Connect with us

ലോക്ഡൗൺ വിഷുക്കാലത്തെ യഥാർത്ഥ ഹീറോ ജോജു ജോർജ്; കുറിപ്പ്

Malayalam

ലോക്ഡൗൺ വിഷുക്കാലത്തെ യഥാർത്ഥ ഹീറോ ജോജു ജോർജ്; കുറിപ്പ്

ലോക്ഡൗൺ വിഷുക്കാലത്തെ യഥാർത്ഥ ഹീറോ ജോജു ജോർജ്; കുറിപ്പ്

കോവിഡിനെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ്. ഏപ്രിൽ പതിനാല് വരെയായിരുന്നു ലോക്ക് ഡൗൺ തീരുമാനിച്ചതെങ്കിൽ മെയ് 3 വരെ നീട്ടിയിരിക്കുകയാണ്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമ പ്രവർത്തകരും പ്രതിസന്ധിയിലാണ്. സിനിമ മേഖലയിൽ നിന്ന് താരങ്ങൾ കോവിഡ് പ്രതിരോധ വർത്തനങ്ങളുടെ ഭാഗമാവുകയും സഹായം അറിയിച്ച് എത്തുകയും ചെയ്തിട്ടുണ്ട്

സുഖവിവരങ്ങൾ അന്വേഷിക്കാൻ സുഹൃത്തുക്കൾ പോലും മടി വിചാരിക്കുന്ന ഈ ലോക്ഡൗൺ കാലത്ത് സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞ് സഹായിക്കാൻ നടൻ ജോജു ജോർജ് തയ്യാറായെന്ന് ബോബി എന്ന സിനിമയുടെ സംവിധായകൻ ഷെബി ചൗഘട്ട്.
‘പലരും പ്രതിസന്ധിയിലായ ഈ നാളുകളിലെ യഥാർഥ നായകൻ ജോജു ജോർജ് തന്നെ’, ഷെബി ചൗഘട്ട് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഷെബിയുടെ കുറിപ്പ്:

ലോക്ഡൗൺ വിഷുക്കാലത്തെ യഥാർത്ഥ ഹീറോ

2017ലാണ് ഞാൻ ഒടുവിൽ സംവിധാനം ചെയ്ത ബോബി റിലീസാവുന്നത്. ഇപ്പോൾ മൂന്ന് വർഷമാകാറായി. സിനിമയല്ലാതെ മറ്റൊരു ജോലിയും അറിയാത്തവന്റെ ഇപ്പോഴത്തെ ബാങ്ക് ബാലൻസ് ഊഹിക്കാമല്ലോ. ആകെ സമ്പാദ്യമായി ഉള്ളത് പത്തു പതിനഞ്ച് കഥകളാണ്. എല്ലാം ഞാൻ തന്നെ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവ. എന്നാൽ സാമ്പത്തിക പ്രശ്നം വല്ലാതെ അലട്ടിത്തുടങ്ങിയ കാലത്ത് ഒരു കഥ ലാൽജോസിനോട് പറഞ്ഞു. ആ കഥ സിനിമയായി. ഏതു സമയത്തും നല്ലൊരു പ്രോജക്ടുമായി ചെന്നാൽ നമുക്കൊരു പടം ചെയ്യാം എന്ന് ഉറപ്പു നൽകിയ ഒരു നിർമ്മാതാവ് എന്റെ സൗഹൃദ വലയത്തിലുണ്ട്. ദുൽഖർ ചിത്രം ഒരു യമണ്ടൻ പ്രേമകഥയുടെ പ്രൊഡ്യൂസർ സി.ആർ. സലീം. അദ്ദേഹം നിർമിക്കാമെന്നേറ്റ പ്രോജക്ടിനു വേണ്ടി മഞ്ജു വാര്യരെ കണ്ട് കഥ പറഞ്ഞു. ഇതേ സബ്ജക്ടുമായി സാമ്യമുള്ള ഒരു സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും മറ്റൊരു സ്ക്രിപ്റ്റുമായി വരാനുമായിരുന്നു മറുപടി.

