Actress
എമർജൻസി നിരോധിക്കണം, കങ്കണയെ അറസ്റ്റ് ചെയ്യണം; കോടതിയെ സമീപിച്ച് സിഖ് സംഘടനകൾ!
എമർജൻസി നിരോധിക്കണം, കങ്കണയെ അറസ്റ്റ് ചെയ്യണം; കോടതിയെ സമീപിച്ച് സിഖ് സംഘടനകൾ!
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ഇടയ്ക്കിടെ വിവാദങ്ങളിൽ ചെന്ന് പെടാറുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് എമർജൻസി. ഇപ്പോഴിതാ ഈ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വിവിധ സിഖ് സംഘടനകൾ.
ഇത് സംബന്ധിച്ച് മധ്യപ്രദേശിലെ സിഖ് സംഘടനകളായ ജബൽപൂർ സിഖ് സംഗതും ശ്രീ ഗുരു സിംഗ് സാഹിബ് ഇൻഡോറും ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. 20 ഗുരുദ്വാരകളും 16 സ്കൂളുകളും 5 കോളേജുകളും ഉൾക്കൊള്ളുന്നതാണ് ജബൽപൂർ സിഖ് സംഗത്, 30 ഗുരുദ്വാരകൾ ഉൾപ്പെടുന്ന സംഘടനയാണ് ശ്രീ ഗുരു സിംഗ് സാഹിബ് ഇൻഡോർ.
സംയുക്തമായി യോഗം ചേർന്ന ശേഷമാണ് സംഘടനകൾ കോടതിയെ സമീപിച്ചത്. അടിയന്തിരാവസ്ഥക്കാലത്തെ കഥ പറയുന്ന എമർജൻസിയിൽ ഇന്ദിര ഗാന്ധി ആയി ആണ് താരം എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിൽ സിഖ് സമൂഹത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള രംഗങ്ങളുണ്ടെന്നാണ് ഇവർ ആരോപിക്കുന്നത്.
സമുദായം വോട്ടിന് പകരം ഖലിസ്ഥാൻ ആവശ്യപ്പെടുന്നവരായും സിഖുകാരെ ബസിൽ നിന്ന് ഇറക്കി വെ ടിവെച്ചു കൊ ല്ലുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതായും ഹർജിയിൽ പറയുന്നു. ഹർജി തിങ്കളാഴ്ച പരിഗണിക്കും. നേരത്തെ പഞ്ചാബിലും ചിത്രത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.
കങ്കണയെ അറസ്റ്റ് ചെയ്യണമെന്നും സിനിമ പ്രദർശിപ്പിക്കരുതെന്ന് തിയേറ്റർ ഉടമകളോട് അഭ്യർത്ഥിച്ച് കൊണ്ടും വിവിധയിടങ്ങളിൽ പോസ്റ്ററുകൾ ഉയരുന്നുണ്ട്. അതേസമയം ‘എമർജൻസി’ നിരോധിക്കുന്നത് നിയമപരമായ കൂടിയാലോചനയ്ക്ക് ശേഷം സംസ്ഥാന സർക്കാർ പരിഗണിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി പറഞ്ഞു. തെലങ്കാന സിഖ് സൊസൈറ്റി നേതാക്കളുമായുള്ള കൂടികാഴ്ചയിലായിലുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മണികർണിക എന്ന ചിത്രത്തിന് ശേഷം കങ്കണ സംവിധാനം ചെയ്യുന്ന ചിത്രമാണ് എമർജൻസി. കൃഷ് ജാഗരലമുഡിക്കൊപ്പമായിരുന്നു അവർ ഈ ചിത്രമൊരുക്കിയത്. റിതേഷ് ഷായാണ് എമർജൻസിയുടെ തിരക്കഥ. ഈ വർഷം നവംബർ 24-ന് ചിത്രം തിയേറ്ററുകളിലെത്തും.
അനുപം ഖേർ ആണ് ജയപ്രകാശ് നാരായണനായെത്തുന്നത്. ശ്രേയസ് തൽപഡേ എ.ബി. വാജ്പേയിയേയും മഹിമ ചൗധരി പുപുൽ ജയകറേയും മിലിന്ദ് സോമൻ സാം മനേക് ഷായേയും സതീഷ് കൗശിക് ജഗ്ജീവൻ റാമിനേയും അവതരിപ്പിക്കുന്നു. മലയാളി താരം വിശാഖ് നായർ ആണ് സഞ്ജയ് ഗാന്ധിയായെത്തുന്നത്.