Malayalam
ദിലീപ് തന്നെ ഒരു പാട്ടില്‍ നിന്ന് മാറ്റിയിട്ടുണ്ട്. അത് മറക്കാന്‍ പറ്റില്ല, അയാളുടെ ഗുരുത്വക്കേട് അതാണ്!; കൈതപ്രം ദാമോദരന്‍ നമ്പൂതിരി
ദിലീപ് തന്നെ ഒരു പാട്ടില്‍ നിന്ന് മാറ്റിയിട്ടുണ്ട്. അത് മറക്കാന്‍ പറ്റില്ല, അയാളുടെ ഗുരുത്വക്കേട് അതാണ്!; കൈതപ്രം ദാമോദരന്‍ നമ്പൂതിരി
മലയാളികളുടെ പ്രിയ ഗാനരചയിതാവാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ഗാനരചയിതാവ് എന്ന നിലയില്‍ മാത്രമല്ല കവി, സംഗീത സംവിധായകന്‍, നടന്‍, ഗായകന്‍, തിരക്കഥാകൃത്ത്, മ്യൂസിക് തെറാപ്പിസ്റ്റ്, കര്‍ണ്ണാട്ടിക് സംഗീത വിദഗ്ദ്ന്‍ എന്ന നിലയിലും അദ്ദേഹം പ്രശസ്തനാണ്. പൊന്മുരളിയൂതും കാറ്റില്‍, കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി, രാമായണ കാറ്റേ തുടങ്ങി മലയാളികള്‍ ഇന്നും ഏറ്റ് പാടുന്ന ഒരു പിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹം തന്നെയാണ് ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണില്‍ എന്ന ഗാനത്തിലൂടെ മലയാളക്കരയെയാകെ ആവേശത്തിലാക്കിയതും.
കണ്ണൂര്‍ ജില്ലയിലെ കൈതപ്രം എന്ന ഗ്രാമത്തില്‍ കണ്ണാടി ഇല്ലത്ത് കേശവന്‍ നമ്പൂതിരിയുടെയും അദിതി അന്തര്‍ജ്ജനത്തിന്റെയും മൂത്ത മകനായി 1950 ഓഗസ്റ്റ് 4 നാണ് കൈതപ്രം ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനൊപ്പം തന്നെ അദ്ദേഹം കര്‍ണാടക സംഗീതവും അഭ്യസിച്ചു. 1970കളിലാണ് അദ്ദേഹം കവിത ഗാന രംഗത്തേക്ക് കടന്ന് വരുന്നത്. 1985ല്‍ ഫാസില്‍ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലൂടെയാണ് കൈതപ്രം മലയാള സിനിമ രംഗത്തേക്ക് കടക്കുന്നത്. ഇതിലെ ദേവദുന്ദുഭി സാന്ദ്രലയം എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ മുമ്പ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ‘തിളക്കം’ എന്ന സിനിമയ്ക്ക് പാട്ടെഴുതാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് കൈതപ്രം പങ്കുവച്ചത്. താന്‍ എഴുതിയ ഒരു പാട്ട് ദിലീപ് ഇടപെട്ട് മാറ്റിച്ചുവെന്നും പാട്ട് വേറൊരു നമ്പൂതിരി എഴുതട്ടെ എന്നായിരുന്നു അന്ന് ദിലീപ് പറഞ്ഞതെന്നുമാണ് കൈതപ്രം പറയുന്നത്.
ദിലീപ് തന്നെ ഒരു പാട്ടില്‍ നിന്ന് മാറ്റിയിട്ടുണ്ട്. അത് മറക്കാന്‍ പറ്റില്ല. താന്‍ എഴുതിക്കൊണ്ടിരുന്ന പാട്ടില്‍ നിന്നാണ് അത്. ഒരു പാട്ട് എഴുതി അടുത്ത പാട്ട് എഴുതാന്‍ നില്‍ക്കുമ്പോള്‍ അത് വേറൊരു നമ്പൂതിരി എഴുതട്ടെ എന്ന് ദിലീപ് പറഞ്ഞു. എന്നിട്ട് നമ്മുടെ ഹരിയെ കൊണ്ട് എഴുതിച്ചു. തന്റെ എഴുത്തൊന്നും പോര എന്ന അഭിപ്രായമാണ് പുള്ളിക്ക്.
അതാണ് അയാളുടെ ഗുരുത്വക്കേട്. അത് മാറട്ടെയെന്ന് താന്‍ പ്രാര്‍ത്ഥിക്കുന്നു. ദിലീപ് ഇപ്പോഴും ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ പാട്ടിലാണ്. അത് നല്ല പാട്ടുകളാണ്. പക്ഷേ ബാക്കിയുള്ളതൊക്കെ അയാള്‍ മറന്നു. ‘ഇഷ്ടം’ പോലുള്ള അയാള്‍ അഭിനയിച്ച എത്രയോ പടങ്ങള്‍ക്ക് വേണ്ടി താന്‍ പാട്ട് എഴുതിയിട്ടുണ്ട്.
