Malayalam
സുരേഷ് ഗോപി കേന്ദ്രമന്തിയാകില്ല?, ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കില്ലെന്ന് വിവരം; ഇപ്പോഴും തിരുവനന്തപുരത്തെ വസതിയില്‍!
സുരേഷ് ഗോപി കേന്ദ്രമന്തിയാകില്ല?, ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കില്ലെന്ന് വിവരം; ഇപ്പോഴും തിരുവനന്തപുരത്തെ വസതിയില്‍!
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സുരേഷ് ഗോപി അപ്രതീക്ഷിത വിജയം കൈവരിച്ചത്. മൂന്നാം തവണ തൃശൂരില്‍ മത്സരിച്ച് അദ്ദേഹം സീറ്റുറപ്പിച്ചിരിക്കുകയാണ്. രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് കൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ അപ്രതീക്ഷിത വിജയം. നേമം നിയമസഭാ മണ്ഡലത്തില്‍ ഒ. രാജഗോപാല്‍ വിജയിച്ചതിനുശേഷം ബിജെപിയുടെ ചരിത്രനേട്ടമാണിത്.
ബിജെപിയുടെ പ്രമുഖ നേതാക്കള്‍ക്ക് ആര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത വിജയം. പ്രിയ താരത്തിന് ആശംസകള്‍ നേര്‍ന്ന് സിനിമാലോകം മുഴുവനും എത്തിയിരുന്നു. സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടുവെന്നും ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സുരേഷ് ഗോപി ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കില്ലെന്നും സൂചനയുണ്ട്.
ഇന്ന് അദ്ദേഹം തിരുവനന്തപുരത്ത് തന്നെ തുടരുന്നുവെന്നാണ് വിവരം. ഉച്ചയ്ക്ക് വിമാനത്തില്‍ ഡല്‍ഹിയ്ക്ക് പോയേക്കുമെന്നും കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാവിലെ ചില ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുമെന്ന് നേരത്തേ കേട്ടിരുന്നെങ്കിലും അതും ഉണ്ടായിട്ടില്ല. ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാനും അദ്ദേഹം തയ്യാറായിട്ടില്ല. മന്ത്രിയാവാന്‍ ബിജെപി കേന്ദ്ര നേതൃത്വം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് വിവരം.
ഞായറാഴ്ച രാവിലെ 11.30ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിയുക്ത കേന്ദ്ര മന്ത്രിമാര്‍ക്ക് ചായസല്‍ക്കാരം നല്‍കുന്നുണ്ട്. സല്‍ക്കാരത്തിനിള്ള ക്ഷണം പല നിയുക്ത മന്ത്രിമാര്‍ക്കും ഇതിനോടം ലഭിച്ചിട്ടുമുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇതുസംബന്ധിച്ച അറിയിപ്പൊന്നും സുരേഷ്‌ഗോപിയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് വിവരം. രാത്രി 7.15ന് ചുമതലയേല്‍ക്കുന്ന കേന്ദ്രമന്ത്രിമാര്‍, സഹമന്ത്രിമാര്‍, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍ എന്നിവര്‍ക്കാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ ചായ സല്‍ക്കാരം നല്‍കുന്നത്.
രണ്ടു ഘട്ടമായിട്ടായിരിക്കും മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുകയെന്നാണ് ലഭിക്കുന്ന വിവരം. ബിജെപിയിലെയും ഘടകകക്ഷികളിലേയും പ്രധാനപ്പെട്ട നേതാക്കള്‍ മാത്രമായിരിക്കും ഞായറാഴ്ച മന്ത്രിമാരായും സഹമന്ത്രിമാരായും ചുമതലയേല്‍ക്കുക. ജി7 ഉച്ചകോടി കഴിഞ്ഞ് 15ന് പ്രധാനമന്ത്രി മടങ്ങിവന്നശേഷമാകും മന്ത്രിസഭയുടെ രണ്ടാംഘട്ട വികസനം ഉണ്ടാവുക. ഈ ഘട്ടത്തിലാവും സുരേഷ് ഗോപിയെ പരിഗണിക്കുക എന്നാണ് സൂചന. എന്നാല്‍ ഇതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. മോദിജി സുരേഷ് ഗോപിയെ തഴഞ്ഞോ… അദ്ദേഹം എന്ത്‌കൊണ്ടാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യാത്തത്, എന്ത് പറ്റി എന്ന് തുടങ്ങി നിരവധി പേര്‍ ആശങ്കയറിയിക്കുന്നുണ്ട്.
അതേസമയം, ബിഗ് ബഡ്ജറ്റുകള്‍ ഉള്‍പ്പടെ നാലുസിനിമകളാണ് സുരേഷ്‌ഗോപിക്ക് പൂര്‍ത്തിയാക്കാനുള്ളത്. ഇതില്‍ പകുതി പൂര്‍ത്തിയാക്കിയതും ഉള്‍പ്പെടും. സിനിമയുടെ ജോലികള്‍ എല്ലാം തീര്‍ക്കാന്‍ ചുരുങ്ങിയത് രണ്ടുവര്‍ഷമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭയിലേക്ക് എത്തുന്നത് ഇതിന് തടസമാകുമെന്ന ആശങ്ക നേരത്തേ തന്നെ സുരേഷ് ഗോപി നേതൃത്വത്തിനെ അറിയിച്ചിരുന്നു.
ഇന്ന് വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവന്‍ അങ്കണത്തിലാണ് നരേന്ദ്രമോദിയുടെ എന്‍.ഡി.എ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും.
രാഷ്ട്രത്തലവന്‍മാര്‍, മതമേലദ്ധ്യക്ഷന്‍മാര്‍, ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ റാറ്റ് മൈനേഴ്‌സ്, വന്ദേഭാരത് ട്രെയിന്‍ നിര്‍മ്മിക്കുന്ന റെയില്‍വേ ജീവനക്കാര്‍, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കള്‍, ‘വികസിത് ഭാരത്’ അംബാസഡര്‍മാര്‍ തുടങ്ങി 9000ത്തോളം അതിഥികള്‍ പങ്കെടുക്കും.ചടങ്ങിന്റെ ഭാഗമായി ഡല്‍ഹിയില്‍ മൂന്നുനിര സുരക്ഷ ഒരുക്കി.
ടി.ഡി.പിക്കും ജെ.ഡി.യുവിനും ഒരു ക്യാബിനറ്റ് മന്ത്രിയും രണ്ട് സഹമന്ത്രിമാരും ഇരു സംസ്ഥാനങ്ങള്‍ക്കും കൂടുതല്‍ സഹായ പാക്കേജുകളുമാണ് വാഗ്ദാനം. എല്‍.ജെ.പി, ശിവസേന, എന്‍.സി.പി. ജെ.ഡി.എസ്, അപ്‌നാദള്‍ എന്നിവര്‍ക്ക് ഒരു ക്യാബിനറ്റ് മന്ത്രി അല്ലെങ്കില്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയെ ലഭിച്ചേക്കും. ജനസേനയ്ക്ക് സഹമന്ത്രിയും.ഇക്കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയ്ക്കും മികച്ച പരിഗണന ലഭിച്ചേക്കും.