവും അപ്രതീക്ഷിതവുമായിരുന്നു. ഈ സംഭവത്തിൽ ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്തുന്നത് നിരാശജനകമാണ് എന്നാണ് രശ്മിക മന്ദാന പറഞ്ഞത്. രാത്രി 9.30 ഓടെയാണ് അല്ലു അർജുനും കുടുംബവും തിയേറ്ററിൽ എത്തിയത്. തുറന്ന ജീപ്പിൽ താരത്തെ കണ്ടതോടെ ആളുകൾ തിക്കിത്തിരക്കി എത്തുകയായിരുന്നു.
ആളുകളെ താരത്തിന്റെ സെക്യൂരിറ്റി ടീം മർദിക്കുകയും ഇത് തിക്കിനും തിരക്കിനും കാരണമാവുകയുമായിരുന്നു. തുടർന്നാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. അതിനിടയിൽപ്പെട്ടാണ് സ്ത്രീ മരിച്ചത്. അല്ലു അർജുന്റെ സെക്യൂരിറ്റി ടീം വീഴ്ചവരുത്തിയതാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവെച്ചത് എന്നാണ് ഹൈദരാബാദ് സെൻട്രൽ സോൺ ഡിസിപി പറഞ്ഞു.
പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി അല്ലു അർജുൻ രംഗത്തെത്തിയിരുന്നു. ഹൈദരാബാദിലുണ്ടായ സംഭവങ്ങൾ അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെ മുക്തി നേടിയിട്ടില്ലെന്നും അല്ലു അർജുൻ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് മനസിലായില്ല. പ്രീമിയർ ഷോയ്ക്ക് വേണ്ടി തിയേറ്ററുകളിൽ പോകുന്നത് കഴിഞ്ഞ 20 വർഷമായി ഞാൻ തുടരുന്ന കാര്യമാണ്.
സന്ധ്യ തിയറ്ററിൽ നടന്നത് വളരെ ദൗർഭാഗ്യകരമായ സംഭവമാണ്. അന്ന് സിനിമയുടെ പാതിവഴിക്ക് ഞാൻ തിയറ്ററിൽ നിന്ന് ഇറങ്ങിപ്പോകില്ലായിരുന്നു. പക്ഷേ വലിയ തിക്കും തിരക്കും അനുഭവപ്പെടുമെന്ന് തിയറ്റർ മാനേജ്‌മെന്റ് പറഞ്ഞത് പ്രകാരമാണ് ഞാൻ പകുതി വഴിക്ക് പുറത്തിറങ്ങിയത്. അടുത്ത ദിവസം മാത്രമാണ് സംഭവിച്ചത് എന്താണെന്ന് അറിയാൻ കഴിഞ്ഞത്. വിവരം അറിഞ്ഞപ്പോൾ അത് എന്താണെന്ന് മനസിലാക്കാൻ പോലും മണിക്കൂറുകൾ വേണ്ടിവന്നു.
മാനസികമായി ആകെ തകർന്നു. എല്ലാവരും ബ്ലാങ്ക് ആയിപ്പോയി. സംവിധായകൻ സുകുമാർ വളരെ വികാരാധീനനായി. ഞങ്ങളുടെ എല്ലാ ഊർജവും ഇല്ലാതായി. പൂർണമായും തകർന്ന അവസ്ഥയിലായതിനാലാണ് പ്രതികരിക്കാൻ പോലും സാധിക്കാതിരുന്നതെന്നാണ് നടൻ പറഞ്ഞത്. മാത്രമല്ല, രേവതിയുടെ കുടുംബത്തിന് അല്ലു അർജുൻ 25 ലക്ഷം രൂപ സഹായധനം നൽകുമെന്നും അറിയിച്ചിരുന്നു.
