Movies
ഈ വിഡിയോ ഹൃദയ ഭേദകമാണ്, ടെലിഗ്രാം വഴി ARM കാണേണ്ടവർ കാണട്ടേ, അല്ലാതെന്തുപറയാനാ; സംവിധായകൻ ജിതിൻ ലാൽ
ഈ വിഡിയോ ഹൃദയ ഭേദകമാണ്, ടെലിഗ്രാം വഴി ARM കാണേണ്ടവർ കാണട്ടേ, അല്ലാതെന്തുപറയാനാ; സംവിധായകൻ ജിതിൻ ലാൽ
ഓണം റിലീസായി പുറത്തെത്തിയ ടൊവിനോ തോമസ് ചിത്രമാണ് എആർഎം. തിയേറ്ററുകളിൽ നിറഞ്ഞ പ്രദർശനം നേടുന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങി. ചിത്രത്തിന്റെ സംവിധായകൻ ജിതിൻ ലാൽ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. ‘ഒരു സുഹൃത്താണ് ഈ വിഡിയോ അയച്ചത്. ഹൃദയ ഭേദകമാണ് ‘ എന്ന് കുറിച്ചുകൊണ്ടായിരുന്നു ട്രെയിനിലിരുന്ന് ഒരാൾ മൊബൈലിൽ സിനിമ കാണുന്ന വിഡിയോ അദ്ദേഹം പങ്കിട്ടത്.
ട്രെയിനിലിരുന്നുകൊണ്ട് ബ്ലൂടൂത്ത് ഹെഡ്സെറ്റുംവെച്ച് ചായയും കുടിച്ചുകൊണ്ട് ആരെയും കൂസാതെയാണ് ചെറുപ്പക്കാരൻ മൊബൈലിൽ ARM കാണുന്നത്. ഹൃദയം തകരുന്ന കാഴ്ചയാണിത്. വേറെയൊന്നും പറയാനില്ല. ടെലിഗ്രാം വഴി ARM കാണേണ്ടവർ കാണട്ടേ, അല്ലാതെന്തുപറയാനാ എന്നും സംവിധായകൻ കുറിച്ചു.
ഇത് സിനിമ വ്യവസായത്തെ ആകെ ബാധിക്കുന്ന വിഷയമാണെന്നും പിന്നിൽ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടോ എന്നാണ് സംശയമെന്നും ടൊവിനോ തോമസ് പ്രതികരിച്ചു. വ്യാജപതിപ്പ് ഇറങ്ങിയതിൽ നിയമ നടപടിക്കൊരുങ്ങുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് നിർമാണം.
ചിത്രം അഞ്ചു ഭാഷകളിലാണ് റിലീസ് ചെയ്തത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. ഏറെ കാലങ്ങൾക് ശേഷം മലയാളത്തിൽ വരുന്ന 3ഡി ചിത്രമെന്ന വലിയ പ്രത്യേകതയും എആർഎമ്മിനുണ്ട്.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജോമോൻ ടി ജോൺ ചായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു.