Malayalam
1000 കലോറി കുറഞ്ഞിട്ടുണ്ട്, എന്നാൽ ഞാൻ ഇത് ഒരിക്കൽ പോലും പിന്തുടരില്ല; കുറിപ്പുമായി കാളിദാസ് ജയറാം
1000 കലോറി കുറഞ്ഞിട്ടുണ്ട്, എന്നാൽ ഞാൻ ഇത് ഒരിക്കൽ പോലും പിന്തുടരില്ല; കുറിപ്പുമായി കാളിദാസ് ജയറാം
പ്രേക്ഷകർക്കേറെ സുപരിചിതനാണ് ജയറാമിന്റെ മകൻ കാളിദാസ് ജയറാം. അഞ്ച് വയസ് പ്രായമുള്ളപ്പോൾ മുതൽ കാളിദാസിനെ കണ്ട് തുടങ്ങിയതാണ് മലയാളികൾ. കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റേം തുടങ്ങിയ സിനിമകളൊക്കെ മലയാളികൾ ഇപ്പോഴും റിപ്പീറ്റ് വാല്യുവോടെ കാണുന്നത് പോലും കുഞ്ഞ് കാളിദാസിന്റെ പക്വതയോടെയുള്ള പ്രകടനം കാണാൻ വേണ്ടി മാത്രമാണ്. ഇപ്പോൾ നടന്റെ വിവാഹ ഒരുക്കങ്ങളിലാണ് ജയറാമും കുടുംബവും.
ഇപ്പോഴിതാ താൻ ഫോളോ ചെയ്യുന്ന ഫിറ്റ്നസ് ഡയറ്റിനെ കുറിച്ചും കാണിച്ച മണ്ടത്തരത്തിനെ കുറിച്ചും പറയുകയാണ് കാളിദാസ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് പ്രതികരണം. 20 ദിവസമായി സീറോ കാർബ്സ് ഡയറ്റാണ് പിന്തുടരുന്നത്. 1000 കലോറി കുറഞ്ഞിട്ടുണ്ട്. എന്നാൽ ഞാൻ ഇത് ഒരിക്കൽ പോലും പിന്തുടരില്ല. കാരണം ഞാൻ ഇപ്പോൾ വളരെ ക്ഷീണിതനാണ്. സംശയമില്ല കാർബോഹൈഡ്രേറ്റ് തന്നെയാണ് കിംഗ്. ആരോഗ്യകരമായിരിക്കൂ, ഹൈഡ്രേറ്റഡ് ആയിരിക്കൂ എന്നും കാളിദാസ് കുറിപ്പിൽ പറയുന്നു.
പിന്നാലെ സിനിമയ്ക്ക് വേണ്ടിയാണോ അതോ വിവാഹത്തിന് മുൻപുള്ള ഡയറ്റിലാണോ കാളിദാസ് എന്നാണ് ആരാധകർ ചോദിക്കുന്നത്. പോഷകഗുണമുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയ ഡയറ്റാണ് സീറോ ഡയറ്റ്. വളരെ പെട്ടെന്ന് വ്യത്യാസം വരുന്ന ഒന്നാണ് സീറോ ഡയറ്റ്. പച്ചക്കറി സൂപ്പുകൾ, സാലഡുകൾ എന്നിവ സീറോ ഡയറ്റിന്റെ പ്രധാന ഘടകങ്ങളാണ്.
എന്നാൽ ഒരു വിദഗ്ധ ഡയറ്റീഷ്യനെ കണ്ട ശേഷം മാത്രമേ ഡയറ്റിങ് തുടങ്ങാൻ പാടുള്ളൂ. ചെറുപ്പത്തിൽ കാളിദാസിന് നല്ല വണ്ണമുണ്ടായിരുന്നു. എന്നാൽ സിനിമയിലേയ്ക്ക് ചുവട് വെച്ച ശേഷമാണ് താരം ഡയറ്റ് ശ്രദ്ധിച്ച് തുടങ്ങിയത്. കൃത്യമായ ഡയറ്റും വ്യായാമവും കൊണ്ട് വളരെപ്പെട്ടെന്ന് തന്നെ ശരീര ഭാരം കുറയ്ക്കാനും ഫിറ്റ് ആകാനും കാളിദാസിന് കഴിഞ്ഞു.
