മട്ടാഞ്ചേരി മാഫിയ എന്ന പദപ്രയോഗം സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞു, പല തരത്തിലുള്ള പവർ ഗ്രൂപ്പുകളുണ്ടെന്നതും സത്യം; പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിനെ വിമർശിച്ച് കെ സുരേന്ദ്രൻ
കഴിഞ്ഞ ദിവസമായിരുന്നു സംവിധായകരായ ആഷിക്ക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, അഞ്ജലി മേനോൻ, നടി റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ മലയാള സിനിമയിൽ പുതിയ സംഘടന വരുന്നുവെന്നുള്ള വിവരം പുറത്തെത്തിയത്. ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്നാണ് സംഘടനയുടെ പേര്. പ്രാഥമിക ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്ന് സംവിധായക അഞ്ജലി മേനോൻ അറിയിച്ചിരുന്നു.
ഇപ്പോഴിതാ ഈ സംഘടനയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ചലച്ചിത്രരംഗത്ത് മട്ടാഞ്ചേരി മാഫിയ എന്ന പദപ്രയോഗം സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞുവരികയാണ്. ചലച്ചിത്ര മേഖലയെ വരുതിയിൽ നിർത്താൻ പല തരത്തിലുള്ള പവർ ഗ്രൂപ്പുകളുണ്ടെന്നതും സത്യം.
അടക്കിവാഴുന്നവരും അധോലോകസംഘവും തമ്മിലുള്ള തർക്കത്തിൽ ആരുടെ കൂടെയാണെന്നു ചോദിച്ചാൽ ഉത്തരം പറയാനുമാവില്ല. മയ ക്കുമരുന്നു മാ ഫിയകളും അർബൻ ന ക്സലുകളും അരാജകവാദികളും അടക്കിവാഴുന്നിടത്ത് അവരെ ഒരുതരത്തിലും പിന്തുണയ്ക്കാനുമാവില്ല. പ്രോഗ്രസ്സീവ് ഫിലിം മേക്കേർസ് ഓഫ് ഇന്ത്യ എന്ന പേരൊക്കെ യാദൃശ്ചികമായി വന്നതാണെന്ന് കരുതാൻ ഇന്നത്തെ സാഹചര്യത്തിൽ സാധിക്കുന്നുമില്ല എന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.
അതേസമയം, തൊഴിലാളികളുടെ ശാക്തീകരണമാണ് പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് സംഘടനയുടെ ലക്ഷ്യം. സംഘടനയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുന്ന കത്ത് സിനിമ പ്രവർത്തകർക്കിടയിൽ നൽകിത്തുടങ്ങിയിട്ടുണ്ട്.
‘സമത്വം, സഹകരണം, സാമൂഹിക നീതി എന്നീ മൂല്യങ്ങളിൽ വേരൂന്നിയ ഈ സംഘടന, തൊഴിലാളികളുടെയും നിർമ്മാതാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും വ്യവസായത്തെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രയത്നങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
പിന്നണിപ്രവർത്തകർ എന്ന നിലയിൽ നമ്മളാണ് ഈ വ്യവസായത്തെ രൂപകല്പന ചെയ്യുന്നത്. അതിനാൽ തന്നെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന, എല്ലാവരേയും ഉൾക്കൊള്ളുന്ന തൊഴിലിടങ്ങൾ സൃഷ്ടിക്കാനും, നമ്മുടെ സംരംബങ്ങൾ സുസ്ഥിരവും ധാർമ്മികവുമാണെന്ന് ഉറപ്പുവരുത്താനുമുള്ള ബാധ്യത നമുക്കണ്ട്. ഒട്ടും എളുപ്പമല്ലെങ്കിലും ഈ മാറ്റം അത്യന്താപേക്ഷിതമാണ്.
പരസ്പര പിന്തുണയിലൂടെയും ഐക്യദാർഢ്യത്തിലൂടെയും മാത്രമേ ഇത് കൈവരിക്കാനാവുകയുള്ളു. നമുക്കൊരുമിച്ച് മലയാള ചലച്ചിത്ര വ്യവസായത്തെ നവീകരിക്കാം. സർഗ്ഗാത്മകമായ മികവിലും വ്യവസായിക നിലവാരത്തിലും മുൻപന്തിയിലേക്ക് അതിനെ നയിക്കാം എന്നുമാണ് കത്തിൽ പറയുന്നത്.