News
മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിലേയ്ക്ക് കമല്‍ ഹസനും….; ആവേശത്തോടെ ആരാധകര്‍
മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിലേയ്ക്ക് കമല്‍ ഹസനും….; ആവേശത്തോടെ ആരാധകര്‍
ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ മലയാളികള്‍ക്ക് നല്‍കിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹവും സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ഒന്നിക്കുന്നുവെന്നുള്ള വാര്‍ത്തകള്‍ വന്നതിന് പിന്നാലെ അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സസ്‌പെന്‍സ് പൊളിച്ച് മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് പുറത്ത് വിട്ടത്.
‘മലൈക്കോട്ടൈ വാലിബന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. 2023ല്‍ ഇതിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം. എന്നാല്‍ ഇപ്പോഴിതാ ആരാധകരെ ഒന്നുകൂടി ആവേശത്തിലാക്കുന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്. ഈ ചിത്രത്തില്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ കമല്‍ ഹാസനും ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലിജോ ചിത്രത്തില്‍ കമല്‍ ഹാസന്‍ ഏറെ പ്രാധാന്യമുള്ള അതിഥി വേഷത്തിലാകുമെത്തുക. നേരത്തെ ‘ഉന്നൈ പോലൊരുവന്‍’ എന്ന സിനിമയില്‍ കമലും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ ഇതുവരെയും വന്നിട്ടില്ല. ഇരുവരും ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിനായി ഒന്നിക്കുമോ എന്ന ആവേശത്തിലാണ് ആരാധകര്‍.
മോഹന്‍ലാല്‍ ഗുസ്തിക്കാരനായാണ് ചിത്രത്തിലെത്തുന്നത്. ബോളിവുഡ് താരം വിദ്യുത് ജാംവാല്‍ ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ പ്രാവീണ്യമുള്ള വിദ്യൂത് വില്ലനായെത്തുന്നത് ഈ കാരണത്താലാണെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ സൂപ്പര്‍ ഹിറ്റ് ചിത്രമായ ആമേന് വേണ്ടി പ്രവര്‍ത്തിച്ചവരും ഈ ചിത്രത്തിന് വേണ്ടി വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ആമേന് തിരക്കഥയൊരുക്കിയ പിഎസ് റഫീക്കാണ് മോഹന്‍ലാല്‍ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്.
ആമേനിലെ മികച്ച ഗാനങ്ങള്‍ ഒരുക്കിയ പ്രശാന്ത് പിള്ള സംഗീതം നിര്‍വഹിക്കും. ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ഛായാഗ്രഹണം നിര്‍വഹിക്കും. ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കും. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
