Connect with us

ജയസൂര്യയും സൗബിനും മികച്ച നടന്മാരായപ്പോൾ ജോജു ജോർജ് എങ്ങനെ സ്വഭാവ നടനായി ? – ജൂറി വിശദീകരിക്കുന്നു

Malayalam Breaking News

ജയസൂര്യയും സൗബിനും മികച്ച നടന്മാരായപ്പോൾ ജോജു ജോർജ് എങ്ങനെ സ്വഭാവ നടനായി ? – ജൂറി വിശദീകരിക്കുന്നു

ജയസൂര്യയും സൗബിനും മികച്ച നടന്മാരായപ്പോൾ ജോജു ജോർജ് എങ്ങനെ സ്വഭാവ നടനായി ? – ജൂറി വിശദീകരിക്കുന്നു

അപ്രതീക്ഷിത അവാർഡ് ഒന്നും ഇത്തവണയും ഉണ്ടായിരുന്നിട്ടില്ല എന്നതാണ് സംസ്ഥാന പുരസ്‌കാരങ്ങളുടെ പ്രത്യേകത.മികച്ച നടന്മാരായി ജയസൂര്യയും സൗബിൻ ഷാഹിറും പുരസ്‌കാരം പങ്കിട്ടപ്പോൾ ജോജു ജോർജ് മികച്ച സ്വഭാവ നടാനായി. എന്നാൽ ജോജുവിന്‌ മികച്ച നടനുള്ള പുരസ്‌കാരം പ്രതീക്ഷിച്ച ഒരുപാട് പേരുണ്ട്.

സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് സൗബിനും ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജയസൂര്യയും. കാർബൺ സിനിമയിലെ പ്രകടനത്തിന് ഫഹദും ജോസഫ് സിനിമയിലെ അഭിനയത്തിന് ജോജു ജോർജും മികച്ച നടന്മാരുടെ പട്ടികയിൽ അവസാനഘട്ടം വരെ ഉണ്ടായിരുന്നു. 

വ്യത്യസ്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജൂറി ഓരോരുത്തരെയും തെരഞ്ഞെടുത്തത്. സൗബിന്റെ പ്രകടനത്തെ സ്വാഭാവികതയുടെ നൈസര്‍ഗിക സൗന്ദര്യമെന്ന് വിശേഷിപ്പിച്ച ജൂറി ജയസൂര്യയുടെ അര്‍പ്പണബോധത്തെയും അവിശ്രാന്ത യത്‌നത്തെയും എടുത്തു പറഞ്ഞു. അമ്പതിനായിരം രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് മികച്ച നടനും സ്വഭാവ നടനുമുള്ള പുരസ്കാരം നേടിയവർക്ക് ലഭിക്കുക. മികച്ച നടിക്ക് ഒരുലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും നൽകും.

ജോജുവിന് സ്വഭാവനടനുള്ള പുരസ്കാരമാണ് ജൂറി നൽകിയത്. മധുപാല്‍ സംവിധാനം ചെയ്ത ‘ഒരു കുപ്രസിദ്ധ പയ്യന്‍’, സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ചോല’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് നിമിഷ സജയന്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.

ജൂറി വിലയിരുത്തൽ ഇങ്ങനെ: 

കുട്ടികളുടെ നാല് ചിത്രങ്ങൾ ഉൾപ്പടെ 104 ചിത്രങ്ങളാണ് അവാർഡ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് എത്തിയത്. അതിൽ 57 ചിത്രങ്ങൾ പുതുമുഖങ്ങളുേടത്. മൂന്ന് സ്ത്രീ സംവിധായകരുടെ ചിത്രങ്ങൾ ഇതിൽപെടുന്നു. ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് മൂന്ന് കമ്മറ്റികളുടെ മേൽനോട്ടത്തിലാണ് നടത്തിയത്. മൂന്ന് കമ്മിറ്റികളും തിരഞ്ഞെടുത്ത 30 സിനിമകൾ എല്ലാ ജൂറി അംഗങ്ങളും ഒന്നിച്ചിരുന്ന് കാണുകയും അന്തിമ വിധി നിർണയത്തിൽ എത്തുകയും ചെയ്തു.