പിന്നീടാണ് രണ്ടു സിനിമകൾ അടുപ്പിച്ച് ഹിറ്റടിച്ചു നിൽക്കുന്ന ജോജു ജോർജിനെ വിളിക്കുന്നത്. പത്തു പടങ്ങളിൽ ഒന്ന് ഹിറ്റായാൽ പോലും വിളിച്ചാൽ ഫോണെടുക്കാത്ത നായകന്മാരുള്ള സിനിമാലോകത്ത് ആദ്യ വിളിയിൽത്തന്നെ ഫോണെടുത്ത് ജോജു എന്നെ ഞെട്ടിച്ചു. കഥ കേൾക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. ലൊക്കേഷനിൽ ചെന്നു പറഞ്ഞ കഥയും ഇഷ്ടപ്പെട്ടു. മൂന്നു വർഷത്തോളമായി സിനിമ ചെയ്യാതിരിക്കുന്ന എന്റെ വിഷമം മനസിലാക്കിയെന്ന് തോന്നുന്നു. സ്ക്രിപ്പ്റ്റുമായി വരാൻ പറഞ്ഞാണ് പിരിഞ്ഞത്. തിരക്കഥ പൂർത്തിയാക്കിയ സമയത്താണ് ലോകത്തെ മുഴുവൻ ഞെട്ടിച്ചു കൊണ്ട് കൊറോണ വ്യാപനവും ലോക്ഡൗണും. എല്ലാവരും കനത്ത പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ഈയുള്ളവന്റെ കാര്യം പറയേണ്ടല്ലോ.

സിനിമകൾ ചെയ്യുമ്പോൾ ഹിറ്റാവുമെന്ന് കരുതി കൂടെ നിന്ന ചില സുഹൃത്തുക്കളുണ്ടായിരുന്നു. പടമില്ലാതെ വീട്ടിലിരിക്കുന്നതു കൊണ്ടാവാം ആരും വിളിക്കുന്നില്ല. സിനിമയിൽ ജയിക്കുന്നവനു മാത്രമേ സ്ഥാനമുള്ളൂവെന്നും തോറ്റു പോയവന്റെ കഥ ഒരിക്കലും വാഴ്ത്തുപാട്ടാവില്ലെന്ന് അറിയാവുന്നതു കൊണ്ടും എല്ലാ വിഷമവും ഉള്ളിലൊതുക്കി വീട്ടിലിരിക്കാൻ മാനസികമായി തയ്യാറെടുത്തു.

പക്ഷേ, തികച്ചും അപ്രതീക്ഷിതമായി ഒരു ഫോൺകോൾ എന്നെത്തേടിയെത്തി. എന്റെ കഥയിലെ നായകൻ ജോജു ജോർജായിരുന്നു മറുതലയ്ക്കൽ. എന്തെങ്കിലും സാമ്പത്തിക പ്രശ്നങ്ങളുണ്ടോ എന്ന് ചോദിക്കാനാണ് വിളിച്ചത്. ഉണ്ടെന്നു പറയാൻ അഭിമാനം സമ്മതിച്ചില്ലെങ്കിലും എന്റെ ശബ്ദത്തിലെ പതർച്ച തിരിച്ചറിഞ്ഞിട്ടാവണം നിർബന്ധിച്ച് അക്കൗണ്ട് നമ്പർ വാങ്ങിച്ചു. പത്ത് മിനിട്ടിനകം പണമെത്തിയതായി ഫോണിൽ മെസേജും വന്നു.

ഒരുപാട് ബന്ധുക്കളും സുഹൃത്തുക്കളുമുണ്ടെങ്കിലും അവരാരും ചെയ്യാത്ത കാര്യമാണ് എനിക്ക് വലിയ പരിചയമൊന്നുമില്ലാത്ത ജോജു ജോർജ് എന്ന വ്യക്തിയിൽ നിന്നുണ്ടായത്. ചെറിയ വേഷങ്ങൾ ചെയ്ത് വളരെ ബുദ്ധിമുട്ടി മുൻനിരയിലേക്ക് വന്നതു കൊണ്ടാവാം അദ്ദേഹത്തിന് മറ്റുള്ളവരുടെ വിഷമങ്ങൾ മനസിലാക്കാൻ സാധിക്കുന്നത്.

ജോജു ജോർജിന്റെ സഹായം ഈ ലോക്ഡൗൺ വിഷുക്കാലത്ത് എനിക്കു മാത്രമല്ല കിട്ടുന്നത്.കൊച്ചിയിലും കോട്ടയത്തും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിരവധിയാളുകൾക്ക് നിത്യേന ഭക്ഷണം നൽകുന്നു. പ്രതിസന്ധികളിലാണ് നായകന്മാർ ഉണ്ടാകുന്നതെങ്കിൽ പലരും പ്രതിസന്ധിയിലായ ഈ നാളുകളിലെ നായകൻ ജോജു ജോർജ് തന്നെയാണ്. ഒരു യഥാർഥ നായകൻ.

JOJU GEORGE …

Continue Reading
You may also like...

More in Malayalam

Trending

Recent

To Top