എല്ലാ പടങ്ങളും അയാള്‍ മറന്നിട്ട് തന്നെ മാറ്റി. തനിക്ക് അതൊന്നും ഒരു കുഴപ്പവുമല്ല. താന്‍ 460 പടങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നിട്ടാണ് അയാള്‍ തന്നെ ഒരു പടത്തില്‍ നിന്ന് മാറ്റുന്നത്. ഇതൊക്കെയാണ് സിനിമക്കാരുടെ വിഡ്ഡിത്തങ്ങള്‍. അത് വലിയ ഗുരുത്വക്കേട് ഉണ്ടാക്കും. ഈ പിള്ളേര്‍ക്ക് അറിയില്ല എഴുത്തിന്റെ പിന്നിലെ തപസ്.
ഒരു മനുഷ്യന്റെ 72 വര്‍ഷത്തെ ജീവിതം അതൊക്കെയുണ്ട്. എഴുത്ത് എന്ന് പറയുമ്പോള്‍ ഇപ്പോള്‍ ഉണ്ടാക്കി എഴുതുന്നതല്ല. ജീവിതത്തിന്റെ പിന്നോട്ട് നോക്കണം. ആ അനുഭവമാണ് എഴുതുന്നത്. അതിനെയൊക്കെ തള്ളി പറഞ്ഞാല്‍ വലിയ പാപമുണ്ടാകും. അതൊന്നും ഇവര്‍ക്ക് മനസിലാവില്ല എന്നാണ് കൈതപ്രം അഭിമുഖത്തില്‍ പറയുന്നത്.
വയ്യാതെ മുടന്തി മുടന്തി രണ്ടാമത്തെ നിലയില്‍ കയറിച്ചെന്നു ദീപക് ദേവിന് വേണ്ടി എഴുതിയ പാട്ട് വേണ്ട എന്ന് പറഞ്ഞ് പൃഥ്വിരാജ് പറഞ്ഞുവിട്ടു. എനിക്കിതിലൊന്നും വിഷമമില്ല. അയാളെ ഓര്‍ത്താണ് വിഷമം. ഇത്രയും മണ്ടനായി പോയല്ലോ എന്നും കൈതപ്രം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ വാക്കുകള്‍ വൈറലായി മാറിയിരിക്കുകയാണ്.
300ല്‍ അധികം ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ രചിച്ചിട്ടുള്ള വ്യക്തിയാണ് കൈതപ്രം. അക്കാലത്തെ ഒട്ടുമിക്ക പ്രമുഖ സംഗീത സംവിധായകന്മാരുമായും ഗാനങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. 1500ലേറെ ഗാനങ്ങള്‍ ഇതിനകം അദ്ദേഹം ഒരുക്കി. കൂടാതെ നിരവധി ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുകയും പാടുകയും ചെയ്തിട്ടുണ്ട്. ജോണ്‍സണ്‍ മാഷ്, മോഹന്‍ സിത്താര, രവീന്ദ്രന്‍ മാഷ് , ഔസേപ്പച്ചന്‍, എസ്.പി വെങ്കിടേഷ്, വിദ്യാസാഗര്‍, ജാസി ഗിഫ്റ്റ് തുടങ്ങി ഏറ്റവും ഒടുവില്‍ വിനീത് ശ്രീനിവാസനൊപ്പവും അദ്ദേഹം ഗാനങ്ങള്‍ ഒരുക്കി.
സ്വാതിതിരുനാള്‍, ആര്യന്‍, ഹിസ് ഹൈനസ്സ് അബ്ദുള്ള, ഭരതം, ദേശാടനം,നിവേദ്യം തുടങ്ങി ചില മലയാള ചിത്രങ്ങളില്‍ അദ്ദേഹം അതിഥി താരമായും അഭിനയിച്ചിട്ടുണ്ട്. 1997 ല്‍ കാരുണ്യത്തിലെ ഗാനങ്ങള്‍ക്ക് അദ്ദേഹത്തിന് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ദേശാടനം, കളിയാട്ടം, തട്ടകം, എന്ന് സ്വന്തം ജാനകിക്കുട്ടി തുടങ്ങിയ ഇരുപതോളം ചിത്രങ്ങള്‍ക്കു കൈതപ്രം സംഗീത സംവിധാനവും നടത്തിയിട്ടുണ്ട്.
ഗാനരചന കൂടാതെ കര്‍ണാടകസംഗീതരംഗത്തെ സംഭാവനകളെ മാനിച്ച് തുളസീവന പുരസ്‌കാരവും കൈതപ്രത്തിന് ലഭിച്ചിട്ടുണ്ട്. 2021ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിക്കുകയും ചെയ്തിരുന്നു. 2017 ജനുവരിയില്‍ സ്‌നേഹസംഗമം എന്ന പരിപാടിയില്‍ വെച്ച് തന്റെ പേരിന്റെ കൂടെയുള്ള ജാതിപ്പേര് ഉപേക്ഷിക്കുകയാണെന്ന് കൈതപ്രം പ്രഖ്യാപിച്ചത് വലിയ ചര്‍ച്ചയായിരുന്നു. 1993ല്‍ പൈതൃകത്തിലെ ഗാനരചനയ്ക്കും 1996ല്‍ അഴകിയ രാവണന്‍ എന്ന ചിത്രത്തിലെ ഗാനരചനയ്ക്കും സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട് കൈതപ്രത്തിന്.
