സാഹോയില്‍ ശ്രദ്ധയ്ക്ക് പിന്നാലെ ബോളിവുഡ് താരസുന്ദരി ജാക്വിലിനും പ്രഭാസിനൊപ്പം !
By
ഏവരും കാത്തിരുന്ന സിനിമയാണ് പ്രഭാസിന്റെ സാഹോ .ബാഹുബലി സീരിസിന്റെ വമ്പന്‍ വിജയത്തിന് ശേഷം പ്രഭാസിന്റെതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് സാഹോ. ഏറെ നാള്‍ മുന്‍പ് പ്രഖ്യാപിച്ച സിനിമ അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. സാഹോയുടെതായി നേരത്തെ പുറത്തിറങ്ങിയ ടീസര്‍ തരംഗമായി മാറിയിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കികൊണ്ടാണ് സിനിമ അണിയിച്ചൊരുക്കുന്നത്. സാഹോയുടെ വരവ് ആഘോഷമാക്കുകയാണ് ആരാധകർ
ഇത്തവണയും വലിയ ക്യാന്‍വാസില്‍ തന്നെയാണ് പ്രഭാസ് ചിത്രം എടുത്തിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇതിനിടെ ചിത്രത്തെ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ബോളിവുഡില്‍ നിന്നും മറ്റൊരു താരം കൂടി സാഹോയില്‍ എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
ബാഹുബലി 2 പുറത്തിറങ്ങി രണ്ട് വര്‍ഷത്തിന് ശേഷമാണ് പ്രഭാസിന്റെ പുതിയ ചിത്രം എത്തുന്നത്. ആക്ഷന്‍ എന്റര്‍ടെയ്‌നറായ സാഹോ ആരാധകര്‍ക്ക് ഒന്നടങ്കമുളള ഒരു വിരുന്ന് തന്നെയാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. സാഹോയിലെ സൂപ്പര്‍ താരത്തിന്റെ പ്രകടനം കാണാനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 300 കോടി ബഡ്ജറ്റില്‍ അണിയിച്ചൊരുക്കുന്ന സിനിമ സുജിത് റെഡ്ഡിയാണ് സംവിധാനം ചെയ്യുന്നത്.
സാഹോയില്‍ പ്രഭാസിന്റെ നായികയായി ബോളിവുഡ് താരസുന്ദരി ശ്രദ്ധ കപൂറാണ് എത്തുന്നത്. സിനിമയുടെതായി പുറത്തുവിട്ട ടീസറുകളില്‍ എല്ലാം പ്രഭാസിനൊപ്പം നടിയും തിളങ്ങിയിരുന്നു. മലയാളത്തില്‍ നിന്നും ലാലും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, ജാക്കി ഷെറോഫ്, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ആഗസ്റ്റ് പതിനഞ്ചിനാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അറിയുന്നത്. ഒരു ഗാന ചിത്രീകരണത്തിനായി ഓസ്ട്രിയയിലേക്ക് സാഹോ ടീം പോയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയിലെ ഒരു സ്‌പെഷ്യല്‍ സോംഗിനു വേണ്ടിയാണ് ഇവര്‍ പോയതെന്നാണ് അറിയുന്നത്. പ്രഭാസിനും ശ്രദ്ധ കപൂറിനും പുറമെ ബോളിവുഡ് താരസുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്ടസും ഷൂട്ടിംഗിന് ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സാഹോയുടെ സ്‌പെഷ്യല്‍ സോംഗില്‍ ജാക്വിലിനും അഭിനയിച്ചതയാണ് അറിയുന്നത്. ഗാനരംഗത്തിന് പുറമെ സിനിമയിലെ കുറച്ച് സീനുകളിലും നടി എത്തുമെന്നാണ് അറിയുന്നത്. ഓസ്ട്രിയയില്‍ വെച്ച് തന്നെയാണ് ഇതിന്റെ ഷൂട്ടിംഗ് നടന്നിരിക്കുന്നതെന്നും അറിയുന്നു. ബാദ്ഷായാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സാഹോയുടെ മൂന്ന് ദിവസത്തെ ഷൂട്ടിംഗിലാണ് നടി പങ്കെടുത്തത്. കഴിഞ്ഞ ദിവസം ഓസ്ട്രിയയില്‍ നിന്നുളള സാഹോയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പ്രഭാസ് പങ്കുവെച്ചിരുന്നു.
അതേസമയം ആദ്യ ടീസറിന് പിന്നാലെ സാഹോയിലെ പുതിയ ഗാനം ഉടന്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സൈക്കോ സൈയാന്‍ എന്നു തുടങ്ങുന്ന ഗാനമാണ് സിനിമയുടെതായി വരുന്നത്. പാട്ടിന്റെ തെലുങ്ക്,ഹിന്ദി,തമിഴ് വേര്‍ഷനുകളാണ് റിലീസിങ്ങിനൊരുങ്ങുന്നത്. ഒരു പാര്‍ട്ടി സോംഗായിരിക്കും ഇതെന്നാണ് അറിയുന്നത്. പ്രഭാസും ശ്രദ്ധ കപൂറുമാണ് ഗാനരംഗത്ത് എത്തുന്നത്.
jacqueline fernandez shoots with baahubali star prabhas for a song in saaho