കുട്ടികളുടെ ചിത്രങ്ങൾ എന്ന പേരിൽ കമ്മിറ്റി മുമ്പാകെ എത്തിയ ചിത്രങ്ങൾ പലതും കുട്ടികളെ അഭിസംബോധന ചെയ്യുന്നവയായിരുന്നില്ല. മികച്ച അവലംബിത തിരക്കഥ എന്ന വിഭാഗത്തിൽ അർഹതയുള്ള എൻട്രികൾ ഉണ്ടായിരുന്നില്ല.

ബഹുഭൂരിപക്ഷം ചിത്രങ്ങളും സിനിമ എന്ന മാധ്യമത്തിന്റെ സർഗാത്മകമായ സാധ്യതകളെ ഉപയോഗപ്പെടുത്താതെ അലസമായ സമീപനം പുലർത്തുന്നവയായിരുന്നു. സാങ്കേതിക മികവ് പുല‍ർത്തിയ ചിത്രങ്ങൾ ഉള്ളടക്കത്തിന്റെയും പ്രമേയ പരിചരണത്തിന്റെയും കാര്യത്തിൽ ഗുണനിലവാരം പുലർത്തിയില്ല. കഥാവികസനത്തെ തടയുന്ന രീതിയിൽ പാട്ടുകൾ ഔചിത്യമില്ലാതെ തിരുകിക്കയറ്റുന്ന പ്രവണത പ്രകടമായിരുന്നു.

ജയസൂര്യ

അര്‍പ്പണബോധവും അവിശ്രാന്ത യത്‌നവും സമ്മേളിക്കുന്ന അഭിനയ ചാരുത. വളരെ വ്യത്യസ്തമായ രണ്ട് റോളുകളില്‍ സ്വാഭാവികാഭിനയം കാഴ്ച വെച്ചിരിക്കുന്നു. പ്രശസ്തനായ ഒരു ഫുട്‌ബോള്‍ കളിക്കാരനെയും ഒരു ട്രാന്‍സ്‌ജെന്‍ഡറിനെയും തികച്ചും വ്യത്യസ്തമായി ശരീര ഭാഷയില്‍ പകര്‍ത്തുന്ന അത്ഭുതാവഹമായ അഭിനയ പാടവം

സൗബിന്‍ ഷാഹിര്‍

സ്വാഭാവികതയുടെ നൈസര്‍ഗിക സൗന്ദര്യമാണ് സൗബിന്‍ ഷാഹിറിന്റെ അഭിനയ സവിശേഷത. ഫുട്‌ബോളില്‍ ജീവിതം ദര്‍ശിക്കുന്ന ഒരു സാധാരണക്കാരന്‍ അപ്രതീക്ഷിതമായി ചെന്നു പെടുന്ന പ്രതിസന്ധികള്‍ തികച്ചും അനായസമായി പ്രതിഫലിപ്പിക്കുന്ന അഭിനയമികവിന്.

ജോജു ജോർജ്

പരുക്കനും മനുഷ്യത്വഹീനനുമെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന ഒരു പൊലീസ് ഓഫീസറുടെ യഥാർഥ സ്വത്വം എന്താണെന്ന് വെളിപ്പെടുത്തുന്ന ജോസഫിലെ കഥാപാത്രവും, സംരക്ഷക വേഷം ചമഞ്ഞ് ഇരയെ കീഴ്പ്പെടുത്തുന്ന ചോലയിലെ പുരുഷനും ജോജുവിനെ ഈ പുരസ്കാരത്തിന് അർഹനാക്കുന്നു.

നിമിഷ സജയന്‍

പ്രതിപാദ്യത്തിലും പ്രതിപാദനത്തിലും ധ്രുവാന്തരം പുലര്‍ത്തുന്ന രണ്ട് ചിത്രങ്ങളിലെ വ്യത്യസ്ത കഥാപാത്രങ്ങളെ സമര്‍ത്ഥമായി അവതരിപ്പിച്ചതിന്, ഇരയാക്കപ്പെടുന്ന പെണ്‍കുട്ടിയായും തുടക്കക്കാരിയുടെ പതര്‍ച്ചകളുള്ള അഭിഭാഷകയായുമുള്ള വേറിട്ട ഭാവപകര്‍ച്ചകള്‍ നിമിഷയെ പുരസ്‌കാരത്തിന് അര്‍ഹയാക്കുന്നു.

jury about award analysis

More in Malayalam Breaking News

Trending

Recent

To Top