Sports
ടീം ഇന്ത്യ ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക്!
ടീം ഇന്ത്യ ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക്!
ക്രിക്കറ്റിന്റെ ജന്മനാടായ ഇംഗ്ലണ്ടിലേക്ക് മൂന്നാം കിരീടം ലക്ഷ്യമിട്ട് വിരാട് കോഹ്ലിയും സംഘവും ഇന്ന് യാത്ര തിരിക്കും. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുന്നതിന് മുന്‍പായി ന്യൂസിലന്‍ഡുമായി ഇന്ത്യ സന്നാഹ മത്സരം കളിക്കും. അതേസമയം ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്ന ഈ ലോകകപ്പ് വെല്ലുവിളകള്‍ നിറഞ്ഞതാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
കൂടുതല്‍ ഓള്‍റൗണ്ടര്‍മാരുള്ള ടീം ഇന്ത്യയ്ക്കാണ് കിരീടം നേടാന്‍ കൂടുതല്‍ സാധ്യതയെന്ന് മുന്‍താരങ്ങള്‍ അഭിപ്രായപ്പെട്ടു. വിരാട് കോഹ്ലിയും എം.എസ് ധോണി, രോഹിത് ശര്‍മ്മ,ശിഖര്‍ ധവാന്‍ എന്നിവര്‍ നയിക്കുന്ന ബാറ്റിംഗ് നിര ഏത് ബൗളര്‍മാരേയും നേരിടാന്‍ കെല്‍പ്പുള്ളവരാണ്. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമായിരിക്കും ഇന്ത്യയ്ക്കായി ഓപ്പണിംഗിനിറങ്ങുക. ഓള്‍റൗണ്ടര്‍മാരായി വിജയ് ശങ്കര്‍, ഹര്‍ദിക് പാണ്ട്യ, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ എന്നീ നാലുപേരും വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരായി മുന്‍ക്യാപ്റ്റന്‍ എം.എസ് ധോണി, ദിനേശ് കാര്‍ത്തിക്ക്, ലോകേഷ് രാഹുല്‍ എന്നിവരും ബൗളിംഗ് നിരയില്‍ കുന്തമുനയായി ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവരുമുണ്ടാകും.
പത്ത് ടീമുകള്‍ മാറ്റുരയ്ക്കുന്ന ലോകകപ്പില്‍ ഓരോ ടീമും ഒന്‍പത് മത്സരങ്ങള്‍ കളിക്കും. കൂടുതല്‍ പോയിന്റ് കിട്ടുന്ന നാല് ടീമുകള്‍ സെമിയില്‍ എത്തും. ജൂലൈ 15നാണ് ഫൈനല്‍.
india going london for worldcup cricket
