Malayalam
ഹരിവരാസനം പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക്!
ഹരിവരാസനം പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക്!
മലയാളികളുടെ പ്രിയ ഗാനരചയിതാവാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ഗാനരചയിതാവ് എന്ന നിലയിൽ മാത്രമല്ല കവി, സംഗീത സംവിധായകൻ, നടൻ, ഗായകൻ, തിരക്കഥാകൃത്ത്, മ്യൂസിക് തെറാപ്പിസ്റ്റ്, കർണ്ണാട്ടിക് സംഗീത വിദഗ്ദ്ൻ എന്ന നിലയിലും അദ്ദേഹം പ്രശസ്തനാണ്. മലയാളികൾ ഇന്നും ഏറ്റ് പാടുന്ന ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം.
ഇപ്പോഴിതാ 2024ലെ ഹരിവരാസനം പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് എന്നാണ് പുറത്ത് വരുന്ന വിവരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിവസമായ ജനുവരി 14 ന് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിലാണ് പുരസ്കാരം സമ്മാനിക്കുക.
സിനിമ ഗാനങ്ങൾക്ക് പുറമേ നിരവധി അയപ്പ ഭക്തിഗാനങ്ങളുടെ രചയിതാവ് കൂടിയാണ് കൈതപ്രം. 2012ലാണ് ഹരിവരാസനം പുരസ്കാരം സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയത്. ഗായകൻ യേശുദാസിനായിരുന്നു ആ വർഷത്തെ പുരസ്കാരം. ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരൻ തമ്പിയ്ക്കായിരുന്നു 2023ലെ ഹരിവരാസനം പുരസ്‌കാരം ലഭിച്ചത്. 2022ൽ ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിനെയും 2021ൽ ഗായകൻ വീരമണി രാജുവിനെയും പുരസ്കാരം നൽകി ആദരിച്ചു.
കണ്ണൂർ ജില്ലയിലെ കൈതപ്രം എന്ന ഗ്രാമത്തിൽ കണ്ണാടി ഇല്ലത്ത് കേശവൻ നമ്പൂതിരിയുടെയും അദിതി അന്തർജ്ജനത്തിന്റെയും മൂത്ത മകനായി 1950 ഓഗസ്റ്റ് 4 നാണ് കൈതപ്രം ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനൊപ്പം തന്നെ അദ്ദേഹം കർണാടക സംഗീതവും അഭ്യസിച്ചു. 1970കളിലാണ് അദ്ദേഹം കവിത ഗാന രംഗത്തേക്ക് കടന്ന് വരുന്നത്. 1985ൽ ഫാസിൽ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലൂടെയാണ് കൈതപ്രം മലയാള സിനിമ രംഗത്തേക്ക് കടക്കുന്നത്. ഇതിലെ ദേവദുന്ദുഭി സാന്ദ്രലയം എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പൊന്മുരളിയൂതും കാറ്റിൽ, കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി, രാമായണ കാറ്റേ തുടങ്ങി മലയാളികൾ ഇന്നും ഏറ്റ് പാടുന്ന മെലഡി ഗാനങ്ങൾ തുടങ്ങി സമ്മാനിച്ച അദ്ദേഹം തന്നെയാണ് ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ എന്ന ഗാനത്തിലൂടെ മലയാളക്കരയെയാകെ ആവേശത്തിലാക്കിയതും.
