News
അടി ആയിരുന്നു ഞാനും മണിചേട്ടനും. എപ്പോഴും കച്ചറ ആയിരുന്നു; സത്യത്തിൽ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല… ; നിത്യാ ദാസ് പറയുന്നു!
അടി ആയിരുന്നു ഞാനും മണിചേട്ടനും. എപ്പോഴും കച്ചറ ആയിരുന്നു; സത്യത്തിൽ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല… ; നിത്യാ ദാസ് പറയുന്നു!
മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത കലാകാരനാണ് അന്തരിച്ച നടൻ കലാഭവൻ മണി. മികച്ച നടൻ, ഗായകൻ, കൊമേഡിയൻ തുടങ്ങി എല്ലാ നിലകളിലും പ്രശസ്തനായ മണിയുടെ വേർപാട് ഇന്നും സിനിമാ ലോകത്ത് വലിയ ചർച്ചകൾ സൃഷ്ടിക്കാറുണ്ട്.
മണിയുടെ മരണം തീർത്തും അപ്രതീക്ഷിതമായിരുന്നു. കരൾ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കോമഡി വേഷങ്ങളിൽ തുടങ്ങി പിന്നീട് വില്ലനായും നായകനായും സിനിമകളിൽ നിറഞ്ഞ് നിന്ന കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ ഇപ്പോഴും ജനപ്രിയമാണ്.
കലാഭവൻ മണിയുടെ ജീവിതത്തെ സംബന്ധിച്ചും മരണത്തെ സംബന്ധിച്ചും പലപ്പോഴും പല വാദങ്ങൾ ഉയരാറുണ്ട്. വലിയ ഒരു നിഗൂഢത ഇന്നും മാണിയുടെ ജീവിതവും മരണവുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. നടന്റെ സുഹൃദ് വലയം കരിയറിനെയും ജീവിതത്തെയും ബാധിച്ചെന്ന് നേരത്തെ പലരും അഭിപ്രായപ്പെട്ടിരുന്നു.
കരിമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, അനന്തഭദ്രം, ആമേൻ തുടങ്ങി കലാഭവൻ മണി നായകനായ സിനിമകളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു കരുമാടിക്കുട്ടൻ. ആ കഥാപാത്രം മറ്റൊരാൾ ചെയ്താലും ശരിയാകില്ല എന്ന് ഉറപ്പിച്ചു പറയാനാകും.
നടന്റെ വേർപാടിനെക്കുറിച്ച് ഇന്നും സുഹൃത്തുക്കളും ഒപ്പം പ്രവർത്തിച്ചവരും സംസാരിക്കാറുണ്ട്. 2016 മാർച്ചിലാണ് കലാഭവൻ മണി മരണപ്പെടുന്നത്. നടൻ മരിച്ചിട്ട് ആറ് വർഷം പിന്നിട്ടു.
ഇപ്പോഴിതാ കലാഭവൻ മണിയെ പറ്റി സംസാരിച്ചിരിക്കുകയാണ് നടി നിത്യ ദാസ്. സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത് ഇപ്പോൾ തിരിച്ചെത്തിയിരിക്കുകയാണ് നിത്യാ ദാസ് .കൺമഷി എന്ന സിനിമിയിലുൾപ്പെടെ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കലാഭവൻ മണിയുമായി എപ്പോഴും തർക്കമായിരുന്നെന്ന് നിത്യ ദാസ് പറയുന്നു.
അടി ആയിരുന്നു ഞാനും മണിചേട്ടനും. എപ്പോഴും കച്ചറ ആയിരുന്നു. സത്യത്തിൽ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല. എന്ത് ചെയ്താലും ആൾക്ക് തോന്നും ഇവളെന്നെ കളിയാക്കി ചെയ്തതാണല്ലോ എന്ന്. ഞങ്ങൾ ഓസ്ട്രേലിയൻ ട്രിപ്പിന് പോയിരുന്നു. അവിടെയും അങ്ങനെ തന്നെ. അവസാനം ഞാൻ ചോദിച്ചു നിങ്ങൾക്ക് ഒരാൾ ചെയ്യുന്ന കാര്യം ശരിക്ക് മനസ്സിലാക്കാൻ പറ്റുന്നില്ല അല്ലേയെന്ന്.
‘എപ്പോഴും തെറ്റിദ്ധരിക്കപ്പെടുമായിരുന്നു. പക്ഷെ എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു. ആളുടെ പാട്ടിന്റെയൊക്കെ ഫാനും ആയിരുന്നു ഞാൻ. പക്ഷെ അതൊന്നും പറയാൻ പറ്റില്ലല്ലോ. എന്തൊക്കെ ചെയ്താലും ഞാൻ കളിയാക്കിയതാണെന്ന് വിചാരിക്കും. ആളുടെ പാട്ട് പാടിയാലും വിചാരിക്കും ആളെ കളിയാക്കിയതാണെന്ന്. മരിച്ചു എന്ന് പറഞ്ഞപ്പോൾ എനിക്ക് ഭയങ്കര വിഷമം ആയി. എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല,’ നിത്യ ദാസ് പറഞ്ഞു. വെറൈറ്റി മീഡിയയോടാണ് പ്രതികരണം.
നീണ്ട 15 വർഷം മലയാള സിനിമയിൽ നിന്നും മാറി നിന്ന നിത്യ ദാസ് പള്ളിമണി എന്ന സിനിമയിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ശ്വേത മേനോൻ, കൈലാഷ് തുടങ്ങിയവർ ആണ് സിനിമയിലെ മറ്റ് താരങ്ങൾ.
പറക്കും തളിക എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് സുപരിചിത ആയ നടി ആണ് നിത്യ ദാസ്. വിവാഹ ശേഷം സിനിമാ അഭിനയത്തിൽ നിന്നും നടി കുറച്ച് കാലം മാറി നിന്നു. അതേസമയം തമിഴ് സീരിയലുകളിൽ ഇതിനിടെ നടി അഭിനയിച്ചിരുന്നു.