Connect with us

ആണൊരുത്തൻ ഇറങ്ങി; സിദിഖിന് മുൻപിൽ തീപന്തമായി ജഗദീഷ്; വൈറലായി കുറിപ്പ്

Malayalam

ആണൊരുത്തൻ ഇറങ്ങി; സിദിഖിന് മുൻപിൽ തീപന്തമായി ജഗദീഷ്; വൈറലായി കുറിപ്പ്

ആണൊരുത്തൻ ഇറങ്ങി; സിദിഖിന് മുൻപിൽ തീപന്തമായി ജഗദീഷ്; വൈറലായി കുറിപ്പ്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അതിനെ ചുറ്റിപ്പറ്റിയുള്ള പൊട്ടിത്തെറികളും കോലാഹലങ്ങളുമാണ് സോഷ്യൽ മീഡിയ നിറയെ. സിനിമ മേഖലയിൽ നടക്കുന്ന നിരവധി ക്രൂരകൃത്യങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്.

പല നടിമാരും ലൈംഗികാതിക്രമത്തിന് ഇരയായെന്നും കടുത്ത നീതിനിഷേധമാണ് സിനിമ മേഖലയിൽ നടക്കുന്നതെന്നും റിപ്പോർട്ടിൽ ഉണ്ട്. ഈ റിപ്പോർട്ട് തയ്യാറാക്കാൻ തന്നെ കാരണമായ ഡബ്ല്യുസിസി എന്ന സംഘടനയിലെ അംഗങ്ങൾക്ക് സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി സംസാരിച്ചതിന്റെ പേരിൽ തങ്ങളുടെ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം വരെ ഉണ്ടായി. അതുകൊണ്ടു തന്നെ ഹേമകമ്മിറ്റി വിഷയം ചർച്ചകളും കൊഴുക്കുകയാണ്.

അതേസമയം റിപ്പോർട്ടിൽ പേരുള്ള വേട്ടക്കാർ ആരായാലും അവരെ പുറംലോകം അറിയണമെന്നും അഴിക്കുള്ളിൽ ആവണമെന്നും അമ്മ എക്‌സിക്യൂട്ടീവ് മെമ്പർ കൂടിയായ അൻസിബ പ്രതികരിച്ചു.

ഇതോടെ അമ്മയിൽ ഭിന്നത ഇല്ലെന്ന ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ വാദം പൂർണമായും തള്ളപ്പെടുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ താര സംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ ഭിന്നത തുടരുകയാണ്. നടനും ‘അമ്മ’ വൈസ് പ്രസിഡന്റുമായ ജഗദീഷിന്റെ നിലപാടിനെ പിന്തുണച്ച് കൂടുതൽ ഭാരവാഹികൾ മുന്നോട്ട് വരുമെന്നാണ് സൂചന.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള നടനും താര സംഘടനയുടെ വൈസ് പ്രസിഡന്റുമായ ജഗദീഷിന്റെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായി മാറുന്നത്.

കൃത്യമായ മറുപടി നല്‍കാതെ അമ്മയും സെക്രട്ടറി സിദ്ധീഖും ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചപ്പോള്‍ ജഗദീഷ് വളരെ വ്യക്തവും ശക്തവുമായി പ്രതികരിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. ഇപ്പോഴിതാ ജഗദീഷിനെക്കുറിച്ചുള്ളൊരു സോഷ്യല്‍ മീഡിയ കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്.

താരത്തിന്റെ പ്രതികരണത്തെക്കുറിച്ച് സന്ദീപ് ദാസ് പങ്കുവച്ച വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ”ഒറ്റപ്പെട്ട സംഭവം” എന്ന് പറഞ്ഞ് തടിയൂരാന്‍ നോക്കിയ സിനിമാക്കാരെ മുഴുവനും ജഗദീഷ് വാക്കുകളുടെ ചാട്ടവാര്‍ കൊണ്ട് പ്രഹരിച്ചിരിക്കുന്നു എന്നാണ് കുറിപ്പില്‍ പറയുന്നത്.

കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:-

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള നടന്‍ ജഗദീഷിന്റെ പത്രസമ്മേളനം കണ്ടപ്പോള്‍ അത്ഭുതം തോന്നി. ഇത്രയും നല്ലൊരു മനുഷ്യന്‍ ‘A.M.M.A’ എന്ന സംഘടനയുടെ തലപ്പത്ത് ഉണ്ടാകുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല! എഴുപതാം വയസ്സിന്റെ പടിവാതിലില്‍ നില്‍ക്കുന്ന ആളാണ് ജഗദീഷ്.

അദ്ദേഹവും അഭിനേത്രി ശാരദയും തമ്മില്‍ ഭയങ്കരമായ പ്രായവ്യത്യാസമില്ല. ജഗദീഷും ശാരദയും ഒരേ തലമുറയുടെ പ്രതിനിധികളാണെന്ന് വേണമെങ്കില്‍ വിലയിരുത്താവുന്നതാണ്. ശാരദ ഹേമ കമ്മിറ്റിയുടെ ഭാഗമായിരുന്നു. മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന വേദനകളെക്കുറിച്ച് ശാരദയ്ക്ക് വ്യക്തമായ ബോദ്ധ്യമുണ്ട്.

