അങ്ങനെ ഒരാളെ തരണം എന്ന് പറഞ്ഞപ്പോൾ ദൈവം ഇങ്ങനെ വാരിക്കോരി തരുമെന്ന് കരുതിയില്ല; ഭർത്താവിനെ കുറിച്ച് ജോമോൾ ;
ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ കുട്ടി ഉണ്ണിയാർച്ചയായി മലയാളസിനിമയിലെത്തിയ നടിയാണ് ജോമോൾ. തുടർന്ന് അനഘ, മൈ ഡിയർ മുത്തച്ഛൻ എന്നീ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു. ജയറാം നായകനായ സ്‌നേഹത്തിലൂടെ നായികാവേഷങ്ങളിലേക്ക് താരം കാലെടുത്ത് വെക്കുന്നത്. എന്ന് സ്വന്തം ജാനകിക്കുട്ടിയിലൂടെ മികച്ച നടിയായി. നിറം, ദീപസ്തംഭം മഹാശ്ചര്യം, മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം എന്നീ ചിത്രങ്ങളിലൂടെയാണ് ജോമോൾ മലയാളികൾക്കു പ്രിയങ്കരിയായി മാറിയത്.. 2002 ലാണ് ജോമോൾ വിവാഹം കഴിക്കുന്നത്. ചന്ദ്രശേഖര പിള്ള ആണ് ജോമോളുടെ ഭർത്താവ്.
ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഇരുവർക്കും രണ്ട് മക്കളുമുണ്ട്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ജോമോൾ. ബിഹൈന്റ്വുഡ്സിനോടാണ് പ്രതികരണം.
സിനിമാ മേഖലയിൽ നിന്ന് ഒരാളെ കല്യാണം കഴിക്കണമായിരുന്നെങ്കിൽ ആരെ കല്യാണം കഴിക്കുമായിരുന്നു എന്ന ചോദ്യത്തോട് ആമിർ ഖാന്റെ പേരാണ് ജോമോൾ മറുപടി നൽകിയത്. അരവിന്ദ് സ്വാമി, മാധവൻ തുടങ്ങിയ താരങ്ങളോടും ആരാധന ഉണ്ടായിരുന്നെന്ന് ജോമോൾ പറഞ്ഞു.
കല്യാണം കഴിക്കാൻ പോവുന്നവരെ പറ്റിയുള്ള സങ്കൽപ്പങ്ങൾ ഉണ്ടാവുമല്ലോ. എനിക്ക് മൂന്ന് കാര്യങ്ങൾ ഉണ്ടായിരുന്നു. ഒന്ന് മീശ പാടില്ല, രണ്ടാമത് പുറത്ത് കൊണ്ട് പോയി ആഹാരം വാങ്ങിത്തരണം, മൂന്നാമത് സിനിമയ്ക്ക് കൊണ്ട് പോവണമെന്നും. ദൈവം എല്ലാം കൂടെ വാരിക്കോരി തന്നു’
‘കാരണം എന്നെക്കൊണ്ട് ഭർത്താവ് ഒരു ദിവസം അഞ്ച് സിനിമ കാണിപ്പിച്ചു. ഞങ്ങൾ രണ്ട് മൂന്ന് സിനിമയൊക്കെ ഒറ്റയടിക്ക് കാണും. കല്യാണം കഴിഞ്ഞ് ഞങ്ങൾ ഒരു മൾട്ടിപ്ലക്സിൽ പോയി’
രാവിലെ എട്ടരയ്ക്ക് തുടങ്ങിയതാണ് വൈകുന്നേരം പതിനൊന്നരയ്ക്കാണ് സിനിമ കഴിഞ്ഞത്. അവസാനം തലയൊക്കെ വേദന എടുത്തു. സിനിമയ്ക്ക് കൊണ്ട് പോവുന്ന ആളെ തരണം എന്ന് പറഞ്ഞപ്പോൾ ദൈവം ഇങ്ങനെ വാരിക്കോരി തരുമെന്ന് കരുതിയില്ല. അഞ്ച് സിനിമ ഒരു ദിവസം കണ്ട ദിവസങ്ങൾ ഉണ്ട്. ഏത് ഭാഷയിലെ സിനിമ കാണാനും അദ്ദേഹത്തിന് ഇഷ്ടമാണ്. മീശയില്ല, ഭക്ഷണത്തിന് പുറത്ത് കൊണ്ടു പോവുകയും ചെയ്യും’
നമ്മൾ ആഗ്രഹിച്ചാൽ ദൈവം തരുമെന്നും ജോമോൾ തമാശയോടെ പറഞ്ഞു. പ്രണയിച്ച് വിവാഹം കഴിച്ചത് കൊണ്ട് മക്കളുടെ പ്രണയവും അംഗീകരിക്കേണ്ടി വരുമെന്നും നടി തമാശയോടെ പറഞ്ഞു. ‘പിള്ളേർ എന്ത് ചെയ്യരുതെന്ന് പറഞ്ഞ കാര്യങ്ങളും നിങ്ങൾ ചെയ്തിട്ടുണ്ടെന്ന് മൂത്ത മകൾ പറയും. പക്ഷെ അവർ മനസ്സിൽ ആലോചിക്കുമ്പോൾ എനിക്ക് മനസ്സിലാവും’തന്നിൽ സ്വയം അഭിമാനം തോന്നുന്ന കാര്യമെന്തെന്ന ചോദ്യത്തിനും ജോമോൾ മറുപടി നൽകി. ഒരാൾ എന്നോടൊരു കാര്യം വന്ന് പറഞ്ഞാൽ അത് എന്റെ ഉള്ളിൽ തന്നെ ഇരിക്കും വേറെ ആരോടും പറയില്ല. ഭർത്താവിനോടാണെങ്കിലും പറയില്ല. എന്നോട് ഒരു കാര്യം പറഞ്ഞാൽ അത് മരിക്കുന്നത് വരെ ആരോടും പറയില്ല. പണ്ട് നോ പറയാൻ ബുദ്ധിമുട്ട് ആയിരുന്നു.
ഇപ്പോൾ നോ പറയാൻ പഠിച്ചെന്നും ജോമോൾ പറഞ്ഞു. സിനിമകളിൽ ഏറെ നാളായി ജോമോളെ കണ്ടിട്ട്. നിരവധി സിനിമകളിൽ നായിക ആയെത്തിയ ജോമോൾ വിവാഹശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. നിലവിൽ സിനിമകളിൽ അഭിനയിക്കാതിരിക്കുന്നത് അല്ലെന്നും നല്ല അവസരങ്ങൾ വന്നാൽ അഭിനയിക്കുമെന്നും ജോമോൾ പറഞ്ഞു.