കാളിദാസ് മാത്രമല്ല, ജയറാമും സഹോദരി മാളവികയുമെല്ലാം ഡയറ്റും വ്യായാമവും പിന്തുടർന്ന് വൻ മേക്കോവർ നടത്തിയിരുന്നു. അമ്മ പാർവതിയും ഇപ്പോൾ ജിമ്മിൽ പോയി തുടങ്ങിയിട്ടുണ്ട്. ഡിസംബർ 11 ന് ആണ് കാളിദാസിന്റെ വിവാഹം. ഡിസംബർ എട്ടിന് ഗുരുവായൂർ വെച്ച് താലികെട്ടും. പതിനൊന്നിനു ചടങ്ങുകൾ ചെന്നൈയിൽ വച്ചാണ് നടക്കുന്നത് എന്ന് ജയറാം പറഞ്ഞിരുന്നു.
ആദ്യവിവാഹക്ഷണം നൽകിയത് തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനായിരുന്നു. ജയറാമും പാർവതിയും കാളിദാസും നേരിട്ട് എത്തിയാണ് ക്ഷണം നൽകിയത്. ജന്മം കൊണ്ട് മലയാളി ആണെങ്കിലും കാളിദാസ് ജനിച്ചതും വളർന്നതും എല്ലാം ചെന്നൈയിൽ ആണ്. അതുകൊണ്ട് തന്നെ തമിഴ് ആചാര പ്രകാരമാണ് ചടങ്ങുകൾ നടക്കുന്നത്.
തരിണി കലിംഗരായർ ആണ് കാളിദാസിന്റെ ഭാവി വധു. കോയമ്പത്തൂർ ഊത്തുക്കുളിയിലെ വലിയ കുടുംബത്തിലാണ് തരിണി ജനിച്ചതെന്നാണ് ചില റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. അത് മാത്രമല്ല, ഒരുകാലത്ത് നാട് ഭരിച്ചിരുന്ന കുടംബത്തിലെ ഇളമുറക്കാരിയാണ് കാളിദാസിന്റെ തരിണി. 2021ലായിരുന്നു തരിണിയുമായി കാളിദാസ് പ്രണയത്തിലായത്.
വിഷ്വൽ കമ്യൂണിക്കേഷൻ ബിരുദധാരി കൂടിയായ തരിണിയും കാളിദാസും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇഷ്ടത്തിലാവുകയായിരുന്നു.തരിണിയുടെ വീട്ടുകാർക്കും ബന്ധത്തിൽ എതിർപ്പില്ലാതെ വന്നതോടെയാണ് താരകുടുംബം വിവാഹത്തിലേക്ക് കടക്കാമെന്ന് തീരുമാനിക്കുന്നത്.
താനധികം സംസാരിക്കാത്ത ആളും തരിണി നല്ലോണം സംസാരിക്കുന്ന ആളുമാണ്. അപ്പോൾ അത് ബാലൻസായി പോകുമെന്നാണ് പ്രണയത്തെ കുറിച്ച് സംസാരിക്കുന്നതിടയിൽ കാളിദാസ് വ്യക്തമാക്കിയത്.
അതേസമയം, മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും തമിഴ് സിനമയിൽ കാളിദാസ് സജീവമാണ്. നടൻ ധനുഷിന്റെ അമ്പതമത്തെ ചിത്രമായ രായനിൽ കാളിദാസ് പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ ധനുഷിന്റെ സഹോദരനായിട്ടാണ് കാളിദാസ് എത്തുന്നത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.