പക്ഷേ മോശമായ വസ്ത്രധാരണം മൂലമാണ് സ്ത്രീകള്‍ റേപ്പ് ചെയ്യപ്പെടുന്നത് എന്ന ധ്വനിയുള്ള അഭിപ്രായം ശാരദ പങ്കുവെച്ചിരുന്നു. ചെറിയ കുഞ്ഞുങ്ങളും അമ്മൂമ്മമാരും വരെ ആക്രമിക്കപ്പെടുന്ന നാടാണിത്. അപ്പോള്‍ സ്ത്രീയുടെ വസ്ത്രധാരണമല്ല പ്രശ്‌നം. എന്നിട്ടും ശാരദ അതുപോലൊരു കമന്റ് പറഞ്ഞു.

അത് അവരുടെ പ്രായത്തിന്റെ കുഴപ്പമാകാം. വയസ്സാവുമ്പോള്‍ വിപ്ലവകാരികള്‍ പോലും പിന്തിരിപ്പന്‍ നിലപാടുകള്‍ സ്വീകരിക്കാറുണ്ട്! പക്ഷേ 68-കാരനായ ജഗദീഷ് സിനിമയിലെ അതിജീവിതമാരെ ‘പക്ഷേ’കളില്ലാതെ പിന്തുണച്ചു. മനുഷ്യത്വത്തിന്റെ ഭാഷയില്‍ സംസാരിച്ചു. അതിന് എത്ര കയ്യടികള്‍ നല്‍കിയാലും അധികമാവില്ല.

നടി ജോമോളും ഈ വിഷയത്തില്‍ പത്രസമ്മേളനം നടത്തിയിരുന്നു. സിനിമയിലെ സ്ത്രീകള്‍ക്ക് കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ല എന്ന് സമര്‍ത്ഥിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതാണ് പാട്രിയാര്‍ക്കിയുടെ ഭീകരത. സത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ ന്യായീകരിക്കാന്‍ ഒരു സ്ത്രീ തന്നെ മുന്നോട്ടുവരുന്ന ദുരവസ്ഥ!

തന്നോട് ആരും ഇതുവരെ മോശമായി പെരുമാറിയിട്ടില്ല എന്നാണ് ജോമോള്‍ പറയുന്നത്. അതുകൊണ്ട് സിനിമാ വ്യവസായം മൊത്തത്തില്‍ വിശുദ്ധമാണെത്രേ! ”ഞാന്‍ ദുബായ് കണ്ടിട്ടില്ല ; അതുകൊണ്ട് ദുബായ് ഇല്ല” എന്ന് പറയുന്നത് പോലൊരു ലോജിക്. ഇക്കാര്യത്തില്‍ ജഗദീഷ് പറഞ്ഞ അഭിപ്രായം ഇങ്ങനെയാണ്- ”ഇങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ ഞാന്‍ കണ്ടിട്ടില്ല.

പക്ഷേ താന്‍ ഉപദ്രവിക്കപ്പെട്ടു എന്ന് ഒരു സ്ത്രീ പറയുമ്പോള്‍ നാം അതിനെപ്പറ്റി അന്വേഷിക്കണം. ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളെ അവിശ്വസിക്കേണ്ട കാര്യമില്ല…”. മോശം പെരുമാറ്റം നേരിട്ട സ്ത്രീകള്‍ എന്തുകൊണ്ട് ഇത്രയും കാലം മൗനം പാലിച്ചു എന്ന ചോദ്യം ചിലര്‍ ഉന്നയിച്ചിരുന്നു. ജഗദീഷ് അതിന് വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ട്- ”പരാതി പറയാനുള്ള വേദി അവര്‍ക്ക് ഇപ്പോഴാണ് കിട്ടിയത്.

എത്ര വര്‍ഷങ്ങള്‍ക്കുമുമ്പ് സംഭവിച്ചതായാലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം…” ഇത്രയേറെ ക്ലാരിറ്റിയോടെ സംസാരിക്കുന്ന ജഗദീഷിനെ ‘A.M.M.A’ അര്‍ഹിക്കുന്നില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ സിനിമാ മേഖലയിലെ പ്രമുഖരുടെ പ്രതികരണങ്ങള്‍ നാം കണ്ടതല്ലേ? ചിലര്‍ റിപ്പോര്‍ട്ടിനെ പരിഹസിച്ച് ചിരിച്ചു. കുറച്ചുപേര്‍ പത്രസമ്മേളനത്തില്‍ അഭിനയിച്ച് മെഴുകി. ചിലര്‍ പഠിച്ചിട്ട് പ്രതികരിക്കാം എന്ന് പറഞ്ഞ് കൈകഴുകി.

അവര്‍ക്കിടയില്‍ ഒരു റിബലായി ജഗദീഷ് നിലകൊള്ളുകയാണ്. ”ഒറ്റപ്പെട്ട സംഭവം” എന്ന് പറഞ്ഞ് തടിയൂരാന്‍ നോക്കിയ സിനിമാക്കാരെ മുഴുവനും ജഗദീഷ് വാക്കുകളുടെ ചാട്ടവാര്‍ കൊണ്ട് പ്രഹരിച്ചിരിക്കുന്നു! മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ജഗദീഷിന്റെ മുഖത്ത് അസാധാരണമായ ആത്മവിശ്വാസമുണ്ട്.

ഒരു സ്ത്രീയോടും താന്‍ മോശമായി പെരുമാറിയിട്ടില്ല എന്ന ധൈര്യം. ഒരാളും തനിക്കെതിരെ പരാതി പറയില്ല എന്ന ഉറപ്പ്. അതാണ് ജഗദീഷിന്റെ കൈമുതല്‍. അതിനുമാത്രം നല്‍കാം ഹൃദയത്തില്‍ നിന്നൊരു സല്യൂട്ട് എന്ന പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

More in Malayalam

Trending